കടുവയുടെ കഴുത്തിലെ മുറിവിന് പിന്നില്‍ വേട്ട സംഘമോ: അന്വേഷിക്കാന്‍ വനം വകുപ്പ്
കൊച്ചി: വയനാട് കുറുക്കന്‍ മൂലയില്‍ ആശങ്ക പടർത്തുന്ന കടുവയുടെ ആഴത്തിലുള്ള മുറിവില്‍ ദുരൂഹത. കടുവ വേട്ട സംഘങ്ങളില്‍ നിന്നാണോ ഇത്തരമൊരു മുറിവ് പറ്റിയതെന്നാണ് വനം വകുപ്പിന്റെ സംശയം. അതിനാല്‍ തന്നെ അന്വേഷണത്തിന് ഉത്തവിടാനാണ് വനം വകുപ്പിന്റെ തീരുമാനം. നേർത്ത ഇരുമ്പു കമ്പികൊണ്ടുള്ള കുടുക്ക് ഉപയോഗിച്ചാണ് വേട്ടസംഘങ്ങള്‍ കടുവക്ക് കുടുക്ക് ഇടാറുള്ളത്. ഇത്തരത്തിലൊരുക്കിയ കെണിയില്‍ കുരുങ്ങിയതിന് ശേഷം രക്ഷപ്പെട്ടപ്പോള്‍ സംഭവിച്ചതാവാം ഈ മുറിവെന്നാണ് വനം വകുപ്പ് സംശയിക്കുന്നത്.
കടുവയെ ജീവനോടെ പിടികൂടാന്‍ സാധിച്ചാല്‍ മുറിവ് പരിശോധിച്ച് ചികിത്സ നല്‍കുന്നതിനൊപ്പം തന്നെ അന്വേഷണവും നടത്താനാണ് ആലോചന. ബന്ദിപ്പൂർ കാടുകളിൽ ഇത്തരത്തിലുള്ള കടുവ സംഘത്തിന്റെ സാന്നിധ്യം മുമ്പ് സംശയിച്ചിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിൽ വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് മേഖലയിൽ അഞ്ചുവയസ്സുള്ള പെൺകടുവയുടെ ജഡം കണ്ടെത്തിയതും സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു. കഴുത്തിലെ മുറിവിൽനിന്ന് ശരീരത്തിലേക്ക് അണുബാധയുണ്ടായതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കടുവകളെ വേട്ടയാടുന്ന ഉത്തർപ്രദേശിലെ നാടോടി ഗോത്രവർഗമായ ബാവരിയ സംഘം കേരള-തമിഴ്‌നാട് അതിർത്തിയിലെത്തിയതായുള്ള ഇന്റലിജന്‍സ് റിപ്പോർട്ടും വനംവകുപ്പിന് ലഭിച്ചിരുന്നു.
അതേസമയം, കടുവയെ പിടിക്കാത്തതില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ കർഷക സംഘടനയായ വി ഫാം ഫാർമേർസ് ഫൌണ്ടേഷന്‍ തീരുമാനിച്ചു. 17 വളർത്ത് മൃഗങ്ങളെയാണ് 22 ദിവസത്തിനുള്ളിൽ കടുവ ഭക്ഷണമാക്കി മാറ്റിയത്. പുറത്തിറങ്ങാൻ പോലും ജനങ്ങൾ ഭയപ്പെടുന്ന സ്ഥലത്തിന്റെ പേരാണ് വയനാട് ജില്ലയിലെ മാനന്തവാടിയിലുള്ള കുറുക്കൻമൂല പ്രദേശം. കൃഷി ചെയ്തും കന്നുകാലികളെ വളർത്തിയും ഉപജീവനം നടത്തുന്ന പാവപ്പെട്ട കർഷകർ താമസിക്കുന്ന മേഖലയാണിത്. ഒരു വീട്ടിൽ തന്നെ മൂന്ന് ആടുകളെയാണ് കടുവ ഭക്ഷണമാക്കിയത്. ജീവനിൽ പേടിച്ച് ഒന്ന് ഒച്ചവെക്കാൻ പോലും കഴിയാതെ വളർത്ത് മൃഗങ്ങളെ കടുവ കടിച്ച് കീറി ഭക്ഷണമാക്കുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന സാധാരണക്കാരായ കർഷകരാണ് അവിടെയുള്ളതെന്നും സംഘടന പ്രതിനിധികള്‍ പറയുന്നു.
വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം വന്യജീവികൾക്കുള്ള സംരക്ഷണവും പരിരക്ഷയും വനത്തിനകത്ത് മാത്രമാക്കി നിജപ്പെടുത്താൻ സാധിക്കണം. കർഷകന്റെ കൃഷിഭൂമിയിൽ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിരക്ഷ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്ന് കുറുക്കൻമൂലയിലെ ദയനീയ ചിത്രങ്ങൾ ഓർമ്മപ്പെടുത്തുന്നു. 22 ദിവസമായി കടുവ ഭീതി സൃഷിടിക്കുന്ന ഈ പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ മുഴുവാനായും ഉണ്ട്. ശീമക്കൊന്നയുടെ വടിയും , നാല് പടക്കവും , കുറച്ച് ഇരുമ്പ് കൂടുകളുമായി കടുവയുടെ വരവും കാത്ത് റോഡരികിൽ അവർ കാത്തിരിക്കുകയാണ് . കടുവയുടെ മുന്നിൽ ശീമക്കൊന്നയുടെ വടി മാത്രം മതിയേന്ന് ഇനിയെങ്കിലും ഭരണകൂടം വിലയിരുത്തണം.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11 (1) (a), 11 (1) (b) വകുപ്പുകൾ ഏതവസരത്തിലാണ് ഉപയോഗിക്കേണ്ടതെന്ന് നമ്മുടെ വനം വകുപ്പ് മേലധികാരികൾ ഇനിയെങ്കിലും പഠിക്കണം. അവർ പഠിക്കാൻ തയ്യാറായില്ലെങ്കിൽ നമ്മൾ കർഷകർ അവരെ പഠിപ്പിക്കാൻ തയ്യാറാവണം. *മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന ഏതുതരം മൃഗത്തെയും നശിപ്പിക്കാൻ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവ് ഇടാമെന്നാണ് മേൽ വകുപ്പുകളിൽ പറയുന്നത്. നിയമം അറിഞ്ഞിട്ടും ശീമക്കൊന്ന വടിയും വെട്ടി കടുവയെ പിടിക്കാൻ റോന്ത് ചുറ്റാൻ കല്പന കൊടുത്ത വനം മന്ത്രിയേയും / ചീഫ് വൈൽഡ് ലൈഫ് വാർഡനെയും തെരുവിൽ തടയാൻ കർഷകർ തയ്യാറാവണമെന്നും സംഘടന ആവശ്യപ്പെട്ടു.
വനിതാ പ്രാതിനിധ്യമുണ്ട്, സംഘടനയുടെ പേര് അച്ഛന് എന്നല്ലല്ലോ, മണിയന്‍പ്പിള്ള രാജുവിന്റെ മറുപടി വൈറല്‍