വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം, പശുവിനെ കൊന്നു, ഉപരോധവുമായി നാട്ടുകാര്‍
ബത്തേരി: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. മന്ദംകൊല്ലി ചൂരിമലയില്‍ മേയാന്‍ വിട്ട പശുവിനെ കടുവ കൊന്നു. നാട്ടുകാരാകെ പ്രതിഷേധത്തിലാണ്. ബത്തേരി-മാനന്തവാടി റോഡ് നാട്ടുകാര്‍ ഉപരോധിച്ചിരിക്കുകയാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. ഒരിടവേളയ്ക്ക് ശേഷം കടുവാഭീതി വയനാട്ടില്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. നഷ്ടപരിഹാരം മാത്രമല്ല, അടിക്കാട് വെട്ടാനും തീരുമാനമായതിന് പുറമേ അനുവാദം ലഭിക്കുന്ന മുറയ്ക്ക് കൂട് സ്ഥാപിക്കാമെന്നും ഉറപ്പ് ലഭിച്ചിട്ട് മാത്രമാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.

വീടിന് സമീപം ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്നാണ് കഴിഞ്ഞ ദിവസം വൈകീട്ട് മറ്റ് കന്നുകാലികള്‍ക്കൊപ്പം മേയാന്‍ വിട്ടത്. രണ്ട് വയസ്സുള്ള പശുവായിരുന്നു ഇത്. മറ്റ് പശുക്കളെല്ലാം വൈകീട്ട് തിരിച്ചെത്തിയിരുന്നു. ഈ പശുവിനെ കണ്ടെത്താന്‍ നാട്ടുകാര്‍ രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ രാത്രി ഇതിനെ കണ്ടെത്താനായില്ല. രാവിലെ നടത്തിയ തിരച്ചിലില്‍ ആണ് ബീനാച്ച് എസ്റ്റേറ്റില്‍ നിന്ന് മന്തംകൊല്ലി ബീവറേജസ് ഔട്ട്‌ലെറ്റിനോട് ചേര്‍ന്ന മേഖലയില്‍ പശുവിന്റെ ജഡം കണ്ടെത്തിയത്. ഇതിന്റെ പാതി കടുവ ഭക്ഷിച്ചിരുന്നു.
ഈ മേഖലയില്‍ തുടര്‍ച്ചയായി കടുവ ആക്രമണമുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനൊരു പരിഹാരമുണ്ടാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. അതില്ലാത്തത് കൊണ്ടാണ് റോഡ് ഉപരോധിച്ചത്. പോലീസും രാഷ്ട്രീയ നേതാക്കളും വനപാലകരും സ്ഥലത്തെത്തിയാണ് ഇവരുമായി സംസാരിച്ചത്. 80000 രൂപ പശുവിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരമായി നല്‍കും. പ്രദേശത്താകെയുള്ള അടിക്കാടുകള്‍ വെട്ടി ക്യാമറകള്‍ സ്ഥാപിക്കാമെന്നും ഉറപ്പ് നല്‍കി. അതിന് പുറമേ കടുവയെ പിടിക്കാനുള്ള കൂട് മേലധികാരികളില്‍ നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്ഥാപിക്കാമെന്നും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് സമരം അവസാനിച്ചത്.
ഈ മേഖലയില്‍ വളര്‍ത്തുമൃഗങ്ങളെ നിരന്തരം കടുവ ആക്രമിച്ച് കൊലപ്പെടുത്താറുണ്ട്. ഗതികെട്ടാണ് നാട്ടുകാര്‍ സമരത്തിനിറങ്ങിയത്. അതേസമയം പന്തല്ലൂരിലെ സര്‍ക്കാര്‍ തേയില തോട്ടത്തിലെ തൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു. ഇവിടെ തൊഴിലാളികളാകെ ഭീതിയിലാണ്. പാണ്ടിയാറുള്ള തേയില തോട്ടത്തിലെ തൊഴിലാളിയുടെ വീടാണ് കാട്ടാന തകര്‍ത്തത്. പരിസരവാദികള്‍ ഉണര്‍ന്ന് ബഹളം വെച്ചതോടെയാണ് കാട്ടാന പിന്‍വാങ്ങിയത്. തോട്ടം മാനേജ്‌മെന്റിനെ തൊഴിലാളികള്‍ വിവരം അറിയിച്ചു. കാട്ടാനയെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications