ഗള്‍ഫില്‍ നിന്ന് സ്വര്‍ണം വാങ്ങുന്ന പ്രവാസികള്‍ സൂക്ഷിക്കുക; ഗുണം മെച്ചം, വില തുച്ഛം... പക്ഷേ കെണിയുണ്ട്
ദുബായ്: ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് അവധിക്ക് വരുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരാത്ത പ്രവാസികള്‍ വളരെ കുറവാണ്. വീട്ടിലുള്ളവരെ സന്തോഷിപ്പിക്കാനോ ആസ്തിയായി സൂക്ഷിക്കാനോ ഒക്കെയായി ഇത്തരത്തില്‍ ആഭരണങ്ങളും കോയിനുകളും കൊണ്ടുവരാറുണ്ട്. ഗള്‍ഫില്‍ സ്വര്‍ണത്തിന് നാട്ടിലേതിനേക്കാള്‍ വിലക്കുറവാണ് എന്നതാണ് ഒരു കാര്യം. മാത്രമല്ല, ഗുണമേന്മയുള്ള സ്വര്‍ണം ലഭിക്കുകയും ചെയ്യും.
ഇതാണ് പ്രവാസികളെ ആകര്‍ഷിക്കാന്‍ കാരണം. പ്രവാസികളെ ലക്ഷ്യമിട്ട് ജ്വല്ലറികള്‍ ഒട്ടേറെ ആകര്‍ഷകമായ പദ്ധതികള്‍ നടപ്പാക്കുന്നുമുണ്ട്. എന്നാല്‍ ഇങ്ങനെ സ്വര്‍ണം കൊണ്ടുവരുമ്പോള്‍ ഒരുപിടി കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ അഴിയെണ്ണേണ്ടി വരും...

നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന സ്വര്‍ണത്തിന് പരിധിയുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കൊണ്ടുവരാവുന്ന ആഭരണത്തിന്റെ അളവ് വ്യത്യസ്തമാണ്. പരിധി ലംഘിക്കുന്നവര്‍ നികുതി ഒടുക്കേണ്ടി വരും. അല്ലെങ്കില്‍ പിടിവീഴും. വലിയ തുക പിഴ ഈടാക്കും. രേഖകള്‍ വെട്ടിച്ച് നാട്ടിലേക്ക് സ്വര്‍ണം കൊണ്ടുവരുന്നവരും നിരവധിയാണ്. ഇത്തരത്തിലുള്ളവരാണ് വിമാനത്താവളത്തില്‍ പിടിയിലാകുന്നത്.

നാട്ടിലേക്ക് സ്വര്‍ണം എത്തുന്നതിന് കടുത്ത നിയന്ത്രണമാണ് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്വര്‍ണം വലിയ തോതില്‍ എത്തുന്നത് നിരുല്‍സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടി. ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അത്തരത്തില്‍ കണക്കുകള്‍ കൂട്ടുമ്പോള്‍ ഗള്‍ഫില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതില്‍ വലിയ ലാഭം കാണില്ല.

സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് തടസമില്ല. ഇതിന് നികുതി അടയ്‌ക്കേണ്ടതില്ല. എന്നാല്‍ പരിധി കഴിഞ്ഞാല്‍ നികുതി അടയ്ക്കല്‍ നിര്‍ബന്ധമാണ്. പുരുഷന്മാര്‍ക്ക് 50000 രൂപയുടെ സ്വര്‍ണം മാത്രമേ നികുതിയില്ലാതെ കൊണ്ടുവരാന്‍ സാധിക്കു. കസ്റ്റംസ് ഡ്യൂട്ടി അടച്ച ശേഷം ഒരു കിലോ ഗ്രാം സ്വര്‍ണക്കട്ടികയോ കോയിനോ കൊണ്ടുവരാന്‍ സാധിക്കും.

ഗള്‍ഫില്‍ താമസിക്കേണ്ട കാലം, നാട്ടില്‍ നില്‍ക്കുന്ന സമയ പരിധി എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് സ്വര്‍ണം ഇറക്കുമതി സാധ്യമാകൂ. ദിവസങ്ങള്‍ മാത്രം ഗള്‍ഫില്‍ താമസിച്ച് സ്വര്‍ണം കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് ചുരുക്കം. പാസ് പോര്‍ട്ട് കൈവശമുള്ള വ്യക്തിക്കാണ് സ്വര്‍ണം ഇറക്കുമതി സാധിക്കുക. സ്വര്‍ണം കൊണ്ടുവരുന്ന ദിവസത്തെ മൂല്യമാണ് വിലയായി കണക്കാക്കുക. അതുപ്രകാരമുള്ള നികുതിയാണ് ഒടുക്കേണ്ടത്. ഇതിന്റെ രേഖകളും കൈവശം കരുതണം.

സ്വര്‍ണം വാങ്ങിയത് എവിടെ നിന്നാണ് എന്ന് തെളിയിക്കുന്ന രേഖ സ്വര്‍ണക്കട്ടിയില്‍ പതിച്ചിരിക്കണം. നിയമപരമല്ലാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരം ഇടപാട് നടത്താന്‍ പാടില്ല. എത്ര തൂക്കമുണ്ട്, ആരാണ് നിര്‍മാതാക്കള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വ്യക്തമാക്കുന്ന മുദ്ര വേണം. നികുതികളും മറ്റു നിരക്കുകളും പരിഗണിച്ചാല്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് വലിയ ലാഭകരമാകില്ല.

അതേസമയം, കേരളത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില ഇടിയുകയാണ്. ആയിരം രൂപയുടെ ഇടിവാണ് മൂന്ന് ദിവസത്തിനിടെയുണ്ടായത്. വില ഉയര്‍ന്നതിന് പിന്നാലെയാണ് ഓരോ ദിവസവും കുറഞ്ഞുവരുന്നത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിലെ മാറ്റത്തിന് അനുസരിച്ചുള്ള ഇടിവാണ് ഇവിടെ സംഭവിക്കുന്നത്. മാത്രമല്ല ഡോളര്‍ മൂല്യം വര്‍ധിക്കുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.












Click it and Unblock the Notifications