ജീവനക്കാര്‍ക്കായി 700 കോടി ദാനം ചെയ്ത മുതലാളി; ദിവസം സമ്പാദിക്കുന്നത് 1 കോടി, അറിയുമോ ഈ കോടീശ്വരനെ
ന്യൂഡല്‍ഹി: സൊമാറ്റോ, ഇങ്ങനൊരു കമ്പനിയെ കുറിച്ച് പറഞ്ഞാല്‍ എല്ലാവരും അറിയും. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഓണ്‍ലൈന്‍ ഡെലിവെറി സര്‍വീസാണ് അവരുടേത്. ഇതിന്റെ മുതലാളി ആരാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? പലര്‍ക്കും പേര് ഓര്‍മയുണ്ടാവില്ല. എന്നാല്‍ ഓര്‍ത്തുവെക്കേണ്ട, ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തയാളാണ് അദ്ദേഹം.
ഇന്ത്യന്‍ ബിസിനസ് ലോകത്തെ അത്ഭുത മനുഷ്യനെന്ന് വേണമെങ്കില്‍ വിളിക്കാം. ദീപീന്ദര്‍ ഗോയല്‍ സൊമാറ്റോയുടെ സിഇഒയും, സ്ഥാപകനുമാണ്. ജീവിതത്തില്‍ പല തടസ്സങ്ങള്‍ വന്നിട്ടും അതൊന്നും കാര്യമാക്കാതെ വിജയം നേടിയെടുത്തതാണ് ദീപീന്ദറിന്റെ ചരിത്രം.

ഇതിനോടകം 16 സ്റ്റാര്‍ട്ടപ്പുകളിലാണ് ദീപീന്ദര്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ഷെഫ്കാര്‍ട്ടും, അണ്‍അക്കാദമിയും പോലുള്ള പ്രമുഖമായ സ്റ്റാര്‍ട്ടപ്പുകളും അതിലുണ്ട്. അടുത്തിടെയാണ് താരത്തിന്റെ സമ്പത്ത് ഒരു ബില്യണ്‍ പിന്നിട്ടത്. കൊവിഡ് മഹാമാരി കാലത്ത് 700 കോടിയുടെ ഓഹരികള്‍ തൊഴിലാളികള്‍ക്കായി കൈമാറി അദ്ദേഹം ഞെട്ടിച്ചിരുന്നു.
തന്റെ കമ്പനിയുടെ ഡെലിവെറി പാര്‍ട്ണര്‍മാരുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് അദ്ദേഹം ഇത്രയും തുക ചെലവിട്ടത്. ഏതെങ്കിലും കമ്പനി ഉടമ ഇങ്ങനെ ചെയ്യുമോ എന്ന് സംശയമാണ്. ദീപീന്ദറിനെ ബിസിനസ് ലോകത്ത് വ്യത്യസ്തനാക്കി നിര്‍ത്തുന്നതും ഇത്തരം കാര്യങ്ങളാണ്.പഞ്ചാബിലെ മുക്തസര്‍ ജില്ലയിലാണ് ദീപിന്ദറിന്റെ ജനനം.
ശരാശരിയില്‍ താഴെ നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. എട്ടാം ക്ലാസില്‍ ദീപിന്ദര്‍ തോല്‍ക്കേണ്ടതായിരുന്നു. പരീക്ഷാ ഇന്‍വിജിലേറ്ററിന്റെ സഹായത്തോടെ അദ്ദേഹം വിജയിച്ചു. മൂന്നാം റാങ്കും അദ്ദേഹം സ്വന്തമാക്കി. ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു അത്. ഈ സംഭവം തന്റെ ജീവിതത്തെ മൊത്തത്തില്‍ മാറ്റിയെന്ന് ദീപിന്ദര്‍ മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
എട്ടാം ക്ലാസിലെ വിജയത്തിന് ശേഷം സ്‌കൂളിലെ റാങ്ക് ഹോള്‍ഡര്‍മാരിലൊരാളായി ദീപീന്ദര്‍ മാറുകയായിരുന്നു. കുടുംബത്തിന്റെ സഹായത്തോടെ ചണ്ഡീഗഡിലെ ഐഐടി പഠനത്തിനായിട്ടായിരുന്നു ദീപീന്ദര്‍ പിന്നീട് ശ്രമിച്ചത്. പക്ഷേ അവിടെ അദ്ദേഹത്തിന് തിളങ്ങാനായില്ല. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
ദീപീന്ദര്‍ പക്ഷേ തന്റെ പോരാട്ടം അവസാനിപ്പിച്ചില്ല. ഡല്‍ഹി ഐഐടിയുടെ പരീക്ഷ അദ്ദേഹം എഴുതി വിജയിക്കുകയും ചെയ്തു. പൊതുമധ്യത്തില്‍ ദീപീന്ദര്‍ അധികം വരാറില്ല. പബ്ലിസിറ്റിയും അദ്ദേഹത്തിന് താല്‍പര്യമില്ല. താന്‍ ചില സിലിബസ്സുകളില്‍ വളരെ പിന്നോട്ടായിരുന്നുവെന്ന് ദീപിന്ദര്‍ പറഞ്ഞതായി ഡിഎഎന്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ഗോയലിന്റെ ആസ്തി 650 മില്യണായി നേരത്തെ ഉയര്‍ന്നിരുന്നു. 5345 കോടി രൂപ വരും ഈ തുക. 2021ല്‍ സൊമാറ്റോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തപ്പോഴായിരുന്നു ഈ നേട്ടം. ആ സമയം 4.7 ശതമാനം ഓഹരി പങ്കാളിത്തം സൊമാറ്റോയില്‍ അദ്ദേഹത്തിനുണ്ടായിരുന്നു.
കമ്പനിയില്‍ നിന്ന് അദ്ദേഹം ശമ്പളമൊന്നും കൈപറ്റുന്നില്ല. ഓഹരി തുകയായി പക്ഷേ 358 കോടി താരം വാങ്ങിയിരുന്നു. ഇന്‍സ്റ്റഗ്രാം ബയോയില്‍ സൊമാറ്റോ ഡെലിവെറി ബോയ് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഇടയ്ക്ക് ഭക്ഷണം ഡെലിവറി ചെയ്യാറുമുണ്ട് ദീപീന്ദര്‍. ഇത് കമ്പനിയെ പ്രൊമോട്ട് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ്.












Click it and Unblock the Notifications