വാഹന നമ്പറിന് ലേലത്തില്‍ വീശിയത് 122 കോടി, ഗിന്നസ് ലോക റെക്കോര്‍ഡ്; ഞെട്ടി സോഷ്യല്‍ മീഡിയ
ഇഷ്ടമുള്ള ഒരു കാര്‍ സ്വന്തമാക്കുമ്പോള്‍ നമ്മല്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് നല്ല അടിപൊളി ഒരു നമ്പര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന്. കാരണം, നമ്പര്‍ എന്ന് പറയുന്നത് ആ വാഹനത്തിന്റെ ഐഡന്റിറ്റി കൂടിയാണ്. ഇന്ത്യയില്‍ മോട്ടോര്‍ വാഹനവകുപ്പാണ് നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നത്. ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി അതിന് ലക്ഷക്കണക്കിന് രൂപ ചെലവാക്കി ഫാന്‍സി നമ്പര്‍ എടുക്കുന്നവരെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഇഷ്ട നമ്പറിനോടുള്ള ആഗ്രഹമാണ് പലരും വലിയ തുക ചെലവാക്കി നമ്പര്‍ സ്വന്തമാക്കുന്നത്.
എന്നാല്‍ കോടിക്കണക്കിന് രൂപ ചെലവാക്കി നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കുന്നതിന് കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. കേട്ടപ്പോള്‍ നിങ്ങള്‍ ഒന്നു ഞെട്ടിക്കാണും അല്ലേ. എന്നാല്‍ കോടിക്കണക്കിന് രൂപ ചെലവാക്കി നമ്പര് പ്ലേറ്റ് സ്വന്തമാക്കിയ ഒരു വാഹന ഉടമയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ വാഹന ഉടമ ഇന്ത്യയില്‍ അല്ല, മറിച്ച് യു എ ഇയിലാണ്.

യു എ ഇയില്‍ ലേലത്തിലാണ് ഫാന്‍സി നമ്പരുകള്‍ വാഹന ഉടമകള്‍ സ്വന്തമാക്കാറുള്ളത്. പല നമ്പരുകളും ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവിട്ടാണ് സ്വന്തമാക്കാറുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് ദുബായില്‍ നടന്ന ലേലമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. ഈ ലേലത്തില്‍, ഏറ്റവും കൂടുതല്‍ പണം കൊണ്ടുവന്നത് പി 7 എന്ന നമ്പര്‍ പ്ലേറ്റാണ്. ഈ നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയ തുകയുണ്ടെങ്കില്‍ മുംബൈയില്‍ വലിയൊരു ആംഡംബര ഫ്‌ളാറ്റ് തന്നെ വാങ്ങാം.
55 മില്യണ്‍ ദിര്‍ഹം ചെലവിട്ടാണ് വാഹന ഉടമ പി 7 എന്ന നമ്പര്‍ സ്വന്തമാക്കിയത്. അതായത് ഏകദേശം 122 കോടി ഇന്ത്യന്‍ രൂപ. ഇതോടെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ നമ്പര്‍ ലേലമെന്ന് വേണമെങ്കില്‍ വിളിക്കാം. ഈ ലേലം ലോക ഗിന്നസ് റെക്കോര്‍ഡിലും ഇടം നേടിയിട്ടുണ്ട്. എന്നാല്‍ ഈ നമ്പര്‍ ആരാണ് വാങ്ങിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഉടമയുടെ പേരോ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
ജുമൈറയിലെ ഫോര്‍ സീസണ്‍ ഹോട്ടലില്‍ വച്ചാണ് ഈ ലേലം നടന്നത്. ഇതുകൂടാതെ മറ്റ് നിരവധി വി ഐ പി നമ്പരുകളും ലേലത്തില്‍ വിറ്റ് പോയിട്ടുണ്ട്. ലേലത്തില്‍ 100 മില്യണ്‍ ദിര്‍ഹമാണ് ലഭിച്ചത്. ഈ തുക റമദാനില്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉപയോഗിക്കും. കാറിന്റെ ലൈസന്‍സ് പ്ലേറ്റുകളും പ്രീമിയം സെല്‍ഫോണ്‍ നമ്പറുകളും 9.792 കോടി ദിര്‍ഹത്തിന് ലേലം ചെയ്തത്.












Click it and Unblock the Notifications