വയനാട്ടില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍; 2018ല്‍ രജിസ്റ്റര്‍ ചെയ്തത് 157 കേസുകള്‍
കല്‍പ്പറ്റ: വയനാട്ടില്‍ ഓരോ വര്‍ഷം പിന്നിടും തോറും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. 2010 മുതല്‍ 2018 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എട്ട് വര്‍ഷത്തിനിടയില്‍ 21 കേസുകളില്‍ നിന്നും 157 ആയി ഉയര്‍ന്നതായി കാണാം. ഇതില്‍ 2017, 18 വര്‍ഷങ്ങളില്‍ കുട്ടികള്‍ക്കെതിരെ നടന്നത് 157 കുറ്റകൃത്യങ്ങളാണ്.
ഇതുവരെ 2019-ലെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. ഇക്കാലയളവില്‍ 2011ല്‍ ഒന്ന്, 2013ല്‍ ഒന്ന്, 2015ല്‍ നാല് എന്നിങ്ങനെകൊലപാതക കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതക കേസുകള്‍ക്ക് പുറമെ ലൈംഗികാതിക്രമം, തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യാ പ്രേരണ, പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിക്കല്‍, മറ്റ് കേസുകള്‍ എന്നിവയാണ് പ്രധാനമായും കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍.
2010ല്‍ എട്ട് ലൈംഗികാതിക്രമ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2018 ആയപ്പോഴേക്കും അത് 62ലെത്തി. 2010 മുതല്‍ 2018 വരെ കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമങ്ങള്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. 2010ലും 11ലും എട്ട് കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 2012ല്‍ ഇത് 10 ആയി ഉയര്‍ന്നു. 2013ല്‍ 21 ആയി ഉയര്‍ന്ന ഈ കുറ്റകൃത്യം 2014ല്‍ ഇരട്ടിയായി വര്‍ധിച്ചു. 42 കേസുകളാണ് ആ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
2015ല്‍ രജിസ്റ്റര്‍ ചെയ്ത 66 കേസുകളാണ് ഇക്കാലയളവില്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമകേസുകള്‍. 2018-ല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകളും ഇത്തരത്തില്‍ ക്രമാധീതമായി വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
2012ല്‍ ഏഴ് കേസുകളാണെങ്കില്‍ 2018ല്‍ 11 ആയി ഉയര്‍ന്നു. ഇവയിലൊന്നും പെടാത്ത കുറ്റകൃത്യങ്ങളും ഓരോ വര്‍ഷം കഴിയുംതോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. 2010-21, 2011-45, 2012-41, 2013-70, 2014- 100, 2015-126, 2016-118, 2017-157, 2018-157 എന്നിങ്ങനെയാണ് കുട്ടികള്‍ക്കെതിരെ കഴിഞ്ഞ എട്ട് വര്‍ഷമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍.