യുഎഇ: ടയര്‍ മാറ്റാനെത്തിയവര്‍ 25ലക്ഷം കവര്‍ന്നു
ദുബായ്: ടയര്‍ മാറ്റാനെന്ന വ്യാജേനയെത്തി 1.48 ലക്ഷം(25 ലക്ഷത്തോളം രൂപ) ദിര്‍ഹം കവര്‍ന്ന ചിലിയന്‍ സ്വദേശികളെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു. ഖാലിദ് ബിന്‍ വലീദ് തെരുവിലാണ് സംഭവം. രണ്ടു ചെക്കുകളുമായി ബാങ്കിലെത്തിയ 39കാരനാണ് ഈ ദുരനുഭവം.
ചെക്ക് മാറിയ പണം കാറില്‍ സൂക്ഷിച്ചതിനുശേഷം മറ്റൊരു ബാങ്കില്‍ ചെക്ക് നിക്ഷേപിച്ച് മടങ്ങി വന്നപ്പോഴാണ് കാറിന്റെ ടയര്‍ പഞ്ചറായതായി കണ്ടത്. സ്‌പെയര്‍ ടയറെടുത്ത് മാറ്റാനുള്ള ശ്രമത്തിനിടെ ഒരാള്‍ അടുത്തെത്തി സഹായിക്കണോ എന്നു ചോദിക്കുകയായിരുന്നു.

അയാളുടെ കൂടെയുണ്ടായിരുന്നവര്‍ ടയര്‍ മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍ കുറച്ച് കഴിഞ്ഞ് എല്ലാവരും മടങ്ങി. ടയര്‍ മാറ്റിയിട്ടില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത പെട്രോള്‍ സ്‌റ്റേഷനിലേക്ക് കാര്‍ എത്തിച്ചു. ടയര്‍ മാറ്റുകയും ചെയ്തു. ജുമൈരയിലെ ബാങ്കിലെത്തി പണം നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടതായി അറിഞ്ഞത്.
ഉടന്‍ തന്നെ കമ്പനിയുമായി ബന്ധപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ തിരച്ചിലില്‍ ചിലി സ്വദേശികളായ നാലു പേര്‍ പിടിയിലായി. മോഷ്ടിച്ച പണം ഇവര്‍ താമസിക്കുന്ന സ്ഥലത്തുനിന്നും പോലിസ് കണ്ടെടുത്തു. കാര്‍ ടയര്‍ പഞ്ചറാക്കിയതും ഇവര്‍ തന്നെയാണെന്ന് പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications