ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനമായി പുതിയ ട്രെയിന്‍; കാത്തരിപ്പ് സമയം കുറയും
ബെംഗളൂരുവിലെ ഐടി ഹബ്ബായ ഇലക്‌ട്രോണിക് സിറ്റി ഉള്‍പ്പെടെയുള്ള തിരക്കേറിയ സ്ഥലങ്ങളിലേക്കു രാവിലെ പോകുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഗതാഗതക്കുരുക്ക്. ഇതിനുള്ള വലിയൊരു പരിഹാരമായിരുന്നു ആര്‍വി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈന്‍. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് യെല്ലോ ലൈനിനെ ആശ്രയിക്കുന്നത്. എന്നാല്‍ ഈ റൂട്ടില്‍ മെട്രോ ട്രെയിനുകളുടെ കുറവ് യാത്രക്കാരെ വലച്ചിരുന്നു. നിലവില്‍ അഞ്ച് മെട്രോ ട്രെയിനുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.
ഇപ്പോഴിതാ യാത്രക്കാര്‍ക്കുള്ള പുതുവത്സര സമ്മാനമെന്ന നിലയില്‍ പുതിയ പ്രഖ്യാപനമാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) നടത്തിയിരിക്കുന്നത്. ഏഴാമതൊരു മെട്രോ ട്രെയിന്‍ കൂടി ഈ പാതയില്‍ വൈകാതെ സര്‍വീസ് ആരംഭിക്കും. ഡ്രൈവര്‍ ആവശ്യമില്ലാത്ത ട്രെയിനാണ് ഈ റൂട്ടിലെത്തുന്നത്.

കൊല്‍ക്കത്തയിലെ ടിറ്റഗഡില്‍ നിന്ന് ഡിസംബര്‍ 10-ന് പുറപ്പെട്ട ഈ ട്രെയിന്‍ സെറ്റ് ബെംഗളൂരു ഹെബ്ബഗോഡി ഡിപ്പോയില്‍ എത്തിച്ചേര്‍ന്നു. ഇതോടെ ആര്‍വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള പാതയില്‍ മെട്രോ സര്‍വീസുകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കും. പുതിയ ട്രെയിനുകള്‍ കൂടി എത്തുന്നതോടെ ട്രെയിനുകള്‍ തമ്മിലുള്ള കാത്തിരിപ്പ് സമയം എട്ടു മുതല്‍ 10 മിനിറ്റായി കുറയ്ക്കാന്‍ ബിഎംആര്‍സിഎല്ലിന് സാധിക്കും. ഇത് പ്രതിദിനമുള്ള യാത്രക്കാരുടെ തിരക്കും കുറയ്ക്കും.
ആറാമത്തെ ട്രെയിന്‍ സെറ്റ് എത്തിയതിന് തൊട്ടുപിന്നാലെയാണ് ഏഴാമത്തെ ട്രെയിനും എത്തിയത്. ആറാമത്തെ മെട്രോ ട്രെയിനിന്റെ സുരക്ഷാ പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഇത് ഡിസംബര്‍ അവസാന വാരത്തോടെ സര്‍വീസിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ എത്തിയിരിക്കുന്ന ഏഴാമത്തെ ട്രെയിന്‍ ജനുവരി മാസത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിച്ചേക്കുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.
19.15 കിലോമീറ്റര്‍ നീളമുള്ള ഈ മെട്രോ പാത നഗരത്തിലെ പ്രധാന വ്യാവസായിക, റെസിഡന്‍ഷ്യല്‍ ഹബ്ബുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. കൂടുതല്‍ ട്രെയിനുകള്‍ ട്രാക്കിലിറങ്ങുന്നതോടെ യാത്രക്കാരുടെ തിരക്ക് കുറയുകയും യാത്ര കൂടുതല്‍ സുഖകരമാവുകയും ചെയ്യും. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ എത്തിയ ഈ മെട്രോ ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് വലിയൊരു സമ്മാനമായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications