സോഫ്റ്റ്വെയര്‍ അപ്‌ഡേഷനു ശേഷം ഡിസ്‌പ്ലേ അടിച്ചു പോയോ: ഫോണിന്റെ വില മാത്രമല്ല, നഷ്ടപരിഹാരവും കിട്ടും
തിരുവനന്തപുരം: സോഫ്റ്റ്വെയര്‍ അപ്‌ഡേഷന് ശേഷം മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേ അടിച്ചു പോയെന്ന നിരവധി പരാതികളാണ് അടുത്തകാലത്തായി ഉയർന്ന് വന്നത്. ഡിസ്പ്ലേ പൂർണ്ണമായി അടിച്ച് പോയില്ലെങ്കിലും പച്ച വര വന്ന മൊബൈലുകളും നിരവധിയാണ്. ചില ഫോണുകളൊക്കെ കമ്പനികള്‍ യാതൊരു പൈസ വാങ്ങാതെ തയ്യാറാക്കി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ചിലരുടെയെങ്കിലും കാര്യത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്നും അനുകൂല നടപടിയല്ല ഉണ്ടായത്. അത്തരത്തിലുള്ള അനുഭവം നേരിട്ട വ്യക്തിക്ക് നിയമ നടപടിയിലൂടെ നീതി ലഭിച്ച വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
സോഫ്റ്റ്വെയര്‍ അപ്‌ഡേഷന് ശേഷം മൊബൈല്‍ ഫോണ്‍ ഡിസ്‌പ്ലേയില്‍ ലൈന്‍ പ്രത്യക്ഷപ്പെടുകയും ഡിസ്‌പ്ലേ അവ്യക്തമാവുകയും ചെയ്ത ഉപഭോക്താവിന് ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കണമെന്നാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചത്. എറണാകുളം സ്വദേശിയും ഹൈക്കോടതി അഭിഭാഷകനുമായ എം ആര്‍ ഹരിരാജ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

2021 ഡിസംബറിലാണു ഹരിരാജ് 43999/ രൂപ വിലയുള്ള വണ്‍പ്ലസ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയത്. 2023 ജൂലൈയില്‍ ഓട്ടോമാറ്റിക് സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ നടന്നപ്പോള്‍ സ്‌ക്രീനില്‍ പിങ്ക് ലൈന്‍ പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഉപയോക്താവ് അംഗീകൃത സര്‍വീസ് സെന്ററിനെ സമീപിച്ചപ്പോള്‍ സ്‌ക്രീന്‍ സൗജന്യമായ മാറിത്തരാമെന്നും ഇപ്പോള്‍ ലഭ്യമല്ലെന്നും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
പിന്നീട് നിരന്തരം സര്‍വീസ് സെന്ററിനെ ബന്ധപ്പെട്ടപ്പോള്‍ 19000 രൂപയ്ക്ക് തിരിച്ചെടുക്കുകയോ ഡിസ്‌പ്ലേ ഓര്‍ഡര്‍ ചെയ്തത് വരുന്നതുവരെ കാത്തിരിക്കുകയോ ചെയ്യണമെന്ന് അറിയിച്ചു. ഒരു മാസത്തിനുശേഷം വീണ്ടും മറ്റൊരു ഗ്രീന്‍ ലൈന്‍ കൂടി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഉപയോക്താവ് സോഫ്റ്റ്വെയര്‍ അപ്‌ഡേഷന്‍ സ്വീകരിക്കാന്‍ കഴിയാത്ത തരത്തില്‍ നിര്‍മാണവേളയിലുണ്ടായ പ്രശ്‌നം ഫോണിന് ഉണ്ടായി എന്ന നിഗമനത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
ഭാവി അപ്ഡേറ്റുകളെ പരിഗണിക്കാത്ത ഫോണ്‍ നിര്‍മ്മാണമാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നും അപാകത സംഭവിച്ചിട്ടും അത് പരിഹരിക്കുന്നതിനു ഒരു നടപടിയും എതിര്‍കക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നതും സേവനത്തിലെ ന്യൂനതയാണെന്ന് ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളമായ ബെഞ്ച് അഭിപ്രായപ്പെട്ടു.
Recommended Video

പരാതിക്കാരന് ഉണ്ടായ സാമ്പത്തിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി ഫോണിന്റെ വിലയായ 43,999/ രൂപ തിരികെ നല്‍കുന്നതിനും കോടതി ചെലവ്, നഷ്ടപരിഹാരം ഇനങ്ങളില്‍ 35,000/ രൂപയും 45 ദിവസത്തിനകം നല്‍കാന്‍ എതിര്‍കക്ഷികളായ വണ്‍പ്ലസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ. ജിഷ ജി രാജ് ഹാജരായി. അതായാത് നിങ്ങള്‍ക്കോ അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തിനോ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കാവുന്നതാണ്.












Click it and Unblock the Notifications