
സുധാകരൻ വിവാദം: യാത്രക്കാരൻ സീറ്റ് മാറിയിരുന്നാൽ, വിമാനം താഴെപോകുമോ? ചിലപ്പോൾ... ജെക്കബ് കെ ഫിലിപ് എഴുതുന്നു
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിമാന യാത്രക്കിടെ നടത്തിയ ചില ഇടപെടലുകൾ ആർജെ സൂരജ് പുറത്ത് കൊണ്ടുവന്നിരുന്നു. നിശ്ചയിക്കപ്പെട്ട സീറ്റിന് പകരം, താൻ ആഗ്രഹിക്കുന്ന സീറ്റിൽ ഇരിക്കുന്നതിനായി സുധാകരനും കൂടെയുണ്ടായിരുന്നവരും ഉണ്ടാക്കിയ പ്രശ്‌നം ആയിരുന്നു അത്. ആർജെ സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആവുകയും ചെയ്തു.
എന്നാൽ, പിന്നീട് സംഭവിച്ച കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. വിമാനത്തിലെ ജീവനക്കാർക്കെതിരെ നടപടിയിലേക്കും സൂരജിന്റെ സ്ഥാപനത്തിന്റെ വിശദീകരണ കുറിപ്പിലേക്കും എല്ലാം അത് നീണ്ടു. സുധാകരൻ അനുയായികളുടെ സൈബർ യുദ്ധങ്ങളും കേരളം കണ്ടു. വിമാനത്തിന്റെ വെയ്റ്റ് ബാലൻസിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആയിരുന്നു എയർ ഹോസ്റ്റസ് സുധാകരന് മുന്നിൽ വച്ചത്. അത് അത്ര ചെറിയ ഒരു കാര്യം ആയിരുന്നില്ല താനും. ഒരു യാത്രക്കാരൻ സീറ്റ് മാറിയിരുന്നാൽ പോലും അത് വിമാനത്തെ സംബന്ധിച്ച് ഏറെ നിർണായകം ആണെന്നാണ് ഏവിയേഷൻ എക്‌സ്‌പെർട്ടും ജേർണലിസ്റ്റും ആയ ജേക്കബ് കെ ഫിലിപ് പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

സുധാകരൻ-ഇൻഡിഗോ ചർച്ചകളൊതുങ്ങിയ സ്ഥിതിക്ക് സംഭവത്തെപ്പറ്റി ഉയർന്ന ഒരു ചോദ്യത്തിനു മാത്രം ചെറിയൊരു ഉത്തരം:
ഒരു യാത്രക്കാരൻ സീറ്റു മാറിയിരുന്നാൽ വിമാനമെന്താ താഴെപ്പോകുമോ ... ?
ചിലപ്പോൾ...
സ്വന്തം ഭാരവും യാത്രക്കാരുടെയും ചരക്കിന്റെയും ഇന്ധനത്തിന്റെയും ഭാരവുമായി സുരക്ഷിതമായി പറന്നു പൊങ്ങാനും പിന്നെ ആകാശത്ത് പറന്നു നീങ്ങാനുമെല്ലാം വിമാനത്തിന് കഴിയുന്നത്, ഈ ഭാരങ്ങളും വിമാനത്തിൽ അനുഭവപ്പെടുന്ന പുറമേ നിന്നുള്ള ബലങ്ങളും തമ്മിലുള്ള കൃത്യമായ തുലനം (ബാലൻസ്) പാലിക്കുന്നതു കൊണ്ടാണ്.

വിമാനത്തെ താഴേക്കു വലിക്കുന്ന ഭൂമിയുടെ ആകർഷണ ശക്തിയും(അതായത് വിമാനത്തിന്റെ ഭാരം തന്നെ), വിമാനത്തിന്റെ ചിറകിനടിയിൽ നിന്ന് മുകളിലേക്ക് തള്ളുന്ന ലിഫ്റ്റും തമ്മിലുള്ള തുലനം. ഈ തുലനം കാരണമാണ്, അഥവാ ഇവ രണ്ടും തുല്യമാകുമ്പോഴാണ് വിമാനം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നത്.
എൻജിന്റെ ബലത്തിൽ അതിവേഗം മുന്നോട്ടുള്ള വിമാനത്തിന്റെ ഗതിയും അതിനെതിരേ വിമാനത്തെ പിന്നാക്കം വലിക്കുന്ന, ഡ്രാഗ് എന്ന അന്തരീക്ഷ വായുവിന്റെ പ്രതിരോധവും തമ്മിലുള്ള തുലനം. ഓരോ നിമിഷവും വിമാനം മുന്നോട്ടു നീങ്ങണമെങ്കിൽ എൻജിൻ ഡ്രാഗിനെ തോൽപ്പിച്ച് വിമാനത്തിനു കൂടുതൽ തള്ളൽ നൽകിയേ പറ്റു.

വിമാനത്തിനുള്ളിലുള്ള ലോഡിന്റെ വിന്യാസം ആദ്യത്തെ തുലനത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ്. ഉദാഹരണമായി, വിമാനത്തിന്റെ മുൻഭാഗത്തെ സീറ്റുകളിൽ മാത്രമേ യാത്രക്കാരുള്ളൂ എന്നു കരുതുക. അവരുടെ ബാഗുകളും അവിടെത്തന്നെയാണെന്നും വിചാരിക്കുക. താഴെ കാർഗോ ഹോൾഡിലെ ചരക്കും മുൻഭാഗത്ത് കേന്ദ്രീകരിച്ചുവെന്നും സങ്കൽപ്പിക്കുക. റൺവേയിൽ നിന്ന് പറന്നുയരുന്ന വിമാനം മൂക്കുയർത്താൻ ഏറെ പാടുപെടേണ്ടി വരും. മുൻഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്ന ഭാരം മൂലം സദാ മൂക്കു കുത്താനുള്ള പ്രവണതയായിരിക്കും വിമാനത്തിന്. വിമാനത്തിന്റെ സെന്റർ ഓഫ് ഗ്രാവിറ്റി അല്ലെങ്കിൽ ഗുരുത്വാകർഷണ കേന്ദ്രം മുൻഭാഗത്തേക്കു നീങ്ങുന്നതു കൊണ്ടാണിത്. അതേപോലെ പിൻവശത്ത് ഭാരം കൂടിയാൽ, വിമാനത്തിന്റെ മൂക്ക് മുകളിലേക്കുയരാനുള്ള പ്രവണതയായിരിക്കും എപ്പോഴും. ടേക്കോഫിൽ എൻജിന് എത്ര ബലം കൊടുക്കേണ്ടിവരും, മൂക്ക് എത്ര ഉയർത്തണം, റൺവേയിൽ എത്ര ഓടുമ്പോഴാണ് ഉയരാൻ ശ്രമിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നതിൽ വിമാനഭാര ക്രമീകരണത്തിന് മുഖ്യപങ്കുണ്ടാകുന്നതിങ്ങിനെയാണ്. ഈ തീരുമാനങ്ങൾക്കായി, യാത്രക്കാരുടെ മാത്രമല്ല താഴെ കാർഗോ ഹോൾഡിലെ ചരക്കുകളുടെ ഭാരവും വിന്യാസവും പറക്കിലിനു മുമ്പേ തന്നെ പൈലറ്റിന് നൽകിയിരിക്കും.

എയർബസ് എ320 മുതൽ മുകളിലേക്ക് വലിപ്പമുള്ള വിമാനങ്ങളുടെയും ബോയിങ് 737 നും അതിലും വലിയ വിമാനങ്ങളുടെയും ബാലൻസിങ്ങിനെ യാത്രക്കാരുടെ വിന്യാസം കാര്യമായി ബാധിക്കില്ലെങ്കിലും ബോയിങ്ങ് 737, എയർബസ് എ320 തുടങ്ങിയവയേക്കാൾ കുറഞ്ഞത് 50 ടൺ ഭാരം കുറഞ്ഞ എടിആർ - 72 - 600 എന്ന ഈ ഇൻഡിഗോ വിമാനത്തിന് അതൊരു പ്രശ്‌നം തന്നെയാണ്. സുധാകരൻ കയറിയ വിമാനത്തിൽ പിൻഭാഗത്ത് ഭാരം കൂടുതലാണ് എന്ന് കണ്ടതുകൊണ്ടാവും പൈലറ്റ് ഏറ്റവും പിൻനിരയിലെ സീറ്റുകൾ ഒഴിച്ചിടാൻ നിർദ്ദേശിച്ചതും.
വിമാനം ടേക്കോഫ് ചെയ്തതിനു ശേഷം നേരെ പറന്നു തുടങ്ങുമ്പോൾ ഈ ബാലൻസിങ് വിമാനത്തിന്റെ തുലനത്തെ അത്ര ബാധിക്കില്ലെന്നതിനാൽ അന്നേരം സീറ്റു മാറുന്നതും നടക്കുന്നതുമൊന്നും സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളുമല്ല.

ഇനി ഈ വിമാനത്തിന്റെ സീറ്റുകളുടെ വിന്യാസം താഴെക്കൊടുത്തിരിക്കുന്നതു നോക്കുക.
ലോകമെങ്ങുമുള്ള യാത്രാ വിമാനങ്ങളിലെ സീറ്റുകൾക്ക് മാർക്കിടുന്ന ( ഇരിക്കാനും യാത്രചെയ്യാനും എത്രത്തോളം കൊള്ളാമെന്നതനുസരിച്ച്) സീറ്റ്ഗുരു എന്ന പോർട്ടലിന്റെ വിലയിരുത്തൽ അനുസരിച്ച് ഈ വിമാനത്തിൽ യാത്രചെയ്യാൻ ഏറ്റവും കൊള്ളാത്ത സീറ്റുകളാണ് പിന്നറ്റത്ത് ചുവപ്പിലും മഞ്ഞയിലും അടയാളപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണം സൂ്ക്ഷിക്കുന്ന ഗാലികൾ തൊട്ടടുത്താണെന്നുള്ളതും ടോയ്‌ലെറ്റുകളുടെ സാമീപ്യവുമാണ് ഈ സീറ്റുകൾ ഏറ്റവും അനഭിമതമാകാൻ കാരണം. ചുവന്ന സീറ്റുകൾക്ക് പിന്നോട്ട് ചെരിക്കാൻ ആവില്ലയെന്ന അധിക അസൗകര്യവുമുണ്ട്.
സ്വന്തം സീറ്റുപേക്ഷിച്ച് സുധാരകൻ ആവശ്യപ്പെട്ടത് ആ മഞ്ഞ സീറ്റുകളും.
(ജേക്കബ് കെ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്)

എന്തായാലും ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. കെ സുധാകരനെ പോലെ ഒരാൾ വിമാനത്തിൽ വച്ച് ഇത്തരം ഒരു വിവാദത്തിൽ പെട്ടിട്ടും മുഖ്യധാരാ മാധ്യമങ്ങളെ സംബന്ധിച്ച് എന്തുകൊണ്ട് അത് വലിയ വാർത്തയായില്ല എന്നാണ് പലരും ചോദിക്കുന്നത്. കൃത്യമായി ജോലി ചെയ്തതിന്റെ പേരിൽ ചിലരുടെ തൊഴിലിനെ പോലും ബാധിക്കുന്ന രീതിയിലേക്ക് ഈ വിവാദത്തെ എത്തിച്ചത് എന്തുകൊണ്ട് ചർച്ചയാകുന്നില്ല എന്നും പലരും ചോദിക്കുന്നുണ്ട്. ഇടത് അനുഭാവികൾ തന്നെയാണ് ഇത്തരം ഒരു വിഷയത്തെ ഉയർത്തിപ്പിടിക്കുന്നത്. സിപിഎമ്മിന്റേയോ ഇടതുപക്ഷത്തെ മറ്റേതെങ്കിലും പാർട്ടിയുടേയോ നേതാക്കളുടെ ഭാഗത്ത് നിന്നാണ് ഇങ്ങനെ ഒരു വിവാദം ഉണ്ടായിരുന്നത് എങ്കിൽ എങ്ങനെ ആയിരിക്കും മുഖ്യധാരാ മാധ്യമങ്ങളും പൊതുസമൂഹവും അതിനെ പരിഗണിക്കുക എന്ന ചോദ്യവും ഇവർ ഉയർത്തുന്നുണ്ട്.