വയനാട്ടില്‍ കടുവയും പുലിയും ഭീതി വിതയ്ക്കുന്നു, വീട്ടില്‍ കെട്ടിയിട്ട വളര്‍ത്തുനായയെ പുലി പിടിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ഭീതി വിതച്ച് കടുവയും പുലിയും. ആറാട്ടുപാറയില്‍ വളര്‍ത്തുനായയെ പുലി പിടികൂടി. സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ കെട്ടിയിട്ട വളര്‍ത്തുനായയെ ആണ് പുലി ആക്രമിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നിനാണ് സംഭവം നടന്നത്. പുലി വളര്‍ത്തുനായയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയിലാണ് പതിഞ്ഞത്.
പുലര്‍ച്ചെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ പുലി ഓടുന്നതായി കണ്ടിരുന്നു. അതേസമയം ഏത് നിമിഷവും ഈ പുലി തങ്ങളെയും ആക്രമിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലി നായയെ കടിച്ചെടുത്ത് പോകുന്നതായി ക്യാമറ പരിശോധിച്ചപ്പോഴാണ് കണ്ടതെന്ന് വീട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് കടുവയും പുലിയും ഇടയ്ക്കിടെ വരാറുണ്ട്. എന്നാല്‍ കുറച്ചുകാലമായി പ്രശ്‌നങ്ങളില്ലായിരുന്നു.

അതേസമയം പുലി നായയെ പിടിച്ചതോടെ പ്രദേശത്താകെ ഭീതി പടര്‍ന്നിരിക്കുകയാണ്. വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. അതേസമയം മാനന്തവാടി നഗരസഭയിലെ ചിറക്കരയിലാണ് കടുവ ഭീതി നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടുകാര്‍ വീണ്ടും ഇവിടെ കടുവയെ കണ്ടതോടെ വലിയ ഭയമാണ് എല്ലാവര്‍ക്കും.
ചിറക്കര മുസ്ലീം പള്ളിക്ക് സമീപം പ്രദേശവാസികള്‍ കടുവയോട് സാദൃശ്യമുള്ള വന്യജീവിയെ കണ്ടതോടെ പ്രദേശത്ത് ഭീതി പരന്നിരിക്കുകയാണ്. ഇതേ തുടര്‍ന്ന് വനപാലകരെ വിവരമറിയിക്കുകയും രാത്രി തന്നെ തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ തിരച്ചില്‍ വന്യമൃഗത്തെ കണ്ടെത്താനായില്ല.
നിലവില്‍ പ്രദേശത്ത് വനംവകുപ്പിന്റെ നിരീക്ഷണം തുടരുകയാണ്. ചിറക്കര, പഞ്ചാരക്കൊല്ലി, മണിയന്‍കുന്ന് പ്രദേശത്ത് കടുവ ഭീഷണി തുടരുകയാണ്. നേരത്തെ ഈ മേഖലയില്‍ കാട്ടാനകള്‍ അന്‍പതോളം കുലച്ച വാഴകള്‍ നശിപ്പിച്ചിരുന്നു. ചിറക്കര പ്രദേശത്ത് നിരന്തരമായ വന്യമൃഗ ശല്യത്തെ തുടര്‍ന്ന് വനംവകുപ്പ് പരിശോധന നടത്തുന്നുണ്ട്.












Click it and Unblock the Notifications