ചീരാലിലെ കടുവ മുങ്ങുന്നത് തമിഴ്‌നാട്ടിലേക്ക്? പിടിക്കാനാവാതെ വനംവകുപ്പ്; വീണ്ടും ആക്രമണം തുടങ്ങി
കല്‍പ്പറ്റ: വയനാട്ടിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചീരാലില്‍ ഇറങ്ങിയ കടുവ പിടിതരാതെ പല സ്ഥലങ്ങളിലായി കറങ്ങി നടക്കുകയായിരുന്നു. വനംവകുപ്പിന്റെ ദൗത്യസംഘം കാടിളകി പരിശോധിച്ചിട്ടും കടുവയെ കിട്ടിയിട്ടില്ല. എന്നാല്‍ ഒരാഴ്ച്ചത്തേക്ക് കടുവയുടെ ഒരു വിവരമുണ്ടായിട്ടില്ലെങ്കിലും ഇടവേളയ്ക്ക് വിരാമമിട്ട് അത് തിരിച്ചെത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കടുവ ചീരാല്‍ ഗ്രാമത്തിലെത്തി പശുവിനെ കൊന്നു. പോത്തുകെട്ടിയിലെ ജനവാസ കേന്ദ്രത്തിലാണ് കടുവ ഇറങ്ങിയത്. ആടിനെ കൂട്ടില്‍ നിന്നാണ് പിടിച്ച് കൊന്നത്. ഇതിന് പുറമേ കൃഷ്ണഗിരിയിലെത്തി ഒരാടിനെ ആക്രമിക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച്ചകളിലെല്ലാം കടുവയ്ക്കായി വലവിരിച്ച് കാത്തിരിക്കുകയായിരുന്നു വനംവകുപ്പ്. എന്നാല്‍ കടുവ വീണില്ല. നാട്ടുകാര്‍ ഇതിനിടയില്‍ സ്വന്തം വളര്‍ത്തുമൃഗങ്ങള്‍ക്ക് കാവലിരിക്കാനും തുടങ്ങിയിരുന്നു. ഇതോടെ കടുവ ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞുവെന്നാണ് കരുതിയത്. എവിടെയാണ് ഇതിന്റെ വാസസ്ഥലം എന്ന് പോലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അത് മാത്രമല്ല, പകല്‍ ഇത് പുറത്തിറങ്ങാറുമില്ലായിരുന്നു. അതുകൊണ്ട് മയക്കുവെടി വെക്കാനും സാധിച്ചില്ല. എന്നാല്‍ കടുവ തിരിച്ചുവരുമെന്ന മുന്നറിയിപ്പ് വനംവകുപ്പിന്റെ ദൗത്യ സംഘം നല്‍കിയിരുന്നു. എളുപ്പത്തില്‍ ഇരതേടാന്‍ ഇവിടെ സാധിക്കുന്നത് കൊണ്ടാണ് ഇവ വന്നിരുന്നത്.
നാട്ടുകാര്‍ പക്ഷേ കടുത്ത രോഷത്തിലായിരുന്നു. എത്രയും പെട്ടെന്ന് കടുവയെ പിടിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഒന്‍പതോളം വളര്‍ത്തുമൃഗങ്ങളെയാണ് ഇവര്‍ക്ക് നഷ്ടമായിരുന്നത്. അതേസമയം കടുവ വീണ്ടുമെത്തിയത് നാട്ടുകാരെ വീണ്ടും ഭയത്തിലാഴ്ത്തിയിരിക്കുകയാണ്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കടുവ എത്തിയത്.
തൊഴുത്തില്‍ കെട്ടിയിരുന്ന ഗര്‍ഭിണിയായ പശുവിനെയാണ് കടുവ ആക്രമിച്ചത്. നേരത്തെ നൂറിലധികം വനപാലകര്‍ പതിമൂന്ന സംഘങ്ങളായി തിരഞ്ഞായിരുന്നു കടുവയ്ക്കായി തിരച്ചില്‍ നടത്തിയത്. ഈ തിരച്ചില്‍ അവസാനിച്ച് 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കടുവ ജനവാസ മേഖലയില്‍ എത്തിയത്.
നേരത്തെ സമര പരമ്പര തന്നെ കടുവയെ പിടിക്കാത്തതിനെ തുടര്‍ന്ന് ചീരാലില്‍ നടന്നിരുന്നു. പുതിയ തന്ത്രം ആവിഷ്‌കരിച്ച് കടുവയെ പിടിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. മൂന്ന് മാസം ഗര്‍ഭിണിയായ ആടിനെയും കടുവ കൊന്നു. ആടിനെ മൂന്നൂറ് മീറ്റര്‍ അകലെയുള്ള തോട്ടത്തിന് സമീപത്താണ് കണ്ടെത്തിയത്. ആടിന്റെ ബാക്കി ഭക്ഷിക്കാന്‍ കടുവ വീണ്ടുമെത്താന്‍ സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്.
സംശയത്തെ തുടര്‍ന്ന് ഇവിടെ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അതേസമയം കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ച ശേഷം മുങ്ങുന്നത് തമിഴ്‌നാട്ടിലെ ദേവര്‍ഷോല ഭാഗത്തേക്കാണെന്ന് സൂചനയുണ്ട്. ഇടവേളകള്‍ എടുത്താണ് കടുവ വീണ്ടുമെത്തുന്നത്. ഇതാണ് സംശയം വര്‍ധിപ്പിക്കുന്നത്. കടുവയുടെ സഞ്ചാരപഥവും വനംവകുപ്പ് തയ്യാറാക്കുന്നുണ്ട്.












Click it and Unblock the Notifications