മഴയും മഞ്ഞും നൂൽമഴയും ആസ്വദിച്ച് ഗവി കറങ്ങാം; കുമളിയും കമ്പവും രാമക്കൽമേടും കണ്ട് മടങ്ങാം, പാക്കേജ്
കാറ്റും കോടമഞ്ഞും നൂൽമഴയും ആസ്വദിച്ച് കാനന പാതയിലൂടെ അതി സുന്ദരിയായ ഗവി കാണാൻ പോയാലോ? കണ്ണൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഗവിയിലേക്ക് ഈ മാസം രണ്ട് പ്രത്യേക പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 13 നും 21 നുമാണ് യാത്ര സംഘടിപ്പിക്കുന്നത്. ഗവി മാത്രമല്ല കേട്ടോ പരുന്തുംപാറയും കുമളിയും കമ്പവും രാമക്കൽമേടുമെല്ലാം സഞ്ചാരികൾക്കാണ് ഈ ദ്വിദിന യാത്രയിൽ ആഘോഷം. യാത്രയെ കുറിച്ച് കൂടുതൽ അറിയാം.
കണ്ണൂരിൽ നിന്നും വൈകീട്ട് അഞ്ചിനാണ് യാത്ര പുറപ്പെടുക. ഗവി യാത്രയിലെ പ്രധാന ആകർഷണം 90 കിമിയോളം നീളുന്ന കാട്ടിലൂടെയുള്ള ആനവണ്ടി യാത്ര തന്നെ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിലാണ് ഗവി. അതിമനോരഹര കാഴ്ചകളാണ് സഞ്ചാരികൾക്കായി ഗവി ഒരുക്കിവെച്ചിരിക്കുന്നത്. ഭാഗ്യമുണ്ടെങ്കിൽ വന്യമൃഗങ്ങളേയും കാണാം കേട്ടോ.

കെഎസ്ഇബിയുടെ കീഴിലുള്ള 8 ഡാമുകൾ ഈ വഴിയിൽ ഉണ്ട്. ഇതിൽ മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നിവയും യാത്രക്കാർക്ക് കാണാൻ അവസരം ഉണ്ട്. വന്യത ആസ്വദിച്ച് ഗവിയിൽ എത്തിയാൽ ഇവിടെ നിന്ന് ബോട്ട് സവാരിയും നടത്താം. അതുകഴിഞ്ഞ് ബസ് നേരെ പരുന്തുംപാറയിലേക്കാണ്.
ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പരുന്തംപാറ പീരുമേടിനും തേക്കടിക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഏറെ ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് ഇത്. വൈകീട്ടോടെ ഇവിടെയുള്ള കാഴ്ചകൾ കണ്ട് കെഎസ്ആർടിസി ഒരുക്കുന്ന താമസ സൗകര്യങ്ങളിലേക്ക് മടങ്ങാം. അന്ന് രാത്രി പ്രത്യേക കാമ്പ് ഫയറും താമസ സ്ഥലത്ത് ഒരുക്കിയിട്ടുണ്ടാകും. അടുത്ത ദിവസത്തെ യാത്രയിലെ പ്രധാന സ്ഥലങ്ങൽ കുമളിയും കമ്പവും രാമക്കൽമേടുമാണ്.
രാവിലെയോടെ ജീപ്പിലായിരിക്കും ഇവിടേക്കുള്ള യാത്ര. കറങ്ങേണ്ട പോലെ കറങ്ങിയാൽ ഈ മഴക്കാലത്ത് ഏറെ ആസ്വദിക്കാൻ പറ്റുന്ന സ്ഥലമാണ് കുമളി. കോടമഞ്ഞും തേയിലത്തോട്ടങ്ങളും അരുവികളുമെല്ലാം കുമളിയിലേക്ക് യാത്രക്കാരെ ആകർഷിക്കുന്നു. ഇവിടെ നിന്ന് തേനിയിൽ പോയി മുന്തിരിത്തോട്ടങ്ങളും ആസ്വദിച്ച് കഴിഞ്ഞാൽ പിന്നെ ഉച്ചഭക്ഷണത്തിനായി അൽപ സമയം വിശ്രമം. അത് കഴിഞ്ഞ് വണ്ടി നേരെ പോകുന്നത് രാമക്കൽമേടിലേക്കാണ്.കേരള-തമിഴ്‌നാട് അതിർത്തിയിൽ, സമുദ്രനിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. മലമുകളിലെ ഒരു പറുദീസ തന്നെയാണ് ഈ സ്ഥലം. അങ്ങനെ ഇവിടുത്തെ കാഴ്ചകളും കണ്ട് തീർത്താൽ വൈകീട്ടോടെ വണ്ടി നേരെ കണ്ണൂർക്ക് തിരിക്കും. യാത്രയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ 8089463675, 9496131288 നമ്പറിൽ ബന്ധപ്പെടാം












Click it and Unblock the Notifications