വിവാഹത്തിനുള്ള അവധി അപേക്ഷ തള്ളി കമ്പനി ഉടമ, വിവാഹം വീഡിയോ കോളിലൂടെ നടത്തി യുവാവ്
ലണ്ടന്‍: പല അത്യാവശ്യ കാര്യങ്ങള്‍ക്കുമായിരിക്കും നമ്മള്‍ അവധിയെടുക്കുക. എന്നാല്‍ അവധിയെടുക്കുന്ന ദിവസം നമ്മള്‍ ഓഫീസില്‍ നിന്നുള്ള കോള്‍ വന്ന് കുടുങ്ങി പോയാല്‍ എന്തുചെയ്യും. ഇന്ത്യക്കാരായ കമിതാക്കള്‍ക്ക് ഇപ്പോള്‍ അത്തരമൊരു പ്രതിസന്ധി തേടി വന്നിരിക്കുകയാണ്.
ഇവര്‍ വിവാഹിതരാവാന്‍ വേണ്ടി കമ്പനിയിലെ ബോസിനോട് അവധി ചോദിച്ചിരുന്നു. എന്നാല്‍ അവധി ലഭിച്ചില്ലെന്ന് മാത്രമല്ല, ഇവര്‍ക്ക് വീഡിയോ കോളിലൂടെ വിവാഹം ചെയ്യേണ്ട അവസ്ഥ വന്നിരിക്കുകയാണ്. ഇത്തരത്തില്‍ വിവാഹം കഴിക്കാന്‍ നവ ദമ്പതിമാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. തുര്‍ക്കിയില്‍ ജോലി ചെയ്യുന്ന യുവാവിനാണ് ദുരവസ്ഥയുണ്ടായിരിക്കുന്നത്.

ഹിമാചല്‍ പ്രദേശില്‍ നിന്നുള്ളയാളാണ് വധു. അദ്‌നാന്‍ മുഹമ്മദ് എന്ന വരന്‍ ബിലാസ്പൂര്‍ സ്വദേശിയാണ്. തുര്‍ക്കിയില്‍ ജോലി ചെയ്യുന്ന അദ്‌നാന്‍ വിവാഹത്തിന്റെ ഭാഗമായി അവധിയെടുത്ത് നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ ഇയാളുടെ തുര്‍ക്കിക്കാരനായ ബോസ് അവധിക്കുള്ള അപേക്ഷ തള്ളിക്കളയുകയായിരുന്നു. ഇതോടെ വിവാഹത്തില്‍ എത്താനാവാത്ത അവസ്ഥയിലായി കാര്യങ്ങള്‍.
ഇതിനിടയില്‍ മറ്റൊരു സങ്കടം കൂടി ഇയാള്‍ക്കുണ്ടായിരന്നു. വധുവിന്റെ മുത്തച്ഛന്‍ അസുഖബാധിതനായിരുന്നു. ഇയാള്‍ പേരക്കുട്ടിയുടെ വിവാഹം കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഇതോടെയാണ് വിവാഹം വീഡിയോ കോളിലൂടെ നടത്താന്‍ ഇവര്‍ തീരുമാനിക്കുന്നത്.
ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ നിന്ന് ഹിമാചല്‍ പ്രദേശിലെ മാണ്ഡിയിലേക്ക് വരന്റെ കുടുംബം യാത്ര ചെയ്യുകയായിരുന്നു. ഒരു മതപണ്ഡിതന്റെ മേല്‍നോട്ടത്തില്‍ വിവാഹ കര്‍മങ്ങളെല്ലാം ഇവര്‍ വീഡിയോ കോളിലൂടെ നടത്തുകയായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേരാണ് ജോലി സ്ഥലത്തെ സമ്മര്‍ദത്തെ കുറിച്ച് അടക്കം കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം വീഡിയോ കോളിലൂടെ ദമ്പതിമാര്‍ വിവാഹം കഴിക്കുന്നത് ഇത് ആദ്യമായിട്ടല്ല. 2023 ജൂലായില്‍ ഇത്തരമൊരു സംഭവം നടന്നിരുന്നു. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ദമ്പതിമാര്‍ സംസ്ഥാനത്തെ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ഓണ്‍ലൈനിലൂടെയാണ് വിവാഹം നടത്തിയത്.
ഹിമാചലില്‍ ആ സമയം ആഘോഷങ്ങളൊന്നും നടത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ആശിഷ് സിംഗ, ശിവാനി താക്കൂര്‍ എന്നിവരാണ് വിവാഹിതരായത്. നേരത്തെ കൊവിഡ് സമയത്തും വിവാഹം ഇത്തരത്തില്‍ നടന്നിരുന്നു. ലോക്ഡൗണ്‍ കാരണം യാത്രകള്‍ പോലും അസാധ്യമായിരുന്ന ഘട്ടത്തിലാണ് ഇത്തരം വിവാഹങ്ങള്‍ നടന്നിരുന്നത്.
കേരളത്തിലും കൊവിഡ് സമയത്ത് വിഘ്‌നേശിന്റെയും അഞ്ജലിയുടെയും വിവാഹങ്ങള്‍ ഓണ്‍ലൈന്‍ വഴി നടന്നിരുന്നു. സൂം വീഡിയോ കോളിലൂടെയാണ് വിവാഹം നടന്നത്. അതിഥികളും ഇതോടൊപ്പം ചേര്‍ന്നിരുന്നു. വരന്റെ വീട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.












Click it and Unblock the Notifications