വായനക്കരുടെ ലോകത്തില്‍ പങ്കെടുക്കാന്‍ കവി മുരുകന്‍ കാട്ടാക്കടയും എഴുത്തുകാരന്‍ സേതുവുമെത്തി

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ഡി സി ബുക്‌സും സംയുക്തമായി നടത്തുന്ന'വായനക്കാരുടെ ലോകം' എന്ന പുസ്തകോത്സവത്തില്‍ നോവലിസ്റ്റ് സേതു, കവി മുരുകന്‍ കാട്ടാക്കട എന്നിവര്‍ പങ്കെടുത്തു. സാഹിത്യത്തോടും, ഭാഷയോടും, കേരളത്തോടും സ്‌നേഹമുള്ളവരാണ് ഗള്‍ഫിലെ വായനക്കാരെന്ന് സേതു അഭിപ്രായപ്പെട്ടു. 'വായനക്കാരുടെ ലോകം' എന്ന ഈ പരിപാടി അഭിനന്ദനാര്‍ഹമായ ഒരു സംരംഭമാണെന്നും, ഇത് മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണം എന്നും സേതു പറഞ്ഞു.

vayana-1

ഇന്ത്യയിലെ തന്നെ മറ്റു ഭാഷകളെ വച്ച് നോക്കിയാല്‍ മലയാളത്തിലാണ് കൂടുതല്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നത്. പുസ്തകമേളകള്‍ ഇതിനുദാഹരണം ആണ്. വായന മരിക്കുന്നില്ല എന്ന സൂചനകളാണ് ഇത് നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പുസ്തകം വായിച്ചിട്ടു അടച്ചു വക്കുമ്പോളാണ് യഥാര്‍ത്ഥത്തില്‍ വായന തുടങ്ങുന്നത്, അതിലെ കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ വളരാന്‍ തുടങ്ങുന്നത്. ഈ അനുഭവം തന്നെയാണ് വായനയുടെ ഏറ്റവും വലിയ പ്രത്യേകതയെന്നും സേതു നിരീക്ഷിച്ചു.

vayana-2

തന്റെ നോവലുകളെക്കുറിച്ചും ഒരു എഴുത്തുകാരന്‍ എന്ന നിലയിലുള്ള അനുഭവങ്ങളും അദ്ദേഹം സദസ്സുമായി പങ്കു വച്ചു. ആശാവഹമായ ഒരു സംരംഭമായാണ് പുസ്തകമേളയെ കാണുന്നതെന്ന് കവി മുരുകന്‍ കാട്ടാക്കട പറഞ്ഞു. ഭാഷ ഒരു സംസ്‌കാരമാണ്, ഭാഷ നഷ്ടപ്പെടുമ്പോള്‍ ഒരു സംസ്‌കാരമാണ് നശിക്കുന്നത്. പുതിയ തലമുറ പുസ്തകങ്ങളിലേക്കു തിരിച്ചു വരുന്ന കാഴ്ചയാണ് പുസ്തകമേള സമ്മാനിച്ചത്. അതിനാല്‍ സംഘാടകരോട് പ്രത്യേകം നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പലായനത്തിനിടെ കടലില്‍ മുങ്ങി മരിച്ച സിറിയന്‍ അഭയാര്‍ത്ഥി ബാലനായ ഐലാന്‍ കുര്‍ദിയെക്കുറിച്ചെഴുതിയ കവിത അദ്ദേഹം ആലപിച്ചു.

vayana-3

പിന്നീട് നന്മകള്‍ക്കു ചന്തം കുറവുള്ള കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് ഓര്‍മിപ്പിച്ചു ' നെല്ലിക്ക' എന്ന കവിതയും മുരുകന്‍ കാട്ടാക്കട ചൊല്ലി. കണ്ണട , ബാഗ്ദാദ് എന്നി കവിതകളും, സിനിമ ഗാനങ്ങളായി എത്തിയ ചങ്ങമ്പുഴ കവിതകളും സദസ്സിനോപ്പം ആലപിച്ചാണ് മുരുകന്‍ കാട്ടാക്കട വേദി വിട്ടത്. യു .എ .ഇ വായനാ വര്‍ഷാചരണത്തോടനുബന്ധിച്ചു നടത്തുന്ന 'വായനക്കാരുടെ ലോകം' എന്ന പരിപാടി അബുദാബി മദിനത് സയ്യദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനടുത്തുള്ള ലുലു ടെന്റിനലാണ് നടക്കുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാര്‍ ഡിസംബര്‍ 9 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ വായനക്കാരുമായി സംവദിക്കാന്‍ എത്തും.

English summary
Dubai malayalis to celebrate the year of reading with Lulu and DC Books
Please Wait while comments are loading...