ദുബായ് നഗരസഭയുടെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്ത ഷവര്‍മ കടകള്‍ പൂട്ടി!
മെയ് മാസത്തിലാണ് നഗരസഭ ഷവര്‍മ കടകള്‍ പാലിക്കേണ്ട മിനിമം സൗകര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ അറിയിപ്പുകള്‍ കൈമാറിയത്.
ദുബായ്: ആരോഗ്യ സംരക്ഷണത്തിനും സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കി ദുബായ് നഗരസഭ പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാത്ത ഏതാണ്ട് 133 ഓളം ഷവര്‍മ കടകള്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കിയതായി ദുബായ് നഗരസഭ അറിയിച്ചു. മെയ് മാസത്തിലാണ് നഗരസഭ ഷവര്‍മ കടകള്‍ പാലിക്കേണ്ട മിനിമം സൗകര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ അറിയിപ്പുകള്‍ കൈമാറിയത്. ഒക്ടോബര്‍ 31 ന് മുന്‍പ് മാറ്റങ്ങള്‍ നടപ്പിലാക്കിയിരിക്കണമെന്നും നഗരസഭ ഉടമകളോട് ആവശ്യപ്പെട്ടിരുന്നു.
572 ഓളം ഷവര്‍മ സ്റ്റാളുകളാണ് എമിറേറ്റില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 141 കടകള്‍ ഇപ്പോഴും പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ഇനിയും ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈകൊള്ളുമെന്നും ദുബായ് നഗരസഭാ പരിശോധനാ വിഭാഗം മേധാവി സുല്‍ത്താന്‍ അല്‍ താഹിര്‍ വ്യക്തമാക്കി. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ഷവര്‍മ വില്‍ക്കുന്ന കടകള്‍ക്ക് നഗരസഭ കല്‍പിക്കുന്ന സ്ഥല സൗകര്യം ഉണ്ടായിരിക്കണം. ഷവര്‍മയുമായി ബന്ധപ്പെട്ട ഇറച്ചി ഇനങ്ങളും പച്ചക്കറികളും വെവ്വേറെ സൂക്ഷിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കണം. പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ഷവര്‍മ കൈകാര്യം ചെയ്യുന്ന വ്യക്തിക്ക് തന്റെ ജോലി തടസ്സമില്ലാതെ ചെയ്യാനുള്ള സൗകര്യവും മാലിന്യം കളയുന്നതിനും ഉപകരണങ്ങള്‍ വ്യത്തിയായി സൂക്ഷിക്കുന്നതിനും വേണ്ട മതിയായ സ്ഥല സൗകര്യം ഉറപ്പുവരുത്തണം. ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് അടക്കമുളള വസ്തുക്കള്‍ ശരിയായ താപനിലയില്‍ സൂക്ഷിച്ചിരിക്കണം.

രാജ്യത്ത് നിലവിലുള്ള കാലാവസ്ഥയ്ക്കനുസരിച്ചുളള രീതിയിലാണ് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും നഗരസഭ തയ്യാറല്ലെന്നും സുല്‍ത്താന്‍ അല്‍ താഹിര്‍ അറിയിച്ചു. പച്ചക്കറികളും ഇറച്ചി വസ്തുക്കളും ഒരുമിച്ച് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കടയുടമകളോട് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ദുബായ് എമിറേറ്റിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധനകള്‍ സംഘടിപ്പിച്ചതായും ദുബായ് നഗരസഭ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.












Click it and Unblock the Notifications