ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരെ അധിക്ഷേപം: വയനാട് ജില്ലാ സെക്രട്ടറിയെ നീക്കി മുസ്ലിം ലീഗ്
കല്‍പ്പറ്റ: സമസ്ത അധ്യക്ഷൻ ജഫ്രി തങ്ങളെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട നേതാവിനെതിരെ നടപടിയുമായി മുസ്ലിം ലീഗ്. ജില്ലാ സെക്രട്ടറി യഹ്യാഖാൻ തലക്കലിനെ സ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടാണ് പാർട്ടിയുടെ നടപടി. 'വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ചില ചെപ്പടി വിദ്യകള്‍, നാണക്കേട്' എന്നായിരുന്നു ലീഗ് വയനാട് ജില്ലാ സെക്രട്ടറിയായ യഹ്യാഖാന്‍ സമസ്ത അധ്യക്ഷന് വധ ഭീഷണിയെന്ന വാർത്തയുടെ ചുവടെ കമന്‍റ് ചെയ്തത്.
ലീഗ് നേതാവിന്റെ കമന്റിനെതിരെ സമസ്ത് ഇകെ വിഭാഗം നേതാക്കളില്‍ നിന്നുള്‍പ്പടെ വലിയ തോതിലുള്ള വിമർശനമുയർന്നു. ഇതോടെ യഹ്യാഖാനെതിരെ നടപടിയെടുക്കാന്‍ ലീഗ് നിർബന്ധിതമാവുകയായിരുന്നു. കൽപ്പറ്റയിൽ നടന്ന മുസ്ലിം ലീഗ് ജില്ലാ ഭാരവാഹി യോഗമാണ് യഹ്യാഖാനെ സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനമെടുത്തത്. നേതാവിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും നടപടി തൃപ്തികരമല്ലെങ്കില്‍ തുടർനടപടികളുണ്ടാവുമെന്നും പാർട്ടി നേതാക്കള്‍ അറിയിച്ചു.
ഛണ്ഡീഗഡില്‍ എഎപിയെ പിളര്‍ക്കാന്‍ ബിജെപി, 3 കൗണ്‍സിലര്‍ക്ക് 50 ലക്ഷം, കോണ്‍ഗ്രസ് സഹായം തേടി

അതേസമയം, തന്റെ കമന്റ് ജിഫ്രി തങ്ങള്‍ക്കെതിരെ ആയിരുന്നില്ലെന്നും വാർത്ത നൽകിയ മാധ്യമത്തിന് എതിരെയായിരുന്നുവെന്നുമാണ് യഹ്യാഖാന്‍ വിശദീകരിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു യഹ്യാഖാന്റെ വിശദികരണം. നേരത്തെ പ്രളയ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളിലും യഹ്യാഖാന്റെ പേര് ഉയർന്ന് വന്നിരുന്നു. 'മാധ്യമ രംഗത്ത് അത്രയേറെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു മീഡിയ ജിഫ്രി തങ്ങളുമായി ബന്ധപ്പെട്ട വിഷയം മുസ്ലിം ലീഗിനും സമസ്തയ്ക്കും ഇടയിൽ വിള്ളലുകൾ സൃഷ്ടക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിൽ അവരുടേതായ ചില അജണ്ടകൾ വരികളിൽ കുത്തി നിറച്ച് പ്രചരിപ്പിച്ച സാഹചര്യത്തിൽ ആ ഓൺലൈൻ മാധ്യമത്തിന്റെ
തെറ്റായ രീതിക്കെതിരെയാണ് ഞാൻ കമന്റ് ചെയ്തത്'- യഹ്യാഖാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മാധ്യമങ്ങൾക്കിടയിൽ നിറഞ്ഞ് നിൽക്കാൻ അവർ കാണിക്കുന്ന ചില ചെപ്പടി വിദ്യകൾ എന്നാണ് കമന്റിൽ ഞാൻ ഉദ്ദേശിച്ചത്. തങ്ങൾക്കെതിരെ ആയിരുന്നില്ല എന്റെ പോസ്റ്റ്. തീർച്ചയായും സമസ്തയുടെ ആദരണീയനായ നേതാവായ തങ്ങളെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പ്രവർത്തിച്ചത് ആരാണെങ്കിലും അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക തന്നെ ചെയ്യണം- അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെ മറ്റൊരു പോസ്റ്റുമായും അദ്ദേഹം രംഗത്ത് എത്തി. യഹ്യാഖാന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബഹു :സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും പോഷക ഘടകങ്ങളും കേരളത്തിൽ വിശിഷ്യാ മലബാറിൽ നടത്തിയ മത വൈജ്ഞാനിക രംഗത്തെ സ്തുത്യർഹമായ സേവനത്തെക്കുറിച്ച് നല്ല ബോധ്യം ഉള്ളവനുമാണ്. ഇക്കാര്യത്തിലൊന്നും ആരും ക്ലാസെടുത്തു തരേണ്ട ആവശ്യമില്ല. ഇനി കാര്യത്തിലേക്ക് കടക്കാം.. ഇന്ന് എന്റെ പേരിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട കഷ്ണം മുറിച്ച ഒരു സ്‌ക്രീൻ ഷോട്ട് എന്നെ സ്നേഹിക്കുന്നവർക്കിടയിൽ പോലും തെറ്റിദ്ധാരണ ഉണ്ടാക്കി എന്നതിനാലാണ് ഈ വിശദീകരണം. മുസ്ലിം ലീഗിനേയും സമസ്ഥയെയും തമ്മിൽ അകറ്റാൻ ഇടത് പക്ഷത്തിന്റെ അച്ചാരം വാങ്ങി പ്രവർത്തിക്കുന്ന കേരളത്തിലെ ഒരു വിഘടിത മത സംഘടനയും അതിന്റെ മുഖപത്രവും കാലങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

ഇത് പരസ്യമായ രഹസ്യമാണ്. ഇതിന്റെ പല ഉദാഹരണങ്ങളും നാം നിർബാധം ഈയിടെ കണ്ടു വരുന്നുണ്ട്. ഈ സാഹചര്യത്തിൽ ലീഗ് സമസ്ത വിള്ളലുണ്ടാക്കാൻ എന്ത് നാലാം കിട വാർത്തയും പടച്ചു വിട്ട് ശ്രദ്ധ നേടാനുള്ള ശ്രമത്തെ സ്‌ഥിരം ശ്രദ്ധിക്കാറുള്ള ഒരാൾ എന്ന നിലയിൽ അവരുടെ ലിങ്കിന് കീഴെ ആ കുളംകലക്കി മീൻ പിടിക്കൽ പരിപാടിയെ വിമർശിച്ചാണ് ഞാൻ ഒരു കമന്റ് ഇട്ടത്. എന്നും ഇത്തരം വാർത്തകൾ പടച്ചു വിട്ടു ശ്രദ്ധ നേടാനുള്ള ഈ പോർട്ടലിന്റെ ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് ബഹുമാനപ്പെട്ട ജിഫ്രി തങ്ങൾക്ക് എതിരെയുള്ള കമന്റാണ് എന്നു ധരിച്ചു സംശയം പ്രകടിപ്പിച്ച ആളോട് അതിന്റെ കീഴെ തന്നെ കമന്റിൽ ഉദ്ദേശിച്ചത് ആരെയാണ് എന്നു വ്യക്തമാക്കിയിട്ടുമുണ്ടായിരുന്നു. എന്നാൽ അതെല്ലാം മുറിച്ചു കളഞ്ഞ് തീർത്തും അടിസ്ഥാന രഹിതമായ ഒന്നാണ് പ്രചരിപ്പിക്കപ്പെട്ടത്.

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിട്ടതിലുള്ള പ്രതിഷേധത്തിനെതിരെ ജിഫ്രി തങ്ങൾ നിലപാട് എടുത്തെന്നും, അതിൽ അമർശമുള്ള ലീഗ് പ്രവർത്തകരിൽ നിന്നാണ് ഈ ഭീഷണി ഉണ്ടായത് എന്ന മട്ടിലുള്ള ഈ ഫിത്ന പത്രത്തിന്റെ വാർത്തക്ക് കീഴെയാണ്, അതിലെ വിഭാഗീയത കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ഈ നാണം കെട്ട ഏർപ്പാട് നിർത്തൂ എന്ന തരത്തിൽ ഞാൻ കമന്റ് ചെയ്തത്. ഇവരുടെ ഈ ചെപ്പടി വിദ്യ ഒന്നോ രണ്ടോ ദിവസമല്ല. മാസങ്ങളോളം നമ്മെ ലക്ഷ്യം വെച്ചു കൊണ്ട് കൃത്യമായ അജണ്ടയോട് കൂടെ പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ്. ദേശാഭിമാനിയേക്കാൾ വേല ചെയ്യുന്നത് തങ്ങളാണ് എന്ന യജമാന ശ്രദ്ധ പിടിച്ചു പറ്റാനുള്ള ഈ തന്ത്രം മുറക്ക് നടക്കുന്നുണ്ട് . ഇത് വ്യക്തമായി എഴുതുക മാത്രമാണ് ഈയുള്ളവൻ ചെയ്തത്. ആ വിഭാഗത്തിന് നേരെയുള്ള ഈ നിലപാടിൽ നിന്ന് പിന്നോട്ട് പോവേണ്ട സാഹചര്യം നിലവിൽ ഉണ്ടായിട്ടില്ല.

എന്നാൽ തെറ്റിദ്ധരിച്ചവർ തിരുത്തണം എന്നാണ് പറയാൻ ഉള്ളത്. ജിഫ്രി തങ്ങളെ ഏറെ സ്നേഹിക്കുന്നവരായ ഒട്ടേറെ പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനും അണിയറക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മളെ പരസ്പരം തെറ്റിച്ചു രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ചീഞ്ഞ ശ്രമം തിരിച്ചറിഞ്ഞത് കൊണ്ടാണ് ഇത്രയും കുറിച്ചത്. പാണക്കാട് സയ്യിദന്മാർക്കും സയ്യിദ് ജിഫ്രി തങ്ങൾക്കും പിന്നിൽ അണി നിരന്നു കൊണ്ട് ഈ സാർത്ഥവാഹക സംഘങ്ങൾ ഇനിയും മുന്നോട്ട് പോകും. കുറക്കുന്നവർ കുരക്കട്ടെ...
യഹ്‌യഖാൻ തലക്കൽ.