മലമ്പുഴയിൽ കറങ്ങാം, 'യക്ഷിയേയും' കാണാം; ആനവണ്ടിയിൽ കോഴിക്കോട് നിന്നൊരു അടിപൊളി വൺഡേ ട്രിപ്പ്...
കോഴിക്കോട്: ടൂറിസം കേരളത്തിന്റെ ഏറ്റവും പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ്. വിദേശ സഞ്ചാരികളുടെ ഇഷ്‌ട ഡെസ്‌റ്റിനേഷനുകളിൽ ഒന്നാണ് എന്നും ദൈവത്തിന്റെ സ്വന്തം നാട്. എന്നാൽ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ആഭ്യന്തര ടൂറിസ്‌റ്റുകളെ പരിഗണിച്ച് കൂടുതൽ പദ്ധതികൾ നടപ്പാക്കുകയാണ് നമ്മുടെ സംസ്ഥാനത്ത്, അതിന് മുന്നിൽ നിൽക്കുന്നതാവട്ടെ കെഎസ്ആർടിസിയും.
ചെറിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഒറ്റ ദിവസത്തെ ബജറ്റ് പാക്കേജുകൾ പ്രഖ്യാപിച്ചു കൊണ്ടാണ് കെഎസ്ആർടിസി കൈയ്യടി നേടുന്നത്. മലബാറിലെ, പ്രത്യേകിച്ച് കോഴിക്കോട് നിന്നുള്ളവർക്ക് കൂടുതൽ ഗുണകരമാവുന്ന ഒരു പാക്കേജിനെ കുറിച്ച് പലർക്കും അറിയില്ല എന്നതാണ് സത്യം. പാലക്കാട് ജില്ലയിലെ മലമ്പുഴയിലേക്കാണ് കെഎസ്ആർടിസിയുടെ ടൂറിസ്‌റ്റ് പാക്കേജ് നടപ്പാക്കി വരുന്നത്.

കോഴിക്കോട് ഡിപ്പോയിൽ നിന്ന് പുലർച്ചെയോടെ പുറപ്പെട്ട് പാലക്കാട് ജില്ലയിലെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ മലമ്പുഴ ഡാമും, ഗാർഡനും, പാലക്കാട് കോട്ടയും കണ്ടു തീർക്കുന്ന രീതിയിലാണ് ഈ പാക്കേജ്. അടുത്ത മാസം (ഡിസംബർ) പതിനഞ്ചിന് ശേഷമാണ് ഇനി ഈ പാക്കേജ് നടപ്പാക്കുക എന്നാണ് കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത്. 1100 രൂപയാണ് ഈ യാത്രയ്ക്ക് കെഎസ്ആർടിസി നിശ്ചയിച്ച നിരക്ക്.
മലമ്പുഴ ഗാർഡൻ
ദക്ഷിണേന്ത്യയിലെ ഏക റോക്ക് ഗാർഡനാണ് പാലക്കാട് ജില്ലയിലെ മലമ്പുഴയിലുള്ളത്. പൊട്ടിയ വളകൾ, ടൈലുകൾ, ഉപയോഗിച്ച പ്ലാസ്‌റ്റിക് ക്യാനുകൾ, ടിന്നുകൾ, മറ്റ് പാഴ് വസ്‌തുക്കൾ എന്നിവ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പ്രശസ്‌ത കലാകാരനും, പത്മശ്രീ അവാർഡ് ജേതാവുമായ നേക് ചന്ദ് ആണ് ഈ ഗാർഡൻ ഡിസൈൻ ചെയ്‌തത് എന്ന സവിശേഷത കൂടിയുണ്ട്.
കേരളത്തിന്റെ അഭിമാനമായ ശിൽപി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച യക്ഷി എന്ന ശിൽപ്പവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. പൂച്ചെടികളും ജലധാരകളും റോസ് ഗാർഡനുകളും ഏരിയൽ റോപ്‌വേയും ഒക്കെ അടങ്ങിയ ഇവിടം നിങ്ങൾക്ക് കടുംബത്തോടൊപ്പം ആസ്വാദ്യകരമായ നിമിഷം ചെലവഴിക്കാൻ ഏറ്റവും മികച്ച ഇടങ്ങളിൽ ഒന്നായിരിക്കും.
പാലക്കാട് കോട്ട
മൈസൂർ രാജാവായിരുന്ന ഹൈദരലി പണി കഴിപ്പിച്ചതാണ് ഈ കോട്ട. ഏതാണ്ട് രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ചരിത്ര സ്‌മാരകം അതീവ പ്രാധാന്യത്തോടെ ഇന്നും സംരക്ഷിച്ചുപോരുന്നു. പാലക്കാട് ജില്ലയിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ് ഇപ്പോൾ ഇവിടം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് ഇതിന്റെ സംരക്ഷണ ചുമതല.












Click it and Unblock the Notifications