വയനാട്ടില്‍ വീണ്ടും കാട്ടാന ചെരിഞ്ഞു: അപകടകാരണം ഷോക്കേറ്റതെന്ന് സംശയം
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വീണ്ടും കാട്ടാന ചെരിഞ്ഞു. അപകടത്തിന് കാരണം ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയിഞ്ചിലെ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനില്‍പ്പെടുന്ന കുളുകുന്ന് വനമേഖലയോട് ചേര്‍ന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ചെരിഞ്ഞ പിടിയാനക്ക് ഏഴ് വയസ് പ്രായമുണ്ട്. തിങ്കളാഴ്ച രാവിലെ പ്രദേശവാസികളാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കൃഷിയിടത്തിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് തടയാനായി സ്വകാര്യ വ്യക്തി തന്റെ കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച വൈദ്യുതി കമ്പിവേലി വായില്‍ കടിച്ചു പിടിച്ച നിലയില്‍ നിലത്തു മുട്ടുകുത്തി കിടക്കുന്ന നിലയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജയഘോഷിന്റെ നേതൃത്വത്തില്‍ വന പാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ വയനാട് വന്യജീവി സങ്കേതത്തിലെ ചീയമ്പം 73ന് സമീപം കോളനിക്ക് സമീപമുള്ള വനാതിര്‍ത്തിയില്‍ അവശനിലയില്‍ കണ്ടെത്തിയ 40 വയസ് പ്രായം തോന്നിക്കുന്ന പിടിയിലായ ചെരിഞ്ഞിരുന്നു.

പ്രായാധിക്യവും അണുബാധയുമായിരുന്നു മരണകാരണം. മുത്തങ്ങ റെയ്ഞ്ചിലെ തോട്ടാമൂലക്ക് സമീപം കാരപ്പൂതാടി അച്യുതന്‍കൊല്ലിയില്‍ വനാതിര്‍ത്തിയില്‍ നിര്‍മിച്ച ട്രഞ്ചില്‍ വീണ് 15 വയസ് പ്രായമുള്ള പിടിയാന ചെരിഞ്ഞിട്ടും അധികമായിട്ടില്ല. ആനകളുടെ നിര്‍ത്താതെയുള്ള ചിഹ്നംവിളി കേട്ട് വനം വകുപ്പ് ജീവനക്കാര്‍ ചെന്നുനോക്കിയപ്പോഴാണ് ആന ട്രഞ്ചില്‍ വീണ് കിടക്കുന്നത് കണ്ടത്. എന്നാല്‍ കാട്ടാനക്കൂട്ടം ജീവനക്കാരെ അടുപ്പിച്ചിരുന്നില്ല. പിന്നീട് പിറ്റേദിവസം ഏറെ പ്രയാസപ്പെട്ടായിരുന്നു കാട്ടാനകളെ ഓടിച്ച് ഉദ്യോഗസ്ഥര്‍ക്കും മറ്റും ജഡത്തിന് സമീപത്താന്‍ സാധിച്ചത്. വയനാട്ടില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നതിനിടെയാണ് നാട്ടിലിറങ്ങിയ കാട്ടാനയെ കുളുകുന്ന് മേഖലയില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. അപകടകാരണം പൂര്‍ണമായി വ്യക്തമാകാന്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.


Click it and Unblock the Notifications