ഒമ്പത് വർഷത്തിനിടെ ജാഫറിന് ലോട്ടറി അടിച്ചത് 175 കോടി രൂപ; ഒന്നും സ്വന്തമായിരുന്നില്ല, വന്‍ തട്ടിപ്പ്
ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനത്തുക പതിനായിരത്തിന് മുകളിലാണെങ്കില്‍ കേരളത്തിലെ നിയമം അനുസരിച്ച് 30 ശതമാനം നികുതിയാണ് ലോട്ടറി വകുപ്പ് സമ്മാനർഹരിൽ നിന്ന് ഈടാക്കുന്നത്. ഇത് 50 ലക്ഷത്തിന് മുകളിലാണെങ്കില്‍ പാന്‍കാര്‍ഡ് ഉടമകളായ സമ്മാനാര്‍ഹര്‍ സര്‍ചാര്‍ജും സെസും നല്‍കേണ്ടതുണ്ട്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് വേണ്ടി ചലി സംഘങ്ങള്‍ ലോട്ടറി ജേതാക്കളെ കണ്ടെത്തി മുഴുവന്‍ തുകയും കൈമാറി ടിക്കറ്റ് കരസ്ഥമാക്കുന്ന സംഭവങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇത്തരത്തിലുള്ള ഒരു സംഘം നടത്തിയ വലിയ തട്ടിപ്പിനെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോള്‍ അമേരിക്കയില്‍ നിന്നും പുറത്ത് വരുന്നത്.

21 മില്യണ്‍ ഡോളർ, അതായത് ഏകദേശം 170 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് ഇത്തരം തട്ടിപ്പിലൂടെ അമേരിക്കയിലെ മസാച്യുസെറ്റ്‌സ് സ്വദേശികളായ പിതാവും രണ്ട് മക്കളും സ്വന്തമാക്കിയത്. സമ്മാനത്തുക കൈപ്പറ്റുന്നതിന് വേണ്ടി ഇവർ നിരവധി തവണ മസാച്യുസെറ്റ്‌സ് ലോട്ടറി വകുപ്പ് അധികൃതരെ സമീപിച്ചിരുന്നു. ഇതോടെയാണ് സംശയം തോന്നിയ ലോട്ടറി വകുപ്പ് ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

ഈ അന്വേഷണത്തിലാണ് ഇതിന് പിന്നില്‍ വലിയൊരു തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ കണ്ടെത്തിയത്. പ്രദേശത്ത് നിരവധി തവണ ലോട്ടറി അടിച്ചവരുണ്ടെങ്കിലും ഈ മൂന്ന് വ്യക്തികള്‍ ഒരിക്കലും ലോട്ടറി സമ്മാനത്തിന് അർഹരായിട്ടില്ലെന്നും ഡിസ്ട്രിക്റ്റ് ഓഫ് മസാച്യുസെറ്റ്‌സിന് വേണ്ടി പ്രവർത്തിക്കുന്ന യുഎസ് അറ്റോർണി ഓഫീസ് വ്യക്തമാക്കുന്നു.

അലി ജാഫർ എന്ന 63 കാരനും മക്കളുമാണ് തട്ടിപ്പ് കേസിലെ പ്രതികകള്‍. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയില്‍ സമ്മാന അർഹമായ 14,000 ലോട്ടറി ടിക്കറ്റുകളാണ് ഇവർ ലോട്ടറി വകുപ്പില്‍ നിന്നും മാറ്റിയെടുത്തത്. ജേതാക്കള്‍ക്ക് നികുതി അടയ്ക്കാതിരിക്കാനും പണം മാറുന്നവർക്ക് നികുതി റീഫണ്ട് സ്വയം സ്വീകരിക്കാനുമുള്ള ഈ തട്ടിപ്പിലൂടെ 170 കോടിയിലേറെ രൂപയാണ് ഇരുവരും മാറിയെടുത്തതെന്നും പ്രോസിക്യൂട്ടർമാർ വാദിക്കുന്നു.
Hair care: പനംകുല പോലെയുള്ള മുടി വേണോ: വെറും രണ്ട് മുട്ടയുടെ വെള്ള മതി

ഇന്റേണൽ റവന്യൂ സർവീസിനെ കബളിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും തെറ്റായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനും ഗൂഢാലോചന നടത്തിയതിനും വാട്ടർടൗണിൽ താമസിക്കുന്ന അലി ജാഫറും യൂസഫ് ജാഫറും കുറ്റക്കാരാണെന്ന് ജൂറി കണ്ടെത്തിയതായും ഡിസ്ട്രിക്റ്റ് ഓഫ് മസാച്യുസെറ്റ്‌സ് ഓഫീസ് ഡിസംബർ 10-ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

സംഭവത്തില്‍ അലി ജാഫറിന്റെ മൂത്തമകന്‍ മുഹമ്മദ് ജാഫർ കഴിഞ്ഞ മാസം നാലിന് തന്നെ കേസില്‍ കുറ്റസമ്മതം നടത്തിയിരുന്നു. "മസാച്യുസെറ്റ്‌സ് ലോട്ടറിയെയും ഇന്റേണൽ റവന്യൂ സർവീസിനെയും കബളിപ്പിച്ച്, ഈ മൂന്ന് പേരും നിയമം സംവിധാനത്തെ വഞ്ചിക്കുകയും കഠിനാധ്വാനം ചെയ്ത നികുതിദായകരുടെ ദശലക്ഷക്കണക്കിന് ഡോളർ കൈക്കലാക്കുകയും ചെയ്തു," യുഎസ് അറ്റോർണി റേച്ചൽ എസ്. റോളിൻസ് പ്രസ്താവനയിൽ പറയുന്നു.

''നികുതി അടയ്ക്കലും മറ്റ് കാര്യങ്ങളും ഒഴിവാക്കാന്‍ ലോട്ടറി ജേതാക്കളെ സഹായിക്കുന്നതിന് ലോട്ടറി സമ്മാനങ്ങൾ വഞ്ചനാപരമായി ക്ലെയിം ചെയ്യാനുള്ള ഏതൊരു ശ്രമവും ലോട്ടറി വകുപ്പ് ഗുരുതരമായ കുറ്റമായാണ് കാണുന്നത്," മസാച്യുസെറ്റ്സ് സ്റ്റേറ്റ് ലോട്ടറിയുടെ ഇടക്കാല എക്സിക്യൂട്ടീവ് ഡയറക്ടർ മാർക്ക് വില്യം ബ്രാക്കൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

2011 നും 2019 നും ഇടയിൽ, കൺവീനിയൻസ് സ്റ്റോർ തൊഴിലാളികൾ ഉൾപ്പെടെയുള്ള മറ്റുള്ളവരുമായി ചേർന്ന് ലോട്ടറി വിജയികളില്‍ നിന്നും പത്ത് ശതമാനം മാത്രം കിഴിവിലാണ് ജാഫറും മക്കളും ലോട്ടറികള്‍ കൈപ്പറ്റിയിരുന്നത്. ഇതിലൂടെ ലോട്ടറി ജേതാക്കള്‍ക്ക് നികുതിയിനത്തില്‍ വലിയ തുക ലാഭിക്കാന്‍ സാധിക്കും.

പിന്നീട് പല അവസരങ്ങളിലായി, മൂന്ന് പേരും ചേർന്ന് വിജയിച്ച ടിക്കറ്റുകൾ സ്വന്തമായി ക്ലെയിം ചെയ്യുകയും മസാച്യുസെറ്റ്സ് ലോട്ടറി കമ്മീഷനിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റുകയുമായിരുന്നു. കോടതി രേഖകൾ പ്രകാരം 2016 ഏപ്രിൽ 29-ന് ഒരു കൺവീനിയൻസ് സ്റ്റോർ ക്ലർക്കിൽ നിന്ന് അലി ജാഫർ 20,000 ഡോളർ വിലമതിക്കുന്ന ലോട്ടറി ടിക്കറ്റ് കിഴിവിൽ വാങ്ങിയത് എങ്ങനെയെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കുന്നുണ്ട്.

2019 ലാണ് ലോട്ടറി വകുപ്പ് വിജയികളുടെ രേഖ പരിശോധിക്കുന്നത്. ഈ പരിശോധനയില്‍ കഴിഞ്ഞ 10 വർഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ സമ്മാനം നേടിയ വ്യക്തി അലി ജാഫറാണെന്ന് മസാച്യുസെറ്റ്‌സിലെ ലോട്ടറി ഉദ്യോഗസ്ഥർ കണ്ടെത്തുന്നത്. ഈ പട്ടികയില്‍ മുഹമ്മദ് ജാഫർ മൂന്നാം സ്ഥാനത്തും യൂസഫ് ജാഫർ നാലാം സ്ഥാനത്തുമായിരുന്നു. ഇതോടെയായാണ് സംശയം തോന്നിയ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചത്.

സമ്മാനം കൈപ്പറ്റിയതിന് ശേഷം "ആദായനികുതി റിട്ടേണുകളിൽ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഓരോ ലോട്ടറി വിജയവും മൂന്ന് പേരും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ശേഷം വ്യാജ നികുതിയിളവിനും അവകാശപ്പെടും. ഇതിലൂടെ ഫെഡറൽ ആദായനികുതി ഒഴിവാക്കി നികുതി റീഫണ്ടുകൾ സ്വീകരിക്കാനും സാധിക്കുന്നു. ഇത്തരത്തില്‍ മൂന്ന് പേർക്കുമായി നിയമവിരുദ്ധമായി 1.2 മില്യൺ ഡോളറിലധികം നികുതി റീഫണ്ട് ലഭിച്ചതായും പ്രോസിക്യൂട്ടർമാർ പറയുന്നു

മാർച്ച് എട്ടിന് മുഹമ്മദ് ജാഫറിന്റെ ശിക്ഷ വിധിക്കുമെന്നാണ് റിപ്പോർട്ട്. അലി ജാഫറിന്റെ ശിക്ഷ ഏപ്രിൽ 11 നും യൂസഫ് ജാഫറിന്റെ ശിക്ഷ ഏപ്രിൽ 13 നും പ്രഖ്യാപിക്കും. "ലോട്ടറിയുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതോടൊപ്പം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് നിയമപാലകരുമായി സഹകരിക്കാൻ മാസ് ലോട്ടറി നടത്തുന്ന ശ്രമങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണാവും ഇവർക്കുള്ള ശിക്ഷാ വിധിയെന്ന് മസാച്യുസെറ്റ്‌സ് സ്റ്റേറ്റ് ലോട്ടറി കമ്മീഷൻ അധ്യക്ഷൻ വ്യക്തമാക്കി












Click it and Unblock the Notifications