വയനാട്ടില്‍ കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തറി; എല്‍ ഡി എഫിനൊപ്പം നില്‍ക്കുന്നതില്‍ പ്രതിഷേധം ശക്തം; യൂത്ത്ഫ്രണ്ട് ജില്ലാപ്രസിഡന്റടക്കം കോണ്‍ഗ്രസിലേക്ക്
സുല്‍ത്താന്‍ബത്തേരി: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ ജില്ലാ നേതൃത്വത്തിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി. വയനാട്ടിലെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നിലപാടില്ലായ്മയില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് ജില്ലാപ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, സെക്രട്ടറി എം സി ബിനു, ബത്തേരി മുന്‍സിപ്പല്‍ സെക്രട്ടറി ഷിനോജ് പാപ്പച്ചന്‍ എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്. ബത്തേരിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് ഇവര്‍ രാജിക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തൊട്ടാകെ കേരളാ കോണ്‍ഗ്രസ് എം യു ഡി എഫിന്റെ ഭാഗത്ത് നിലകൊള്ളുമ്പോള്‍ വയനാട്ടില്‍ എല്‍ ഡി എഫുമായിട്ടാണ് ജില്ലാനേതൃത്വം സഹകരിക്കുന്നത്. ഈ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല. സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി വയനാട്ടില്‍ എല്‍ ഡി എഫിനൊപ്പം നിലകൊള്ളുന്നത് ചില നേതാക്കളുടെ സി പി എം ഭക്തി കൊണ്ടാണ്. അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനൊപ്പം നിന്ന് മത്സരിക്കാമെന്ന് പാര്‍ട്ടി നേതൃത്വം ധാരണയിലെത്തിയിരിക്കുകയാണ്.

പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചവര്‍ക്ക് യാതൊരുവിധ വിലയും ഇവര്‍ കല്‍പ്പിക്കുന്നില്ല. ബത്തേരി നഗരസഭയില്‍ സി പി എമ്മിനൊപ്പം ചേര്‍ന്നാണ് പാര്‍ട്ടി നിലകൊള്ളുന്നത്. ഈ ധാരണ ജില്ല മുഴുവന്‍ വ്യാപിപ്പിച്ചതിന്റെ കാരണം ബോധ്യപ്പെടുത്താന്‍ ജില്ലാ നേതൃത്വത്തിന് സാധിക്കുന്നില്ല. പാര്‍ട്ടിയില്‍ അവശേഷിക്കുന്ന പല നേതാക്കളും പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലാണെന്നും യൂത്ത് ഫ്രണ്ട് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബത്തേരി നഗരസഭയില്‍ യു ഡി എഫിന്റെ ഭാഗമായി നിന്ന് നേതിയ ഏക മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സ്ഥാനം സി പി എമ്മിന് അടിയറവ് വെച്ചതില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ പ്രതിഷേധം ശക്തമാവുകയാണ്.
യുവജന വിഭാഗം നേതാക്കള്‍ രാജിവെച്ചത് കനത്ത തിരിച്ചടിയായി കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ നേതൃത്വത്തിന്റെ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുമെന്ന് രാജി വെച്ച നേതാക്കള്‍ വ്യക്തമാക്കി. സുല്‍ത്താന്‍ബത്തേരി നഗരസഭയിലെ ഭരണമാണ് കേരളാ കോണ്‍ഗ്രസില്‍ പ്രതിസന്ധിക്കിടയാക്കിയത്. യു ഡി എഫും എല്‍ ഡി എഫും 17 സീറ്റുകള്‍ വീതം നേടി തുല്യക പങ്കിടുന്ന സമയത്തായിരുന്നു കേരളാ കോണ്‍ഗ്രസ് എം അംഗം ടി എല്‍ സാബു ഇടതുചേരിയിലേക്ക് മാറുന്നത്. ഇതോടെ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് നഗരസഭയുടെ ഭരണം പിടിച്ചെടുത്തു.
ആദ്യ രണ്ട് വര്‍ഷം എല്‍ ഡി എഫിനും, പിന്നീട് ഒരു വര്‍ഷം കേരളാ കോണ്‍ഗ്രസ് എമ്മിനും, അവശേഷിക്കുന്ന രണ്ട് വര്‍ഷം വീണ്ടും എല്‍ ഡി എഫിന് എന്നിങ്ങനെയായിരുന്നു ധാരണ. ധാരണപ്രകാരം നിലവില്‍ കേരളാ കോണ്‍ഗ്രസ് അംഗമായ ടി എല്‍ സാബുവാണ് നഗരസഭാ ചെയര്‍മാന്‍. ഈ ചെയര്‍മാന്‍ സ്ഥാനം നഷ്ടമാവുമെന്നതാണ് എല്‍ ഡി എഫില്‍ തുടരാന്‍ കേരളാ കോണ്‍ഗ്രസ് ജില്ലാനേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ യുവജനനേതാക്കള്‍ രംഗത്തെത്തിയിട്ടുള്ളത്.
അതേസമയം, കേരള കോണ്‍ഗ്രസിന്റെ ഇരട്ടതാപ്പ് രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് രാജി വെച്ച യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍ അടക്കമുള്ളവര്‍ക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്ന് മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍, കുന്നത്ത് അഷ്‌റഫ്, സക്കരിയ മണ്ണില്‍, സഫീര്‍പഴേരി എന്നിവര്‍ പത്രസ മ്മേളനത്തില്‍ പറഞ്ഞു. ബത്തേരി മുനിസിപ്പാലിറ്റി ഭരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നവര്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ തന്നെയുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ കൂട്ടരാജിയെന്നും, ഒരു ജില്ലാ കമ്മറ്റി അങ്ങനെ തന്നെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത രീതിയാണെന്നും നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications