
2.7 മില്യണ്‍ തട്ടിയെടുത്ത് ഓടിയ കള്ളനെ തടഞ്ഞുവെച്ച് ഇന്ത്യക്കാരന്‍; സർപ്രൈസുമായി ദുബായ് പോലീസ്
2.7 മില്യൺ ദിർഹം (735,190 ഡോളർ) പണവുമായി കടന്നുകളയാൻ ശ്രമിച്ച മോഷ്ടാവിനെ തടഞ്ഞു വെച്ച ഇന്ത്യക്കാരനായ പ്രവാസിക്ക് ദുബായ് പോലീസിന്റെ അംഗീകാരം.ദുബായിലെ നായിഫ് ജില്ലയിലെ ഒരു കടയിൽ ജോലി ചെയ്യുന്ന 32 കാരനായ കേശുർ കാര ചാവഡ കരു ഘേലയ്ക്കാണ് ദുബായ് പോലീസിന്റെ അംഗീകാരം.
സംഭവത്തിന് പിന്നാലെ ദുബായി പോലീസ് ഇദ്ദേഹത്തെ അഭിനന്ദിക്കാൻ എത്തിയപ്പോൾ ഇദ്ദേഹം ആകെ അമ്പരുന്നുപോയി. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ജോലിസ്ഥലത്ത് സന്ദർശിച്ചപ്പോൾ ചാവഡ "ആശ്ചര്യപ്പെട്ടു" എന്ന് ദുബായ് പോലീസ് പ്രസ്താവനയിൽ പറയുന്നു

ഇദ്ദേഹത്തിന് ദുബായ് പോലീസിൽ നിന്ന് അഭിനന്ദന സർട്ടിഫിക്കറ്റ് ലഭിച്ചു.നായിഫ് പോലീസ് സ്റ്റേഷൻ ഡയറക്ടർ മേജർ ജനറൽ താരിഖ് തഹ്‌ലക് പറയുന്നതനുസരിച്ച്, രണ്ട് ഏഷ്യക്കാർ നൈഫ് ഏരിയയിൽ 4,250,000 ദിർഹം അടങ്ങിയ രണ്ട് ബാഗുകളിൽ വ്യത്യസ്ത കറൻസികളുള്ള പണവുമായി വരുമ്പോഴാണ് സംഭവം.മോഷ്ടാവ് ഏഷ്യക്കാരെ തടയുകയും 2,757,158 ദിർഹം അടങ്ങുന്ന രണ്ട് ബാഗുകളിൽ ഒന്ന് തട്ടിയെടുക്കുകയും ചെയ്തുവെന്ന് ദുബായ് പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

"രണ്ട് ഏഷ്യക്കാർ സഹായത്തിനായി നിലവിളിച്ചപ്പോൾ, മോഷ്ടിച്ച ബാഗുമായി മോഷ്ടാവ് തന്റെ അടുത്തേക്ക് ഓടുന്നത് കേശുർ കണ്ടു, അദ്ദേഹം ധൈര്യത്തോടെ അവനെ നേരിട്ടു, അവനുമായി മല്പിടുത്തമായി തുടങ്ങി, പോലീസ് പട്രോളിംഗ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുന്നതുവരെ ചാവാഡ മോഷ്ടാവിനെ നിലത്ത് നിർത്തി." തഹ്‌ലാക്ക് പ്രസ്താവനയിൽ പറഞ്ഞു.

"ഞാൻ ആളുടെ അടുത്തേക്ക് ഓടിച്ചെന്ന് അവനെ പിടികൂടി. അയാൾക്ക് ഏതാണ്ട് എന്റെ വലിപ്പമുണ്ടായിരുന്നു, അതിനാൽ അവനെ കീഴടക്കുക എളുപ്പമായിരുന്നില്ല. ഞാൻ അവനെ നെഞ്ചിൽ അടിച്ചു, നിലത്തേക്ക് തള്ളിയിട്ട് മറ്റുള്ളവർ സഹായിക്കാൻ വരുന്നതുവരെ അവനെ മുറുകെ പിടിച്ചു," ചാവഡ പറഞ്ഞു. ബാഗ് വാങ്ങിച്ച് ഉടമകൾക്ക് തിരികെ നൽകി. ചാവഡയുടെ പെരുമാറ്റം സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ പ്രതിബദ്ധതയും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ വിവേകവും പ്രതിഫലിപ്പിക്കുന്നു എന്നാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡന്റ് ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞത്..

ചാവാഡയെ അദ്ദേഹത്തിന്റെ ജോലിസ്ഥലത്തും സഹപ്രവർത്തകർക്കും അയൽക്കാർക്കുമിടയിൽ ആദരിക്കുന്നത് കമ്മ്യൂണിറ്റി പങ്കാളിത്തം എന്ന ആശയം ശക്തിപ്പെടുത്തുന്നതിലും വ്യക്തികൾക്കിടയിൽ ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിലും ദുബായ് പോലീസിന്റെ താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായ് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ ആദരിച്ചതിൽ അഭിമാനവും സന്തോഷവും പ്രകടിപ്പിച്ച ചാവഡ, ഇത് തനിക്ക് എക്കാലവും വിലമതിക്കുന്ന ബഹുമതിയായ മെഡലാണെന്നും ദുബായ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.