ചായയില്‍ പഞ്ചസാരയോ ശര്‍ക്കരയോ നല്ലത്? ശര്‍ക്കരയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ ഒഴിവാക്കാം; ഇതാണ് യാഥാര്‍ത്ഥ്യം
ഭൂരിപക്ഷം മലയാളികള്‍ക്കും ഉണര്‍ന്ന് എഴുന്നേറ്റാല്‍ ഒഴിവാക്കാനാകാത്ത പാനീയമാണ് ചായ. എന്നും ചായ കുടിച്ച് ദിവസം തുടങ്ങുന്നതാണ് മലയാളികളുടെ ശീലം. ദിവസേനയുള്ള ചായയില്‍ പഞ്ചസാര ചേര്‍ത്ത് കുടിക്കുന്നത് അത്ര ആരോഗ്യകരമല്ലെന്ന് മിക്കവര്‍ക്കും അറിയാം. പലരും കരുതുന്നത് ശര്‍ക്കര ഉപയോഗിക്കുന്നതാണ് പ്രകൃതിദത്തം എന്നാണ്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. പഞ്ചസാരയും ശര്‍ക്കരയും പഞ്ചസാരയുടെ രൂപങ്ങള്‍ തന്നെയാണ്. ഈ രണ്ടു മധുരത്തെയും കണ്ണടച്ച് വിശ്വസിക്കാതെ കൃത്യമായി മനസിലാക്കി തിരഞ്ഞെടുക്കാനാണ് വിദഗ്ദ്ധരുടെ ഉപദേശം.
വ്യക്തിയുടെ ആരോഗ്യനില, ഭക്ഷണക്രമം എന്നിവ അനുസരിച്ച് വേണം പഞ്ചസാര വേണോ ശര്‍ക്കര വേണോ എന്ന് തീരുമാനിക്കാന്‍. വെളുത്ത പഞ്ചസാര അമിതമായി സംസ്‌കരിച്ചതാണ്. ഇത് സുക്രോസും കലോറിയും മാത്രമാണ് ശരീരത്തിന് നല്‍കുന്നത്. ഒരു ടീസ്പൂണില്‍ ഏകദേശം 16 കലോറി വരും, പോഷകങ്ങള്‍ ഒന്നുമില്ല താനും. ചൂടുള്ള ചായയില്‍ പഞ്ചസാര വേഗത്തില്‍ ലയിക്കുകയും രുചി നിലനിര്‍ത്തുകയും ചെയ്യും. എന്നാല്‍ അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാനും പ്രമേഹ സാധ്യത കൂട്ടാനും ഇടയാക്കും.

കരിമ്പിന്‍ നീരില്‍ നിന്നോ ഈന്തപ്പനയുടെ കള്ളില്‍ നിന്നോ ആണ് ശര്‍ക്കര നിര്‍മിക്കുന്നത്. വെളുത്ത പഞ്ചസാരയേക്കാള്‍ ശര്‍ക്കരയ്ക്ക് സംസ്‌കരണം കുറവാണ്. നേരിയ അളവില്‍ അയണ്‍, കാല്‍സ്യം, ചില ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഇതിലുണ്ട്. ഇന്ത്യയില്‍ പല കുടുംബങ്ങളും മഞ്ഞുകാലത്തെ പാനീയങ്ങളില്‍ ശര്‍ക്കര ഉപയോഗിക്കാറുണ്ട്.
രക്തത്തിലെ പഞ്ചസാരയില്‍ പഞ്ചസാരയും ശര്‍ക്കരയും സമാനമായി പ്രവര്‍ത്തിക്കുന്നു. ശര്‍ക്കരയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്തും. ഗ്ലൈസെമിക് ഇന്‍ഡെക്‌സ് പഞ്ചസാരയുടേതിന് സമാനമായി ഉയര്‍ന്നതാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇത് നല്ലതല്ല. മധുരങ്ങള്‍ പരിമിതപ്പെടുത്താനും കാര്‍ബോഹൈഡ്രേറ്റ് ഉപഭോഗം ശ്രദ്ധിക്കാനുമാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
ശര്‍ക്കരയും പഞ്ചസാരയും ഏകദേശം ഒരേ കലോറി നല്‍കുന്നു. മധുരത്തിനായി കൂടുതല്‍ ശര്‍ക്കര ഉപയോഗിച്ചാല്‍ കലോറി കൂടും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നതാണ് അഭികാമ്യം.
ശര്‍ക്കരയില്‍ നിന്നുള്ള പോഷകഗുണങ്ങള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചരിക്കുന്നത്. സാധാരണ ഉപയോഗത്തില്‍ അയണ്‍ വളരെ കുറവാണ്. കൂടിയ അളവില്‍ കഴിച്ചാല്‍ കൂടുതല്‍ കലോറി ശരീരത്തിലെത്തും. ശരീരത്തിലെ അയണിന്റെ അളവ് വര്‍ധിപ്പിക്കാന്‍ പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, സപ്ലിമെന്റുകള്‍ എന്നിവയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
ദഹനത്തിനും ചുമയ്ക്കും ശര്‍ക്കര ആശ്വാസം നല്‍കുമെന്ന് ചിലര്‍ കരുതുന്നു. ചൂടുള്ള ശര്‍ക്കരവെള്ളം വീട്ടുവൈദ്യത്തിന്റെ ഭാഗമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം വാദങ്ങള്‍ക്ക് തെളിവ് ഒന്നുമില്ല. ആസ്ത്മയോ അലര്‍ജിയോ ഉള്ളവര്‍ ശര്‍ക്കര ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം.
ശുചിത്വം മറ്റൊരു പ്രധാന പ്രശ്‌നമാണ്. പാക്ക് ചെയ്ത പഞ്ചസാര സാധാരണയായി ശുദ്ധീകരിച്ചതാണ്. എന്നാല്‍ ചെറുകിട യൂണിറ്റുകളില്‍ നിന്നുള്ള ശര്‍ക്കരയില്‍ ശുചിത്വ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പൊടി, സൂക്ഷ്മാണുക്കള്‍ എന്നിവയുടെ കലര്‍പ്പ് ഉണ്ടാവാം. ബ്രാന്‍ഡഡ് ശര്‍ക്കര വാങ്ങുന്നത് ഈ അപകടസാധ്യത കുറയ്ക്കും. വീട്ടില്‍ ജലാംശമില്ലാത്ത അടച്ച പാത്രങ്ങളില്‍ സൂക്ഷിക്കുന്നതും നല്ലതാണ്.
ദിവസേനയുള്ള ചായയില്‍ മധുരം കുറയ്ക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ശര്‍ക്കരയുടെ രുചി ഇഷ്ടപ്പെട്ടാല്‍ കുറഞ്ഞ അളവില്‍ ഉപയോഗിക്കാം. പ്രമേഹം, അമിതവണ്ണം, ഹൃദയരോഗങ്ങളുള്ളവര്‍ ശര്‍ക്കര ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറെ സമീപിക്കണം. ഏത് മധുരമാണെങ്കിലും, മൊത്തം പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിലാണ് യഥാര്‍ത്ഥ ആരോഗ്യഗുണം.












Click it and Unblock the Notifications