കല്‍പ്പറ്റ: റിസോര്‍ട്ടുകളുടെയും ഭക്ഷണശാലകളുടെയും മാലിന്യം സ്വന്തം ചിലവില്‍ കുഴിച്ചുമൂടി നഗരസഭ
കല്‍പ്പറ്റ: റിസോര്‍ട്ടുകളുടെയും ഭക്ഷണശാലകളുടെയും മാലിന്യം സ്വന്തം ചിലവില്‍ കല്‍പ്പറ്റ നഗരസഭ കുഴിച്ചുമൂടുന്നു. കല്‍പ്പറ്റ ബൈപ്പാസിലെ ഗൂഡലായിക്കുന്നിലെ ശ്മശാനത്തിന് സമീപത്താണ് സ്വകാര്യവാഹനത്തില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നത്. സംഭവം പുറംലോകമറിഞ്ഞതോടെ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകള്‍ രംഗത്തെത്തി.
മാലിന്യപ്രശ്‌നം ഇത്ര രൂക്ഷമായിട്ടും ഫലപ്രദമായ നടപടിയെടുക്കാതെ വന്‍കിടക്കാരുടെ മാലിന്യങ്ങള്‍ മാത്രം സ്വന്തം ചെലവില്‍ കുഴിച്ചുമൂടുന്നതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി റോഡരുകില്‍ നട്ട തൈകള്‍ അടക്കം മൂടുന്ന വിധത്തിലാണ് നിലവില്‍ മാലിന്യങ്ങള്‍ തള്ളുന്നത്. കല്‍പ്പറ്റ നഗരസഭയിലെ പതിനഞ്ചാം ഡിവിഷനായ കുട്ടിക്കുന്നിലും പരിസരത്തുമുള്ള റിസോര്‍ട്ടുകളില്‍ നിന്നുള്ള മാലിന്യമാണ് ശ്മശാനത്തിന് സമീപത്ത് കൂട്ടത്തോടെ തള്ളുന്നത്. മുന്‍ യു.ഡി.എഫ് ഭരണസമിതി കൊണ്ടുവന്ന വീടുകളില്‍ നിന്ന് മാലിന്യം നേരിട്ട് കലക്ട് ചെയ്യുന്ന ഹരിതസേനയെയും വെള്ളാരംകുന്നില്‍ ആരംഭിച്ച മാലിന്യസംസ്‌കാരണ പ്ലാന്റും നോക്കുകുത്തിയാക്കിയാണ് നഗരസഭ അധികൃതര്‍ വന്‍കിടക്കാരുടെ മാലിന്യം റോഡ് സൈഡില്‍ കൂട്ടിയിടുന്നത്.

നേരത്തെ യു ഡി എഫ് ഭരണസമിതി കല്‍പ്പറ്റ വെള്ളാരംകുന്നില്‍ അത്യാധുനീകരീതിയില്‍ മാലിന്യസംസ്‌ക്കരണ പ്ലാന്റ് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇവിടെ മാലിന്യം സംസ്‌ക്കരിക്കാനുള്ള നടപടികളൊന്നും സ്വീകരിക്കാന്‍ നഗരസഭയിലെ ഇപ്പോഴത്തെ ഭരണസമിതിക്ക് സാധിച്ചിട്ടില്ല. നിലവില്‍ ലക്ഷങ്ങള്‍ മുടക്കി ബൈപ്പാസില്‍ നിര്‍മ്മിച്ച മത്സ്യമാംസ മാര്‍ക്കറ്റിലാണ് മാലിന്യം വേര്‍തിരിക്കുന്നത്. ഈ മാര്‍ക്കറ്റ് ഇതുവരെ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചിട്ടില്ല.
ഇടതുനഗരസഭ ഭരണമേറ്റെടുത്തതിന്റെ ആവേശത്തില്‍ നഗരസഭയിലെ ആരോഗ്യവകുപ്പിനെ ഉപയോഗിച്ച് വ്യാപക റെയ്ഡ് നടത്തിയിരുന്നു. റോഡോരത്ത് കൂട്ടിയിട്ടിരുന്ന മാലിന്യങ്ങളില്‍ നിന്ന് വിലാസം നോക്കി വരെ പിഴ ഈടാക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി ഭരിക്കുന്ന ബാങ്കിനും ഇത്തരത്തില്‍ പിഴ ഈടാക്കിയതോടെ റെയ്‌ഡെന്ന പ്രഹസനം നഗരസഭക്ക് നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. നിലവില്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. അടിയന്തരമായി ഇവ സംസ്‌ക്കരിച്ചില്ലെങ്കില്‍ രോഗങ്ങള്‍ പടരുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.












Click it and Unblock the Notifications