മാനന്തവാടിയില്‍ കടുവയുടെ കാല്‍പ്പാടുകള്‍, വീണ്ടും ജനങ്ങള്‍ ആശങ്കയില്‍; സ്ഥിരീകരിച്ച് വനംവകുപ്പ്
മാനന്തവാടി: വയനാട്ടില്‍ വീണ്ടും കടുവ ശല്യം രൂക്ഷമാകുന്നു. മാനന്തവാടി നഗരത്തിലാണ് ഇപ്പോള്‍ കടുവാ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. നഗരത്തില്‍ നിന്ന് ഏറ്റവും അടുത്തുള്ള എരുമത്തെരുവ് ഗ്യാസ് റോഡ് അയിനാറ്റില്‍ പ്രദേശത്താണ് കടുവ ഭീഷണി കാരണം ജനങ്ങള്‍ പുറത്തിറങ്ങാനാവാത്ത അവസ്ഥയില്‍ നില്‍ക്കുന്നത്.
ബുധനാഴ്ച്ച രാവിലെ പാല്‍ അളക്കാന്‍ എത്തിയവരാണ് കടുവയുടെ കാല്‍പ്പാട് കണ്ടത്. അതേസമയം ഉടനെ നാട്ടുകാര്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ആരെ ഭയപ്പാടിലാണ്. കടുവ എപ്പോഴാണ് ചാടിവീഴുന്നതെന്ന് പറയാനാവാത്ത സാഹചര്യമാണ് ഉള്ളത്. വന്യമൃഗങ്ങളുടെ കാര്യത്തിലും പലര്‍ക്കും ആശങ്കയുണ്ട്.

അതേസമയം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവയുടെ കാല്‍പ്പാടുകള്‍ കണ്ട സ്ഥലത്ത് പരിശോധന നടത്തി. നാട്ടുകാര്‍ കണ്ടത് കടുവയുടെ കാല്‍പ്പാടുകള്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സമീപത്തുള്ള തേയില തോട്ടത്തില്‍ അടക്കം വനപാലക സംഘം പരിശോധന നടത്തി. കടുവ ഏത് വഴിയിലൂടെയാണ് കടന്നുപോയതെന്ന് കണ്ടെത്തിയിട്ടില്ല.
ആര്‍ആര്‍ടി സംഘവും തലപ്പുഴ സെക്ഷനില്‍ നിന്നുള്ള വനം വകുപ്പ് ജീവനക്കാര്‍ പ്രദേശത്താകെ അരിച്ചുപെറുക്കിയിട്ടുണ്ട്. എന്നാല്‍ കടുവയുടെ സാന്നിധ്യം എവിടെയും കണ്ടെത്താനായില്ല. സമീപത്ത് വിദ്യാലയങ്ങള്‍ അടക്കമുണ്ട്. അതുകൊണ്ട് നാട്ടുകാര്‍ ഭീതിയിലാണ്. വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് പറഞ്ഞയച്ചിട്ടുണ്ട്.
തൃശ്ശിലേരി കൈതവള്ളിയിലും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടിട്ടുണ്ട്. പ്രദേശവാസികള്‍ അതുകൊണ്ട് വലിയ ഭീതിയിലാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ ആദ്യം ഭയന്നെങ്കിലും ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് സ്ഥലത്ത് പരിശോധന നടത്തി. കാല്‍പ്പാടുകള്‍ കടുവയുടേതെന്ന് ഇവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വനംവകുപ്പും നാട്ടുകാരും വലിയ ജാഗ്രതയിലാണ്. കാട്ടാനകളുടെയും പന്നികളുടെയും ശല്യം നേരത്തെ തന്നെ ഈ പ്രദേശത്ത് ശക്തമാണ്. ഇത്രയും കാലം കര്‍ഷകരായിരുന്നു ബുദ്ധിമുട്ടിയിരുന്നത്. വ്യാപകമായ കൃഷിനാശമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിന് പുറമേയാണ് ഇപ്പോള്‍ കടുവ കൂടി എത്തിയിരിക്കുന്നത്.
അതേസമയം കല്‍പ്പറ്റ മേഖലയില്‍ പുലി ശല്യവും ആരംഭിച്ചിരിക്കുകയാണ്. പെരുന്തട്ട എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ താമരക്കൊല്ലിയിലെ ജനവാസ മേഖലയില്‍ നിന്ന് പുലി വളര്‍ത്തുനായയെ പിടിച്ചു. രാത്രി ഒന്‍പതു മണിയോടെ വളര്‍ത്തുനായയുടെ കരച്ചില്‍ കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴാണ് വേലിക്ക് സമീപം പുലിയെ കണ്ടതെന്ന് വീട്ടുടമയായ സസഹദേവന്‍ പറഞ്ഞു. പുലിയുടെ മുരള്‍ച്ച കേട്ടതോടെ വീട്ടുകാര്‍ വീട്ടിലേക്ക് കയറുകയായിരുന്നു.












Click it and Unblock the Notifications