വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത് 30186 പേര്‍: അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി
കല്‍പ്പറ്റ: വയനാട്ടില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത് 30186 പേര്‍. 220 കുടുംബങ്ങളിലായി 8361 കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ക്യാംപുകളില്‍ കഴിയുന്നത്. അതേസമയം, വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടെ ജില്ലയിലെ പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നത് ആശ്വാസമായി. ശനിയാഴ്ച രാവിലെ എട്ടോടെ ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ 65 ല്‍ നിന്ന് 30 സെന്റിമീറ്ററായി കുറച്ചു.
നാലു ഷട്ടറുകളില്‍ ആദ്യത്തേത് പൂര്‍ണമായി അടച്ചു. ശേഷിക്കുന്ന മൂന്നു ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്. രണ്ടുദിവസം മുമ്പ് 265 സെന്റിമീറ്റര്‍ വരെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു. എങ്കിലും ജാഗ്രതാ മുന്നറിയിപ്പ് പിന്‍വലച്ചിട്ടില്ല. അതേസമയം, കാരാപ്പുഴ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ യഥാക്രമം 15, 20, 20 സെന്റിമീറ്ററായി കുറച്ചു.

വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഷട്ടറുകള്‍ 30 സെന്റിമീറ്ററായി ഉയര്‍ത്തിയിരുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ റിസര്‍വോയറില്‍ നിന്നു വെള്ളം ഒഴുക്കിവിടുന്നതും പരിമിതപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 44.54 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഈ മഴക്കാലത്ത് ഇതുവരെ 3248.13 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. വയനാട്ടില്‍ നിരവധി പേരാണ് ഇന്നും സഹായഹസ്തവുമായെത്തിയത്. മഴക്കെടുതിയെ സംബന്ധിച്ച വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് എമിലി സ്വദേശി ശാന്തകുമാരി കലക്ട്രേറ്റിലെത്തിയത് ഒരു ലക്ഷം രൂപയുമായി.
വാര്‍ധക്യസഹജമായ വിഷമതകള്‍ മറികടന്നാണ് ശാന്തകുമാരി കലക്ട്രേറ്റിലെത്തിയത്. കണ്ണൂര്‍ തളിപ്പറമ്പിലുണ്ടായിരുന്ന വീടും സ്ഥലവും വിറ്റാണ് ശാന്തകുമാരി വയനാട്ടിലെത്തിയത്. വീട് വിറ്റുലഭിച്ച പണത്തില്‍ നിന്നെടുത്ത വിഹിതമാണ് സഹായത്തിനായി ഉപയോഗിച്ചത്. മൂന്ന് ദിവസങ്ങളായി നിരന്തരം വാര്‍ത്തകളില്‍ കാലവര്‍ഷക്കെടുതികളാണ് കാണുന്നത്. തന്നാലാവുന്നത് ദുരിതബാധിതര്‍ക്കായി ചെയ്യണമെന്ന തോന്നലിലാണ് ശാന്തകുമാരി കലക്ട്രേറ്റിലെത്തിയത്.
ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നല്‍കി ദമ്പതിമാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാതൃകയായി. കുടുബശ്രീയുടെ ജില്ലയിലെ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ മെന്ററായ സുലൈമാന്‍ പതിയില്‍, ഭാര്യ എന്‍.എന്‍ അസീന എന്നിവരാണ് ഒരുലക്ഷം രൂപ കളക്ടറേറ്റിലെത്തി നേരിട്ട് സംസ്ഥാന എക്സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറിയത്. അസീന മലപ്പുറം കോട്ടക്കല്‍ രാജാസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപികയാണ്.
പനമരത്തെ ക്യാമ്പ് സന്ദര്‍ശിച്ചതിനുശേഷം ഇരുവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരുമാസത്തെ ശമ്പളത്തോടൊപ്പം ബാക്കി തുക കൂടി കൂട്ടിചേര്‍ത്ത് ഒരുലക്ഷം രൂപയാക്കി നല്‍കുകയായിരുന്നെന്ന് ഇവര്‍ പറഞ്ഞു. ജോലിയുടെ ഭാഗമായി ജില്ലയിലെ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ബുദ്ധിമുട്ടുകള്‍ അടുത്തറിഞ്ഞു. തുടര്‍ന്നു ഭാര്യയുമായി സംസാരിച്ച് ഇത്തരമൊരു തീരുമാനമെടുക്കുകയായിരുന്നെന്നും സുലൈമാന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications