മഴയിൽ ചുരം കയറി നെല്ലിയാമ്പതിയിലേക്ക്, 480 രൂപയുടെ പാക്കേജുമായി കെഎസ്ആർടിസി; മാമലക്കണ്ടം വഴി മൂന്നാറിലേക്കും
മഴക്കാലത്ത് കേരളത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഏതൊക്കെയാണ്? ഇതാണ് മനസിലെ ചോദ്യമെങ്കിൽ ആദ്യ ഉത്തരം കേരളത്തിലെ മനോഹരമായ ഹിൽ സ്റ്റേഷനുകൾ എന്നാണ്. മഴയും കോടതയും പ്രകൃതി കാഴ്ചയുമൊക്കെയായി അവിടേക്കുള്ള യാത്രകൾ ത്രില്ലടിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. എന്നാൽ ഹിൽസ്റ്റേഷനുകളിൽ ഏത് എന്ന് ചോദിച്ചാലോ? തീർച്ചയായും ഒരുപാട് പേരുകൾ ഈ ലിസ്റ്റിൽ ഉണ്ടെങ്കിലും അതിൽ പ്രധാനമാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി.
എന്നാൽ നെല്ലിയാമ്പതിയിലേക്കൊരു യാത്ര പോയാലോ? പാലക്കാട് കെ എസ് ആർ ടി സിയുടെ ബജറ്റ് സെൽ ഒരുക്കുന്ന പാക്കേജ് തിരഞ്ഞെടുക്കാം. ജുലൈയിലാണ് നെല്ലിയാമ്പതി പാക്കേജ് ഉള്ളത്. നെല്ലിയാമ്പതിയിലേക്ക് മാത്രമല്ല മറ്റ് ചില ഹിൽസ്റ്റേഷനുകളിലേക്കും ജുലൈയിൽ പാലക്കാട് സെല്ലിൽ നിന്നും യാത്രയുണ്ട്. വിശദമായി നോക്കാം.

പാവപ്പെട്ടവന്റെ 'ഊട്ടി'
ചുട്ടുപൊള്ളുന്ന വേനലിലും തണുത്ത് നിൽക്കുന്ന പാലക്കാടിന്റെ റാണി, അതാണ് നെല്ലിയാമ്പതി. സമുദ്രനിരപ്പിൽ നിന്നും 1572 മീറ്റർ ഉയരത്തിലാണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് നെല്ലിയാമ്പതി ട്രെക്കിങ് പ്രിയർക്ക് ലഹരിയായിരിക്കും. മറ്റൊന്നും കൊണ്ടല്ല, പച്ചപരവതാനി വിരിച്ച് നിൽക്കുന്ന പ്രകൃതി, മലമുഴുക്കി താഴേക്ക് ഒഴുകുന്ന കാട്ടുചോലകൾ, മഴയിൽ ഒളിച്ചുകളിക്കുന്ന വന്യജീവികൾ, ഇടയ്ക്ക് പാഞ്ഞെത്തുന്ന കോടമഞ്ഞ് ഇതെല്ലാം നെല്ലിയാമ്പതിയുടെ ഭംഗി ഇരട്ടിയാക്കും.
നെല്ലിയാമ്പതി കണ്ട് തീർത്താൽ 8 കിമി അകലെ മനോഹരമായ സീതാർകുണ്ട് വെള്ളച്ചാട്ടവും കാണാം.രാമായണത്തിൽ ശ്രീരാമൻ, ലക്ഷ്മണൻ, സീത എന്നിവർ വിശ്രമിച്ചതായി വിശ്വസിക്കപ്പെടുന്നു. 100 മീറ്റർ ഉയരമുള്ള വെള്ളച്ചാട്ടവും താഴ്വരയുടെ മനോഹരമായ കാഴ്ചയും ഇവിടെ നിന്ന് ആസ്വദിക്കാനാകും. ഏഷ്യയിലെ രണ്ടാമത്തെ സിമന്റ് രഹിത ഡാമായ പോത്തുണ്ടിയും സഞ്ചാരികൾക്ക് കാണാം.
ജുലൈ 6 ,12 തീയതികളിലാണ് നെല്ലിയാമ്പതിയിലേക്കുള്ള പാക്കേജ്. ഏകദിന പാക്കേജിന് ഒരാൾക്ക് വരുന്ന ചെലവ് 480 രൂപയാണ്. രാവിലെ ഏഴ് മണിക്കാണ് യാത്ര പുറപ്പെടുക.
മലക്കപ്പാറ കാണാം
തൃശൂരിൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഹിൽ സ്റ്റേഷനാണ് മലക്കപ്പാറയെന്ന് അതിമനോഹരമായ ഗ്രാം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1500 മീറ്റർ ഉയരത്തിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മൂന്നാറിനോളം ഇല്ലെങ്കിലും തേയിലത്തോട്ടങ്ങളും കാടിന്റെ പച്ചപ്പും ശാന്തമായ അന്തരീക്ഷവുമെല്ലാം മലക്കപ്പാറയെ സഞ്ചാരികളുടെ പ്രീയപ്പെട്ട ഇടമാക്കി മാറ്റുന്നു. നിബിഡ വനങ്ങൾ താണ്ടി മലക്കപ്പാറയിലേക്ക് കെ എസ് ആർ ടി സിയിലുള്ള യാത്രയാണ് ഈ യാത്രയുടെ പ്രധാന ആകർഷണം. പോകുന്ന വഴിയിൽ ഭാഗ്യമുണ്ടെങ്കിൽ വന്യമൃഗങ്ങളെ കാണാം, അവിടെയെത്തി ഗ്രാമീണ കാഴ്ചകളും ആസ്വദിച്ച ശേഷം മടങ്ങാം. ജുലൈ 17 നാണ് മലക്കപ്പാറ പാക്കേജ്. പാക്കേജിൽ ഒരാൾക്ക് വരുന്ന ചെലവ് 830 രൂപയാണ്.
മാമലക്കണ്ടം
മഴയായതോടെ മൂന്നാറിലേക്കുള്ള യാത്രയിലാണ് സഞ്ചാരികൾ. എന്നാൽ വളരെ കുറവ് പേർ മാത്രമാണ് ഈ വഴിയിലുള്ള മറ്റൊരു മനോഹര ഇടമായ മാമലക്കണ്ടത്തിലേക്ക് പോകുന്നത്. ഇടുക്കി ജില്ലയിൽ വളരെ അധികം ആസ്വദിക്കാൻ പറ്റുന്ന ഓഫ് ബീറ്റ് ഇടങ്ങളിലൊന്നാണ് മാമലക്കണ്ടം. പൂർണമായ പച്ചപ്പ്, ഉറവുപൊട്ടിയൊഴുകുന്ന നീർച്ചാലുകൾ, പാറക്കൂട്ടങ്ങൾ, വനയാത്ര ഇതെല്ലാമാണ് മാമലക്കണ്ടം യാത്രയുടെ ഹൈലൈറ്റ്. എന്നാൽ മാമലകണ്ടത്തെ പ്രധാന ആകർഷണം അവിടുത്തെ അവിടുത്തെ ആനക്കുളിയിലാണ്.
ആനകൾ കൂട്ടത്തോടെ വെള്ളം കുടിക്കാനും കുളിക്കാനുമായി കാടിറങ്ങും. ഈ കാഴ്ച കാണാൻ മാത്രം എത്തുന്ന സഞ്ചാരികളുണ്ട്. വൈകുന്നേരത്തോടെയാണ് ഇവർ കാടിറങ്ങുന്നത്. ഈ കാഴ്ച ദൂരെ നിന്ന് ആസ്വദിക്കാനും കാമറയില് പകർത്താനുമാകും. വെള്ളച്ചാട്ടങ്ങൾ കടന്ന് ഇല്ലാവഴികളിയൂടെയും തേയിലത്തോട്ടങ്ങളിലൂടെയും ഒക്കെയുള്ള കെഎസ്ആർടിസി സാഹസിക യാത്രയും ഇവിടെ അനുഭവിച്ചറിയാം. രണ്ട് പകലും രണ്ട് രാത്രിയിൽ നീണ്ട് നിൽക്കുന്ന മൂന്നാർ പാക്കേജിന് ഒരാൾക്ക് വരുന്ന ചിലവ് 1570 രൂപയാണ്. 12 നാണ് പാക്കേജ്. അതിരാവിലെ 7 മണിയോടെയാണ് യാത്ര പുറപ്പെടുക.












Click it and Unblock the Notifications