രണ്ട് കോടി പോരെന്ന് യുഎഇ കോടതി: ഇന്ത്യന്‍ വിദ്യാർത്ഥിക്ക് നഷ്ടപരിഹാരമായി 11 കോടിയിലേറെ രൂപ
ദുബായ്: ദുബായില്‍ ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന് 5 ദശലക്ഷം ദിർഹം (11 കോടിയിലധികം രൂപ) നഷ്ടപരിഹാരം നല്‍കിയേക്കും. 2019-ൽ ദുബായിൽ 12 ഇന്ത്യക്കാരുൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിക്കാണ് നഷ്ടപരിഹാരം ലഭിക്കുകയെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് ബെയ്ഗ് മിർസയെന്ന 20 കാരനാണ് ഭീമന്‍ നഷ്ടപരിഹാരത്തിന് അർഹനായിരിക്കുന്നത്. ഒമാനിൽ നിന്ന് യു എ ഇയിലേക്ക് പോവുകയായിരുന്ന ബസ് ദുബായിൽ വെച്ച് അപകടത്തില്‍പ്പെടുകയും ആകേയുണ്ടായിരുന്ന 31 യാത്രക്കാരിൽ 17 പേരും മരിക്കുകയായിരുന്നു. യാത്രക്കാരില്‍ ഏറെയും ഇന്ത്യക്കാരായിരുന്നു.

വലിയ വേഗതയില്‍ എത്തിയ ബസ് മെട്രോ സ്റ്റേഷൻ പാർക്കിംഗിന്റെ എൻട്രി പോയിന്റിൽ ഓവർഹെഡ് ഹൈറ്റ് ബാരിയറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഇടത് ഭാഗം പൂർണ്ണമായും തകർന്നു. ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് വിധിച്ച കോടതി ഒമാൻ സ്വദേശിയായ ഡ്രൈവർക്ക് 7 വർഷം തടവും 3.4 മില്യൺ ദിർഹം നഷ്ടപരിഹാരം ഇരകളുടെ കുടുംബത്തിന് നൽകാനും വിധിക്കുകയായിരുന്നു.
പ്രാഥമിക ഒത്തുതീർപ്പ് കോടതിയായ യു എ ഇ ഇൻഷുറൻസ് അതോറിറ്റി തുടക്കത്തിൽ തന്റെ കക്ഷിക്ക് ഒരു മില്യൺ ദിർഹം നഷ്ടപരിഹാരമായി നൽകാനായിരുന്നു വിധിച്ചതെന്നാണ് മിർസയുടെ അഭിഭാഷകനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. തുടർന്ന് ഹരജിക്കാർ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയെ സമീപിച്ചു. ഇതോടെ നഷ്ടപരിഹാര തുക 5 മില്യൺ ദിർഹമായി പുതുക്കി വിധിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു.
ബന്ധുക്കൾക്കൊപ്പം അവധിക്കാലം ചിലവഴിച്ച് മസ്‌കറ്റിൽ നിന്ന് മടങ്ങുന്നതിനിടെയാണ് മിർസ അപകടത്തിൽ പെട്ടത്. റിപ്പോർട്ട് അനുസരിച്ച്, മിർസയെ ദുബായിലെ ആശുപത്രിയിൽ രണ്ട് മാസത്തിലേറെയായി പ്രവേശിപ്പിച്ചു. 14 ദിവസം അബോധാവസ്ഥയിലായിരുന്നു. ആശുപത്രി വിട്ടതിന് ശേഷവും മാസങ്ങളോളം ചികിത്സ തുടരേണ്ടി വന്നു.
മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയുടെ ഭാഗമായി അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതര പരിക്കേറ്റതിനാല്‍ പഠനം പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ മിർസയ്ക്ക് മസ്തിഷ്ക ക്ഷതം സംഭവിച്ചു, അതിനാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ, തലയോട്ടി, ചെവി, വായ, ശ്വാസകോശം, കൈകൾ, കാലുകൾ എന്നിവയ്‌ക്കേറ്റ പരിക്കുകളും ഫോറൻസിക് മെഡിക്കൽ വിദഗ്ധർ കോടതിയെ ബോധ്യപ്പെടുത്തി. മിർസയുടെ തലച്ചോറിന് 50 ശതമാനം സ്ഥിരമായ ക്ഷതം സംഭവിച്ചുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുഎഇ സുപ്രീം കോടതി ഇൻഷുറൻസ് കമ്പനിയോട് ഉയർന്ന നഷ്ടപരിഹാരം നൽകാൻ നിർദേശിക്കുകയായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.












Click it and Unblock the Notifications