മകളെ ടോയ്‌ലറ്റിലിട്ടു പൂട്ടി, മരിച്ചപ്പോള്‍ മൃതദേഹം സൂക്ഷിച്ചത് 5 വര്‍ഷം; യുവതിയുടെ ശിക്ഷ ശരിവെച്ച് കോടതി
കെയ്റോ: വീട്ടിലെ ടോയ്ലറ്റില്‍ മകളെ പൂട്ടിയിട്ടതിനും പിന്നീട് മരിച്ച ശേഷം മൃതദേഹം അഞ്ച് വര്‍ഷത്തോളം അവിടെ സൂക്ഷിച്ചതിനും യുവതിക്ക് നല്‍കിയ ജീവപര്യന്തം ശിക്ഷ കുവൈറ്റ് അപ്പീല്‍ കോടതി ശരി വെച്ചു. കുവൈറ്റ് സ്വദേശിയായ യുവതിയുടെ ശിക്ഷയാണ് കോടതി ശരി വെച്ചത്.
മകളെ കൊലപ്പെടുത്തിയതിനും മൃതദേഹം വീട്ടില്‍ സൂക്ഷിച്ചതിനും മേയില്‍ ആണ് ക്രിമിനല്‍ കോടതി യുവതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നത്. ക്രിമിനല്‍ വിചാരണയ്ക്കിടെ യുവതി കുറ്റസമ്മതം നടത്തിയിരുന്നു.

മകള്‍ ടോയ്‌ലറ്റിനുള്ളില്‍ മരിച്ചതായി കണ്ടെത്തിയെന്നും നിയമപരമായ ശിക്ഷ ഭയന്ന് അധികാരികളെ അറിയിച്ചില്ലെന്നും ആണ് യുവതി പറഞ്ഞത്. അതിനാലാണ് മൃതദേഹം സൂക്ഷിച്ചുവെച്ചത് എന്നും യുവതി പറഞ്ഞതായി കുവൈറ്റ് മാധ്യമമായ അല്‍ അന്‍ബ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം തന്റെ സഹോദരിയെ തടവിലാക്കിയിട്ടുണ്ട് എന്ന് അമ്മ തന്നോട് പറഞ്ഞതായും തടവിലാക്കിയ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി കുടുംബവീട്ടില്‍ നിന്ന് മാറി താമസിക്കുമെന്ന് പറഞ്ഞതിന് ശേഷമാണ് മരണവാര്‍ത്ത തന്നോട് പറഞ്ഞതെന്നും ആണ് യുവതിയുടെ മകന്‍ പറയുന്നത്. 2021 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
മകളെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അവളുടെ പെരുമാറ്റം നിയന്ത്രിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നുമാണ് യുവതി കോടതിയില്‍ പറഞ്ഞത്. അതേസമയം 2012 മുതല്‍ മകളെ വീടിനുള്ളിലെ ഒരു ചെറിയ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. പിന്നീട്, മകളെ ടോയ്ലറ്റിനുള്ളില്‍ കിടത്തുകയും അവിടെ വെച്ച് അവള്‍ മരിക്കുകയുമായിരുന്നു.
അഞ്ച് വര്‍ഷത്തിനിടെ, മൃതദേഹത്തിന്റെ ഗന്ധം പുറത്തേക്ക് പരക്കാതിരിക്കാന്‍ യുവതി ജനാലകള്‍ വെല്‍ഡിംഗ് ചെയ്യുകയും വെന്റിലേറ്ററുകള്‍ സ്ഥാപിക്കുകയും ചെയ്തു എന്നാണ് കുവൈറ്റിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കുറ്റവാളിയുടെയോ മകളുടെയോ പ്രായം വ്യക്തമല്ല.












Click it and Unblock the Notifications