വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനധികൃത നിര്‍മ്മാണം, പാറഖനനം, കുന്നിടിക്കല്‍; വയനാട്ടിലെ ദുരന്തത്തിന് കാരണം ഇതോ?

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: 2015 ജൂണ്‍ 30ന് അന്നത്തെ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അതീവ പരിസ്ഥിതിപ്രധാന്യമുള്ള വയനാട്ടില്‍ ഒരുത്തരവ് ഇറക്കിയിരുന്നു. ഭൂകമ്പം, ഉരുള്‍പൊട്ടല്‍, തുടങ്ങിയ പ്രകൃതിദുരന്തസാധ്യത മുന്‍നിര്‍ത്തി ജില്ലയില്‍ ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതായിരുന്നു ആ ഉത്തരവ്. അനിയന്ത്രിതമായ കൈയേറ്റങ്ങളും പരിസ്ഥിതിക്ക് ദോഷകരമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ 2015 മെയ് 27നും ജൂണ്‍ 17നും കൂടിയ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗങ്ങളിലുയര്‍ന്നുവന്ന നിര്‍ദേശ പ്രകാരമായിരുന്നു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് 2005ലെ 30(2) വിവിധ വകുപ്പുകള്‍ പ്രകാരം കേശവേന്ദ്രകുമാര്‍ ഉത്തരവിറക്കിയത്.

എന്നാല്‍ ഈ ഉത്തരവിനെ അംഗീകരിക്കേണ്ടവര്‍ തന്നെ അതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കേശവേന്ദ്രകുമാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി ഗ്രാമപഞ്ചായത്തിലെ കുന്നത്തിടവക വില്ലേജ് പൂര്‍ണമായും ഉള്‍ക്കൊള്ളുന്ന ലക്കിടി പ്രദേശത്ത് പരമാവധി രണ്ട് നില കെട്ടിടങ്ങളേ പണിയാന്‍ പാടുള്ളു. ലക്കിടിയില്‍ കെട്ടിടങ്ങളുടെ ഉയരം എട്ട് മീറ്ററില്‍ കവിയാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്നത്തെ യു ഡി എഫ് സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ ഈ ഉത്തരവിനെ എതിര്‍ത്തു.

pancharakkolly112-

വികസനത്തിന് തുരങ്കം വെക്കുന്നതാണ് ഈ ഉത്തരവെന്നായിരുന്നു ഉയര്‍ന്നുവന്ന വാദം. ഈ ഉത്തരവ് രാഷ്ട്രീയകക്ഷികളുടെ ഒത്താശയോടെ അട്ടിമറിക്കപ്പെട്ടു. ജില്ലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉത്തരവ് നിലനില്‍ക്കേ തന്നെ നിരവധി കെട്ടിടങ്ങളാണ് പൊന്തിയത്. ഫ്‌ളാറ്റ് സംസ്‌ക്കാരമില്ലാതിരുന്ന വയനാട്ടില്‍ ഇക്കാലയളവില്‍ ഏഴും എട്ടും നിലകളുള്ള വന്‍കിട കെട്ടിടങ്ങളുമുയര്‍ന്നു. ടൂറിസത്തിന്റെ മറവില്‍ ഇത്തരത്തില്‍ ഏറ്റവുമധികം ബഹുനിലക്കെട്ടിടങ്ങളുയര്‍ന്നത് വൈത്തിരി താലൂക്കിലായിരുന്നു.

റിസോര്‍ട്ടുകളും, ഹോംസ്റ്റേകളും അനിയന്ത്രിതമായി ഈ മേഖലയില്‍ ഉയര്‍ന്നുപൊന്തി. ബഹുനിലകെട്ടിടങ്ങള്‍ക്കും പാറഖനനങ്ങള്‍ക്കും ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചിട്ടും നിരമ്മാണപ്രവര്‍ത്തനങ്ങളും പാറപൊട്ടിക്കലും നിര്‍ത്താതിരുന്നതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വന്നത് സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരാണ്. അനധികൃത നിര്‍മ്മാണ പ്രവൃത്തികളടക്കം നടത്തിയ പ്രദേശങ്ങളില്‍ ഈ കാലവര്‍ഷത്തില്‍മാത്രം അമ്പതിലധികം തവണയാണ് ഉരുള്‍പൊട്ടലുണ്ടായത്. മണ്ണിനടിയില്‍പെട്ട് അഞ്ച് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് വീടും കൃഷി സ്ഥലവുമുള്‍പ്പെടെ നഷ്ടപ്പെടുകയും ചെയ്തു.

ബഹുനിലകെട്ടിടങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ വൈത്തിരി വില്ലേജില്‍ ഇരുപതിലധികം തവണയാണ് ഉരുള്‍പൊട്ടിയത്. രണ്ട് പേര്‍ മണ്ണിനടിയില്‍പ്പെട്ട് മരിക്കുകയും ചെയ്തു. തിട്ടപ്പെടുത്താന്‍ സാധിക്കാത്ത വിധത്തിലുള്ള നാശനഷ്ടങ്ങളും ഈ മേഖലയിലുണ്ടായി. ഉരുള്‍പൊട്ടലിന്റെ തീവ്രത അനുഭവിച്ചറിഞ്ഞ മറ്റ് മേഖലകളായ കുറിച്യര്‍മല, ആറാംമൈല്‍, മേല്‍മുറി, അച്ചൂര്‍ നാലാംനമ്പര്‍, പുതിയ റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വന്‍നാശനഷ്ടങ്ങളുണ്ടായി. മണ്ണിടിച്ചില്‍ സാധ്യതയും പരിസ്ഥിതിനാശവും കണക്കിലെടുത്തും ജനങ്ങളുടെ സൈ്വരജീവിതം മുന്‍നിര്‍ത്തിയും ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 30(2) മൂന്ന് നിക്ഷിപ്തമാക്കുന്ന അധികാരം ഉപയോഗപ്പെടുത്തി പാറഖനനം നിരോധിച്ച പ്രദേശങ്ങളിലും വ്യാപകമായ മണ്ണിടിച്ചിലുണ്ടായി.

നിയമവിരുദ്ധമെന്ന് കണ്ട് ലൈസന്‍സ് മരവിപ്പിച്ച തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ കോറോം ജി എല്‍ പി സ്‌കൂളിന് സമീപത്തുള്ള നാരങ്ങച്ചാല്‍കുന്നിലെ സെന്റ് മേരീസ് കരിങ്കല്‍ ക്വാറിയിലും ബാണാസുര മലകളുടെ മറുവശത്തുള്ള വെള്ളമുണ്ട പഞ്ചായത്തിലെ വാളാരംകുന്ന് ക്വാറിയിലും മക്കിമലയിലെ സ്വകാര്യ ക്വാറിക്ക് താഴ്ഭാഗത്തും വ്യാപകമായ ഉരുള്‍പൊട്ടലുണ്ടായി. ഇവിടങ്ങളില്‍ രണ്ട് പേര്‍ മരിക്കുകയും പത്തിലധികം വീടുകള്‍ തകരുകയും ചെയ്തു. പരിസ്ഥിതിനാശം വരുത്തുന്നതിന്റെ അനന്തരഫലമാണ് ഇത്തരം ദുരന്തങ്ങളെന്നും, ഇതിനെ തടയിടാന്‍ അടിയന്തരമായി ശാസ്ത്രീയ പഠനം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയരുകയാണ്. പരിസ്ഥിതിയോട് ചേര്‍ന്നുനില്‍ക്കുന്ന നടപടികളുമായി മുന്നോട്ടുപോയിരുന്ന കേശവേന്ദ്രകുമാര്‍ ഐ എ എസിനെ വീണ്ടും വയനാട് ഓര്‍ക്കുമ്പോള്‍ അദ്ദേഹം ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ തന്നെയുണ്ടെന്നുള്ളതണ് ഏറെ കൗതുകം.

Wayanad
English summary
wayanad local news about mining and illegal construction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X