മോദിയുടെ പ്രസംഗത്തേക്കാള്‍ ആറിരട്ടി പേര്‍ രാഹുലിന്റെ പ്രസംഗം കേട്ടു... കെസി വേണുഗോപാല്‍
കല്‍പ്പറ്റ: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗിച്ചപ്പോള്‍ സഭാ ടിവിയില്‍ അത് കാണിച്ചില്ലെന്ന് കെസി വേണുഗോപാല്‍. കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍ സ്പീക്കറുടെ മുഖമാണ് കൂടുതലും കാണിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.
അവിശ്വാസ പ്രമേയത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചു. നരേന്ദ്ര മോദി പ്രസംഗിക്കവെ പൂര്‍ണമായും അദ്ദേഹത്തിന്റെ മുഖം തന്നെ കാണിച്ചു. പക്ഷേ, സോഷ്യല്‍ മീഡിയ വഴി ജനങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേട്ടു. മോദിയുടെ പ്രസംഗം കേട്ടതിനേക്കാള്‍ ആറിരട്ടി പേരാണ് രാഹുലിന്റെ പ്രസംഗം കേട്ടതെന്നും വേണുഗോപാല്‍ പറഞ്ഞു.

ബെംഗളൂരു പ്രതിപക്ഷ നേതൃസംഗമത്തില്‍ സഖ്യത്തിന് എന്ത് പേരിടണം എന്ന ചര്‍ച്ച നടക്കവെ പല അഭിപ്രായങ്ങളും ഉയര്‍ന്നു. രാഹുല്‍ ഗാന്ധിയാണ് ഇന്ത്യ എന്ന പേര് സഖ്യത്തിന് നിര്‍ദേശിച്ചത്. ആ പേര് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. ആ ഇന്ത്യ 2024ല്‍ രാജ്യം ഭരിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജ്യം മൊത്തം നടന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി. വീണ്ടും എംപിയായി അദ്ദേഹം വയനാട്ടിലെത്തിയ ദിവസമാണിന്ന്. കോയമ്പത്തൂരില്‍ നിന്ന് ഊട്ടി വഴി വയനാട്ടിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മുഖത്തെ ഭാവ വ്യത്യാസം താന്‍ കണ്ടുവെന്നും അത് മോദിക്ക് മനസിലാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

വൈരുദ്ധ്യങ്ങളുള്ള രാജ്യമായ ഇന്ത്യയെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണ് എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. സ്വാതന്ത്ര്യം കിട്ടിയ വേളയില്‍ പലരും പറഞ്ഞു ഇന്ത്യയുടെ സ്വാതന്ത്ര്യം കൂടുതല്‍ കാലം നിലനില്‍ക്കില്ലെന്ന്. വൈവിധ്യങ്ങള്‍ നിറഞ്ഞ നാടിനെ ഒന്നിച്ചുകൊണ്ടുപോകാന്‍ നെഹ്രുവിന് സാധിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ പിന്നിട്ട 75 വര്‍ഷം എല്ലാവരെയും കോര്‍ത്തിണക്കിയ കണ്ണി കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ പറിച്ചു നടാന്‍ ഒരു ഇന്ത്യന്‍ നിയമത്തിനും സാധിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചിലര്‍ രാഹുല്‍ ഗാന്ധിയെ പറിച്ചു നടാന്‍ ശ്രമിച്ചെങ്കിലും അത്യുന്നത നീതി പീഠം അത് നിരാകരിച്ചുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ഗുണങ്ങള്‍ ഒരുമിച്ച വ്യക്തിയാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications