വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴയും വെള്ളപൊക്കവുമുണ്ടായിട്ടും ഊരംകുന്ന് കോളനിയില്‍ കുടിവെള്ളമില്ല; ദുരിതമൊഴിയാതെ ആദിവാസികള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ഒരുകാലത്തുമില്ലാത്ത വിധം അതിശക്തമായ മഴ വയനാട്ടില്‍ പെയ്തിട്ടും പൊഴുതന ഗ്രാമപഞ്ചായത്തിലെ പിണങ്ങോട് ഊരംകുന്ന് കോളനിനിവാസികള്‍ക്ക് ഇപ്പോഴും കുടിവെള്ളമില്ല. സമരം നടത്താനോ പ്രതിഷേധിക്കാനോ സാധിക്കാത്ത പാവപ്പെട്ട ആദിവാസികള്‍ കുടിവെള്ളത്തിനായി ഒരു ദിവസം യാത്ര ചെയ്യുന്നത് കിലോമീറ്ററുകള്‍. ഒരു തവണ വെള്ളം കോളനിയിലെത്തിക്കാന്‍ 600 മീറ്ററിലധികം യാത്ര ചെയ്യണം. ഇങ്ങനെ ദിവസും നാലും അഞ്ചും തവണ കുന്നിറങ്ങിയാല്‍ മാത്രമെ ആ ദിവസത്തെ വെള്ളം ഒരു കുടുംബത്തിന് ലഭ്യമാകുക. ഊരംകുന്ന് കോളനിവാസികളുടെ കുടിവെള്ളപ്രശ്‌നവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ ഇതിനകം തന്നെ മാധ്യമങ്ങള്‍ നല്‍കിയെങ്കിലും അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. കുടിവെള്ളത്തിനായി കുട്ടികള്‍ കുന്നിറങ്ങി സ്വകാര്യവ്യക്തിയുടെ പൈപ്പില്‍ നിന്നും വെള്ളമെടുത്ത് കുന്നുകയറുന്ന കാഴ്ച ഇപ്പോഴും പതിവാണ്.

pic

ഊരംകുന്ന് കോളനിയിലെ ആദിവാസികളുടെ കുടിവെള്ളപ്രശ്‌നത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കുന്നിറങ്ങി വെള്ളത്തിന് പോകുന്ന ആദിവാസികള്‍ വെള്ളവുമായി കുന്നുകയറുമ്പോള്‍ തളര്‍ന്നിരിക്കുന്ന കാഴ്ച ഇപ്പോഴും പതിവ് കാഴ്ച തന്നെയാണ്. കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന വേനലിലും മഴക്കാലത്തുമെല്ലാം കോളനിനിവാസികളുടെ ദുരിതം ഒരുപോലെ തന്നെയാണ്. അമ്പതോളം ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ കോളനിയില്‍ ആദിവാസി കുട്ടികളില്‍ പലരെയും മിക്ക ദിവസങ്ങളിലും മാതാപിതാക്കള്‍ സ്‌കൂളില്‍ വിടാറില്ലായിരുന്നു. ഇതിന്റെ പ്രധാനകാരണവും കുടിവെള്ളക്ഷാമം തന്നെയായിരുന്നു. കൂലിപ്പണിക്ക് പോകുന്ന കോളനിവാസികള്‍ക്ക് പലപ്പോഴും കുട്ടികള്‍ തന്നെയായിരുന്നു വെള്ളമെത്തിച്ച് നല്‍കിയിരുന്നത്. വെള്ളത്തിനായി കുന്നിറങ്ങിപ്പോയി മടുത്ത മാതാപിതാക്കള്‍ കുഞ്ഞുകുടങ്ങളുമായി യു പി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ വരെ വെള്ളത്തിന് വിടുന്നതും പതിവായിരുന്നു. 2004 മെയ് 27ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് കുടിവെള്ള വിതരണത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കിയിരുന്നു. പിന്നീട് വൈദ്യുതി മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതിനാവശ്യമായ സൗകര്യങ്ങളും സജ്ജമാക്കി. എന്നാല്‍ ഈ വെള്ളം ഉപയോഗിക്കാനാവാത്ത വിധം മലിനമായിരുന്നു.

സര്‍ക്കാരും സഭയും ചതിച്ചു... ബിഷപ്പിന്‍റെ അറസ്റ്റുമില്ല... കന്യാസ്ത്രീ മാധ്യമങ്ങള്‍ക്ക് മുമ്പിലേക്ക്സര്‍ക്കാരും സഭയും ചതിച്ചു... ബിഷപ്പിന്‍റെ അറസ്റ്റുമില്ല... കന്യാസ്ത്രീ മാധ്യമങ്ങള്‍ക്ക് മുമ്പിലേക്ക്

പരാതിയുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ വെള്ളം പരിശോധനക്കായി അയച്ചിരുന്നു. പരിശോധനാഫലത്തില്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇതിന് പരിഹാരം കാണാനോ മറ്റൊരു കിണര്‍ കുഴിച്ച് കോളനിവാസികള്‍ക്ക് വെള്ളമെത്തിക്കാനോ അധികൃതരുടെ ഭാഗത്ത് നിന്നും 14 വര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച കുടിവെള്ള ടാങ്കിന് തൊട്ടടുത്തായി വില്ലേജ് അധികൃതര്‍ കുടിവെള്ള ടാങ്ക് സ്ഥാപിച്ചിരുന്നെങ്കിലും അതും ഉപയോഗശൂന്യമായി കിടക്കുകയാണ്. വിദ്യാര്‍ത്ഥികളടക്കം ബദ്ധപ്പെട്ട് കൊണ്ടുവരുന്ന കുടിവെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടില്‍ തന്നെയാണ് ഇപ്പോഴും കോളനിവാസികള്‍. കനത്തമഴയില്‍ ഈ കോളനിക്ക് എതിര്‍വശത്തുള്ള കുറിച്യാര്‍മലയില്‍ ഉരുള്‍പൊട്ടലടക്കം നിരവധി നാശനാശഷ്ടങ്ങളാണുണ്ടായത്. മീറ്ററുകള്‍ മാറിയൊഴുകുന്ന തേവണപ്പുഴ കരകവിഞ്ഞൊഴുകിയുണ്ടായ വെള്ളപൊക്കത്തില്‍ ഹെക്ടര്‍ കണക്കിന് കൃഷിയിടവും വെള്ളത്തിലായിരുന്നു. ഇത്തരത്തില്‍ അതിശക്തമായ മഴയും കെടുതികളുമുണ്ടായിട്ടും കുടിവെള്ളമില്ലാത്ത ദുരവസ്ഥ കോളനിയില്‍ തുടരുകയാണ്. അടിയന്തരമായി കുടിവെളളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നതാണ് കോളനിവാസികളുടെ ആവശ്യം.

Wayanad
English summary
wayanad local news about water scarcity in ooramkunnu colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X