പ്രവാസികള്‍ക്ക് ഇന്ത്യയിലേക്ക് വഴി തുറക്കുന്നു; കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു, സുപ്രധാന യോഗം
ദില്ലി: ഗള്‍ഫിലും യൂറോപ്പിലുമായി കുടുങ്ങിക്കിടക്കുന്ന പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വഴിതുറക്കുന്നു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വിഷയത്തില്‍ കത്തയച്ചു. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതുവരെ നടക്കാതെ പോയത്.
കേന്ദ്രത്തെ നിര്‍ബന്ധിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ലെന്നാണ് കഴിഞ്ഞദിവസം കേരള ഹൈക്കോടതി നിലപാട് സ്വീകരിച്ചത്. പ്രവാസികളെ തിരികെ കൊണ്ടുവരണമെന്ന് കേരള സര്‍ക്കാര്‍ പലതവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നീക്കത്തിന് തുടക്കമിട്ടിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഗള്‍ഫിലെ പല രാജ്യങ്ങളും
ഗള്‍ഫിലെ പല രാജ്യങ്ങളും പ്രവാസികളെ നാട്ടിലേക്ക് അയക്കുന്നതിന് സന്നദ്ധ പ്രകടിപ്പിച്ചിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ വിദേശികള്‍ അവരുടെ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തത് കാരണം ഇന്ത്യക്കാര്‍ക്ക് യാത്ര സാധിച്ചിരുന്നില്ല.

കുടുങ്ങിയത് ഇവര്‍
ഇന്ത്യക്കാര്‍ കൂടുതല്‍ കുടുങ്ങി കിടക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണ്. വിസിറ്റിങ് വിസയില്‍ പോയവരും ടൂറിസ്റ്റ് വിസയില്‍ പോയവരുമടക്കം ജോലി നഷ്ടമായവര്‍ വരെ നാട്ടിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇവര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്ക് കത്ത്
പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരിക്കുകയാണിപ്പോള്‍. സംസ്ഥാനങ്ങള്‍ പ്രവാസികളെ സ്വീകരിക്കാന്‍ നടത്തിയ തയ്യാറെടുപ്പുകള്‍ സംബന്ധിച്ച് അറിയുകയാണ് ലക്ഷ്യം. സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന മറുപടി പ്രകാരം തുടര്‍നടപടി സ്വീകരിക്കും.

ക്യാബിനറ്റ് സെക്രട്ടറി യോഗം വിളിക്കും
സംസ്ഥാനങ്ങളുടെ മറുപടി ലഭിച്ചാല്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗോഹയുടെ നേതൃത്വത്തില്‍ ഉടന്‍ യോഗം ചേരും. നാട്ടിലേക്ക് വരാന്‍ തയ്യാറുള്ള പ്രവാസികളുടെ കണക്കുകള്‍ വിദേശകാര്യ മന്ത്രാലയം എംബസികള്‍ മുഖേന ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

പരിശോധിക്കുന്ന കാര്യങ്ങള്‍
എത്ര പ്രവാസികള്‍ തിരിച്ചെത്തും. അവര്‍ തിരിച്ചെത്തിയാല്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കമാണോ. ആരോഗ്യ സുരക്ഷ നല്‍കാന്‍ സാധിക്കുമോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചുവരുന്നത്. കേരളം ഇക്കാര്യത്തില്‍ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

രണ്ടര ലക്ഷത്തോളം പേരെ
രണ്ടര ലക്ഷത്തോളം പേരെ താമസിപ്പിക്കാനുള്ള സൗകര്യമാണ് കേരളം ഒരുക്കിയിട്ടുള്ളത്. എല്ലാ ജില്ലകളിലും പ്രത്യേകം സൗകര്യമാണ് ഒരുക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പ്രവാസികള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഈ രണ്ട് ജില്ലകളിലും കൂടുതല്‍ സൗകര്യമൊരുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

കേരളം മാത്രം തയ്യാറായാല്‍ പോര
എന്നാല്‍ കേരളം മാത്രം സന്നദ്ധ പ്രകടിപ്പിച്ചാല്‍ പ്രവാസികള്‍ക്ക് തിരിച്ചെത്താന്‍ സാധിക്കില്ല. മറ്റു സംസ്ഥാനങ്ങളുടെ അനുമതി കൂടി ലഭിക്കണം. ഇതിനാണ് എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ വിവരം ലഭിച്ച ശേഷമാകും തുടര്‍ നടപടി.

മെയ് മാസത്തില്‍ സാധ്യത
സൗദിയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക മെയ് മാസത്തിലാകുമെന്ന സൂചന നേരത്തെ പുറത്തുവന്നിരുന്നു. സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും ഇതുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ എത്തി. തല്‍ക്കാലം വിദേശത്ത് തുടരൂ എന്നാണ് സുപ്രീംകോടതി പറഞ്ഞത്. കേന്ദ്രത്തെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് ഹര്‍ജി മാറ്റിവയ്ക്കുകയാണ് ഹൈക്കോടതി ചെയ്തത്.

സൗദിയില്‍ നിന്ന് യാത്ര തുടങ്ങി
അതേസമയം, സൗദി അറേബ്യയില്‍ നിന്ന് വിദേശികള്‍ മാതൃരാജ്യത്തേക്ക് പുറപ്പെട്ടു തുടങ്ങി. ഫിലിപ്പീന്‍സുകാര്‍ക്ക് പിന്നാലെ സിംഗപ്പൂര്‍ സ്വദേശികളും അവരുടെ രാജ്യത്തെത്തി. വെള്ളിയാഴ്ച രാവിലെ 85 പേരുമായി പ്രത്യേക വിമാനം സിംഗപ്പൂര്‍ സിറ്റിയിലെത്തി. സൗദിയില്‍ പഠിക്കുന്ന 40 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് സര്‍ക്കാര്‍ അയച്ച വിമാനത്തില്‍ നാട്ടിലെത്തിയത്.

പ്രത്യേക സര്‍വീസ്
സൗദി അറേബ്യ എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നെങ്കിലും വിദേശികളെ തിരിച്ചയക്കാന്‍ പ്രത്യേക സര്‍വീസിന് ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. ഈജിപ്തിലുള്ള പൗരന്‍മാരെയും സിംഗപ്പൂര്‍ കഴിഞ്ഞദിവസം നാട്ടിലെത്തിച്ചിരുന്നു. വിദേശികളെ നാട്ടിലേക്ക് അയക്കാന്‍ സൗദി അറേബ്യ വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കാത്തതാണ് തടസം.
Recommended Video

രണ്ടു പദ്ധതികള്‍
വിദേശികളെ നാട്ടിലേക്ക് അയക്കാന്‍ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തൊഴില്‍ കരാറുകള്‍ അവസാനിച്ചും ഫൈനല്‍ എക്‌സിറ്റ് നേടിയും നാട്ടില്‍ പോകാനാകാതെ കുടുങ്ങിയവര്‍ക്കാണ് അവസരം. അബ്ഷീര്‍ വഴി അപേക്ഷിച്ച് നാട്ടിലെത്താനുള്ള അവസരം ആഭ്യന്തര മന്ത്രാലയവും ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications