രാഹുല്‍ഗാന്ധിയുടെ പത്രികാസമര്‍പ്പണം ആഘോഷമാക്കി പ്രവര്‍ത്തകര്‍: പ്രിയങ്കയ്ക്കൊപ്പം റോഡ്‌ഷോ
കല്‍പ്പറ്റ: എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക നല്‍കി. രാവിലെ 11 മണിയോടെ പ്രിയങ്കാഗാന്ധിയുമൊത്ത് കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിലെത്തിയ രാഹുല്‍ഗാന്ധി റോഡ്‌ഷോയായാണ് അല്‍പ്പം അകലെയുള്ള വയനാട് ജില്ലാകലക്‌ട്രേറ്റിലെത്തിയത്. രാഹുല്‍ഗാന്ധിയെ അനുഗമിച്ചുകൊണ്ട് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, മുകുള്‍വാസ്‌നിക്, കെ സി വേണുഗോപാല്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പതിനൊന്നരയോടെ കലക്‌ട്രേറ്റിലെത്തിയ രാഹുല്‍ഗാന്ധി പ്രിയങ്കാഗാന്ധി, വയനാട് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍, മലപ്പുറം ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, യൂത്ത്‌ലീഗ് നേതാവ് സാദിഖലി ശിഹാബ്തങ്ങള്‍ എന്നിവര്‍ക്കൊപ്പം ജില്ലാകലക്ടര്‍ എ ആര്‍ അജയകുമാറിന് മുമ്പാകെ പത്രിക നല്‍കി. തുടര്‍ന്ന് സിവില്‍ സ്റ്റേഷനില്‍ നിന്നും ബൈപ്പാസ് ചുറ്റി നടന്ന റോഡ്‌ഷോ കല്‍പ്പറ്റ നഗരം ചുറ്റി കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂള്‍ പരിസരത്ത് അവസാനിച്ചു.

പതിനായിരക്കണക്കിന് ജനങ്ങളാണ് രാവിലെ മുതല്‍ കല്‍പ്പറ്റയിലേക്ക് ഒഴുകിയെത്തിയത്. എസ് പി ജിയുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ പതിനൊന്നരയോടെ കലക്‌ട്രേറ്റ് പരിസരം ജനനിബിഡമായി. ആര്‍പ്പുവിളിച്ചും മുദ്രാവാക്യം വിളികളോടെയുമാണ് രാഹുലിനെയും പ്രിയങ്കയെയും പ്രവര്‍ത്തകരും ജനങ്ങളും വരവേറ്റത്. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ സാഹചര്യത്തില്‍ ഒരിക്കല്‍ കൂടി രാഹുല്‍ വയനാട്ടിലെത്തുന്നുണ്ട്. ഈ മാസം അവസാനത്തോടെയായിരിക്കും രാഹുലിന്റെ വരവ്.












Click it and Unblock the Notifications