മഴയും കോടയും ആസ്വദിക്കണോ? സഞ്ചാരികളെ ഇതിലെ..കേരളത്തിൽ നിർബന്ധമായും പോകണം ഇവിടെ
മഴക്കാലത്തെ യാത്രയ്ക്ക് ഒരു പ്രത്യേക രസമാണെന്ന് പോയവർക്ക് അറിയാം, പ്രത്യേകിച്ച് കേരളത്തിൽ. ദൈവത്തിന്റെ സ്വന്തം നാട്ടിൽ മഴയത്ത് കാണാൻ അത്രയേറെ ഇടങ്ങളുണ്ട്. മഴ നനഞ്ഞ് കയറുന്ന ട്രെക്കിങും മഴയത്തെ ഓഫ് റോഡ് യാത്രകളും കുത്തിയൊലിടച്ച് പതിക്കുന്ന വെള്ളച്ചാട്ടങ്ങളും കണ്ടില്ലെങ്കിൽ മഴക്കാല യാത്രകൾ പൂർണ്ണമാവില്ല. മഴക്കാലത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട കേരളത്തിലെ ചില സ്ഥലങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. അതിൽ വെള്ളച്ചാട്ടവും ട്രെക്കിങ് ഹില്ലുകളുമെല്ലാം ഉൾപ്പെടും. വാ നോക്കാം
അതിരപ്പിള്ളി വെള്ളച്ചാട്ടം
മഴക്കാലത്തെ അതിരപ്പിള്ളിയുടെ സൗന്ദര്യം കണ്ട് തന്നെ അറിയണം. കുത്തി താഴോട്ട് ആഞ്ഞ് പതിക്കുന്ന വെള്ളച്ചാട്ടം കണ്ണിനേയും മനസിനേയും ഒരുപോലെ സന്തോഷിപ്പിക്കുന്ന കാഴ്ചയാണ്. 80 അടി ഉയരത്തിൽ നിന്നാണ് വെള്ളം താഴേക്ക് പതിക്കുന്നത്. റോഡിൽ നിന്ന് തന്നെ അതിരപ്പള്ളിയുടെ സൗന്ദര്യം സഞ്ചാരികൾക്ക് കാണാം. താഴേക്ക് ഇറങ്ങി ചെല്ലുന്തോറും വെള്ളച്ചാട്ടത്തിന്റെ രൗദ്രഭാവം സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. വെള്ളം കൂടുതൽ ഉള്ള സമയങ്ങളിൽ താഴേക്ക് ഇറങ്ങാൻ അനുമതി ഉണ്ടാകില്ല. മഴ തകർത്ത് പെയ്താൽ അതിരപ്പിള്ളിയിലേക്ക് പ്രവേശനം അനുവദിക്കില്ല. അതുകൊണ്ട് തന്നെ അക്കാര്യം കൂടി ശ്രദ്ധിച്ച് വേണം ഇവിടേക്കുള്ള യാത്ര.

മഴയത്തൊരു നടത്തമായാലോ
24 മണിക്കൂറും പെയ്യുന്ന മഴ, ഏത് നേരം വേണമെങ്കിലും മഴ നനയാം, അങ്ങനെയൊരു അനുഭവം നൽകുന്ന ഇടമാണ് കർണാടകയിലെ ആകുംബ. എന്നാൽ മുഴുവൻ സമയം മഴ ഉറപ്പ് നൽകാനാകില്ലെങ്കിലും മഴക്കാലത്ത് സഞ്ചാരികൾക്ക് ആസ്വദിക്കാനാകുന്നവൊരു മഴ നടത്തം അതിരപ്പള്ളിയിൽ സംഘടിപ്പിക്കാറുണ്ട്. തുമ്പൂര്‍മുഴി, അതിരപ്പിള്ളി, വാഴച്ചാല്‍ എന്നീ മൂന്നു സ്ഥലങ്ങളെ കൂട്ടിയിണക്കിയുള്ളതാണ് ഈ യാത്ര . ഷോളയാർ, പെരിങ്ങൽക്കുത്ത് ഡാം, ചാർപ്പ വെള്ളച്ചാട്ടം എന്നിവ കൂടി ഈ പാക്കേജിൽ ഉൾപ്പെടും.
ഇനിയൊരു ട്രെക്കിങ് സ്പോട്ടാകാം- റാണിപുരം
കാസർഗോഡുകാരുടെ ഊട്ടി, അതാണ് റാണിപുരം. മഴക്കാലത്ത് റാണിപുരത്തിന് ഒരു പ്രത്യേക ഭംഗിയാണ്. ഈ സമയത്ത് ട്രെക്കിങ്ങിനായി നിരവധി പേരാണ് ഇവിടെ എത്താറുള്ളത്. കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കടൽനിരപ്പിൽ നിന്നും 1048 മീറ്റർ ഉയരത്തിലാണ് ഈ ഹിൽ സ്റ്റേഷൻ. ചാറ്റൽ മഴയും കോടയുമെല്ലാം ആസ്വദിച്ച് മുകളിൽ എത്തുമ്പോൾ കാണുന്ന കാഴ്ച അതിമനോഹരമാണ്.
കാടില്ലാതെ എന്ത് മഴ, തേക്കടിയിലേക്ക് പോകാം
പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ തേക്കടിയിൽ മഴക്കാലത്ത് പലതരം പാക്കജേുകൾ ഉണ്ടാകാറുണ്ട്. മഴ കണ്ടും കേട്ടും അറിഞ്ഞും കാടിനുള്ളിലൊരു ദിവസം. താമസം മാത്രമല്ല, , ട്രെക്കിംഗ്, ജംഗിൾ പട്രോളിംഗ്, ബാംബൂ റാഫ്റ്റിംഗ്, ജംഗിൾ ക്യാമ്പ് തുടങ്ങി രസകരമായ വിനോദങ്ങളും സഞ്ചാരികൾക്ക് ആസ്വദിക്കാം.
മൂന്നാറും വയനും നെല്ലിയാമ്പതിയൊന്നും മറക്കല്ലേ
മഴക്കാലത്ത് ഈ മൂന്ന് സ്ഥലങ്ങൾ കാണണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷേ മഴ കനത്താൽ ഇവിടേക്കുള്ള പ്രവേശനം നിരോധിക്കാറുണ്ട്. അതിനാൽ അധികൃതരുടെ അറിയിപ്പ് കൂടി അറിഞ്ഞ ശേഷം യാത്ര പുറപ്പെടാം.












Click it and Unblock the Notifications