വേനൽ പൊള്ളിക്കുന്നോ? മൂന്നാറിലേക്ക് പോകാമെന്നേ..ആഘോഷം മറയൂരിലുമാക്കാം; പ്രത്യേക പാക്കേജുമായി കെഎസ്ആർടിസി
ആലപ്പുഴ: വേനൽ ചൂടിൽ എവിടേക്കും ഇല്ലെന്നാണോ? എന്നാൽ ഈ പാക്കേജിനെ കുറിച്ച് അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ തീരുമാനം തിരുത്തിയേക്കും. അതേത് സ്ഥലം എന്നാണോ? വേനൽ ചുട്ടു പൊള്ളിക്കുമ്പോഴും ധൈര്യത്തിൽ പോകാൻ കഴിയുന്ന കേരളത്തിലെ ഏറ്റവും പ്രധാന സ്ഥലങ്ങളിലൊന്നായ മൂന്നാറിലേക്കുള്ള യാത്രയെ കുറിച്ചാണ് പറയുന്നത്.
മൂന്നാറിലേക്ക് മാത്രമല്ല കേട്ടോ, മൂന്നാറിന് തൊട്ടടുത്തുള്ള മറയൂരിലെ കാഴ്ചകളും കണ്ട് മടങ്ങുന്ന തരത്തിലാണ് പാക്കേജ്. ഹരിപ്പാട് കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെൽ ആണ് പാക്കേജ് ഒരുക്കുന്നത്. വിശദമായി അറിയാം

യാത്രയിലെ പ്രധാന കാഴ്ചകളിലൊന്ന് മൂന്നാർ ടീ മ്യൂസിയത്തിലേക്കാണ്. 2005 ൽ ടാറ്റയുടെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് ഈ മ്യൂസിയം. പ്രദേശത്തെ തേയിലത്തോട്ടങ്ങളുടെ ചരിത്രത്തെ കുറിച്ച് വിശദമായി ഇവിടെ നിന്ന് അറിയാൻ സാധിക്കും. ലോകമെമ്പാടും ലഭ്യമായ ഏറ്റവും വിചിത്രമായ ചായയുടെ ചില ഇനങ്ങളും ഇവിടെ ആസ്വദിക്കാനാകും.
കുണ്ടള ഡാം
മൂന്നാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കുണ്ടള അണക്കെട്ട് 1946-ൽ പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്കായാണ് നിർമ്മിച്ചത്.
മൂന്നാർ ടോപ്പ് സ്റ്റേഷന് സമീപമുള്ള ചെണ്ടവരെ എസ്റ്റേറ്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അണക്കെട്ട് ദേവികുളം പഞ്ചായത്തിന്‍റെ ഭാഗം കൂടിയാണ് ഇവിടം. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് ശിക്കാര ബോട്ടുകളിലൂടെയുള്ള യാത്രകൾ ആസ്വദിക്കാനാകും.
ഈ യാത്രയയിലെ മറ്റൊരു പ്രധാന ആകർഷണം ആണ് മറയൂർ. യാത്രയുടെ രണ്ടാം ദിനത്തിലാണ് മറയൂർ സന്ദർശിക്കുക. ശർക്കരയുടെ സ്വന്തം നാടായ മറയൂർ വൈവിധ്യങ്ങൾ നിറഞ്ഞ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ്. ഇന്ത്യയില്‍ സ്വാഭാവികമായി ചന്ദനമരങ്ങള്‍ വളരുന്ന ഏക പ്രദേശമാണ് മറയൂര്‍. 30 സെന്റിമീറ്ററിലധികം വണ്ണമുള്ള 60,000 ത്തിലധികം ചന്ദന മരങ്ങൾ ഉണ്ടത്രേ ഇവിടെ. ചന്ദനക്കാടുകളും കണ്ട് , വന്യ മൃഗങ്ങളേയും കണ്ട് സഞ്ചാരികൾക്ക് മടങ്ങാം. ചന്ദനക്കാടുകൾ, ഏഴുതല ഗുഹാ ചിത്രങ്ങൾ, ലക്കം വെള്ളച്ചാട്ടം തൂവാനം വെള്ളച്ചാട്ടം എന്നിങ്ങനെയുള്ള കാഴ്ചകളും സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാം കേട്ടോ.
യാത്രയിൽ പെരുമല, ആപ്പിൾ തോട്ടം, മൂന്നാർ പാർക്ക് എന്നീ സ്ഥലങ്ങളും സന്ദർശിക്കാം. കണ്ട് രാത്രിയോടെ തിരികെ ഹരിപ്പാടിന് മടങ്ങുന്ന വിധത്തിലാണ് യാത്ര. യാത്രയെ കുറിച്ച് വിശദമായി അറിയാൻ 9447278494, 9746394739, 944795789, 9846475874 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications