പണി തന്ന മീസൈ കറുവയും അഭിമാനമായി മാറിയ പാമ്പന്‍ പാലവും
മധുരയില്‍ നിന്ന് 30 രൂപ ടിക്കറ്റാണ് രാമേശ്വരത്തേക്ക്. തിരക്ക് വളരെ കുറഞ്ഞ ട്രെയിനിന്റെ വിന്‍ഡോ സീറ്റില്‍ തന്നെ ഞാന്‍ ഇരിപ്പുറപ്പിച്ചു. കൊടപ്പനകള്‍ നിറഞ്ഞ വശങ്ങളിലേക്കാഴ്ച്ചകള്‍ നിഗൂഢമായ ഒരു സൗന്ദര്യം പകരുന്നുണ്ടായിരുന്നു. പനയോലകളുടെ കമ്പുകള്‍കൊണ്ട്.. വേലി തീർത്തിരിക്കുന്ന വീടുകള്‍.. അഴുക്കുചാലുകളുകളിലുടെ മുക്രയിട്ട് നടക്കുന്ന പന്നികള്‍.. കളിക്കൂട്ടുകാർ എന്ന പോലെ അവയെ ഒടിച്ചും ഓടിച്ച് പിടിക്കുന്ന കുട്ടികള്‍... അങ്ങനെ അനേകം അനേകം കാഴ്ചകള്‍..
കൊടപ്പനകള്‍ക്കും കൃഷിയിടങ്ങള്‍ക്കും പുറമേ കാണാന്‍ കഴിയുന്ന പ്രധാന കാഴ്ച മീസൈ കറുവെ അല്ലെങ്കിലും കാട്ടുകറുവൈ എന്ന് വിളിക്കുന്ന ഒരു തരം ചെടികളാണ്. പ്ലാന്റേഷന്‍ പോലെ വളരെ ദൂരത്തില്‍ വരെ കാണുന്ന മീസൈകറുവ എന്ന ചെടി ഈ പ്രദേശത്ത് എത്തിയതിന്റെ ചരിത്രം എനിക്ക് പറഞ്ഞു തന്നത് എതിര്‍വശത്ത് ഇരുന്ന റെയില്‍വേ പോലീസുകാരനായ സ്വാമിനാഥന്‍ എന്ന കൊമ്പന്‍ മീശക്കാരനാണ്.

1960 കളില്‍ രാമനാഥപുരം ജില്ലയില്‍ വിറക് ക്ഷാമം രൂക്ഷമായത് നിയമസഭയിലടക്കം വലിയ പ്രശ്‌നമായതോടെയാണ്. അന്നതെ മുഖ്യമന്ത്രി കാമരാജിന്റെ നേതൃത്വത്തില്‍ കാട്ടുകറുവയുടെ വിത്ത് ഹെലിക്കോപ്റ്ററില്‍ രമനാഥപുരം ജില്ലയില്‍ വിതറുന്നത്. വളരെ ആഴത്തില്‍ വരെ വേരിറക്കി വെള്ളം വലിച്ചെടുക്കുന്ന ഈ ചെടി തമിഴ്‌നാട്ടിലെ വരണ്ട കാലാവസ്ഥയില്‍ വ്യാപകമായി വളര്‍ന്നതോടെ വിറക് ക്ഷാമത്തിന് പരിഹാരമുണ്ടാക്കി. പക്ഷെ അതിനോടകം രാമനാഥപുരം പ്രദേശത്താകെ കാട്ടുകറുവൈ വളരാന്‍ തുടങ്ങി.
കൃഷിയിടങ്ങളിലടക്കം ഇത് വ്യാപകമായി വളര്‍ന്നു. ഗ്യാസ് കണക്ഷനുകള്‍ പാചകത്തിന് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കാട്ടുകറുവൈകള്‍ വിറകിനായി ശേഖരിക്കുന്നത് കുറഞ്ഞ് വന്നു. കാറ്റിലും പക്ഷികളിലൂടേയും വിത്തുകള്‍ പലയിടത്തായി എത്തിപ്പെട്ട് പ്രദേശമാകെ കാട്ടുകറുവൈകള്‍ കൊണ്ട് നിറഞ്ഞു. വളരെ ആഴത്തില്‍ വരെ വേരുകള്‍ ഇറക്കി വെള്ളം ശേഖരിക്കുന്നതിനാല്‍ പ്രദേശത്ത് ജലക്ഷമാവും രൂക്ഷമായി.
ചുരുക്കി പറഞ്ഞാല്‍ ജനങ്ങളുടെ ക്ഷേത്തിനായി കൊണ്ടുവന്ന ഒരു പദ്ധതി അവര്‍ക്ക് തന്നെ വിനയായി തീര്‍ന്നു. കാട്ടുകറുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷതേടാന്‍ സര്‍ക്കാര്‍ തന്നെ ഇവയെ വേരോടെ പിഴുതെറിയാന്‍ പദ്ധതികള്‍ തയ്യാറാക്കി നടപ്പിലാക്കുന്നുണ്ട്. സന്നദ്ധസംഘടനകളും ഇതിനായി മുന്നോട്ട് വരുന്നു. തുരത്താനുള്ള നടപടികള്‍ ഒരു വഴിക്ക് നടക്കുമ്പോള്‍ കൂടതല്‍ പ്രദേശങ്ങള്‍ കീഴടക്കി കാട്ടുകറുവൈ ഇപ്പോഴും പടരുന്നുണ്ട്.
അത്ര വൃത്തിയുള്ളതല്ല റെയില്‍വേ ട്രാക്കിന്റെ വശങ്ങള്‍. റെയില്‍വേ ട്രാക്കുകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലും ആളുകള്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് കേരളത്തിന് പുറത്ത് പതിവുള്ള കാഴ്ചാണെങ്കിലും പാമ്പന്‍ സ്റ്റേഷന്‍ കഴിഞ്ഞ ഉടനെ ഇത്തരമൊരു കാഴ്ച്ച എന്റേയും സ്വാമിനാഥന്‍ സാറിന്റേയും കണ്ണില്‍ ഉടക്കി. കേളത്തില്‍ ഇത്തരം കാഴ്ച്ചകള്‍ കാണില്ലെന്നും വളരെ വൃത്തിയുള്ള സംസ്ഥാനമാണ് കേരളമെന്നും കാസര്‍കോഡ് ജോലിചെയ്തതിന്റെ അനുഭവ വെളിച്ചത്തില്‍ അദ്ദേഹം പറഞ്ഞു.
ട്രെയിനില്‍ നേരെ എതിർവശത്തിരിക്കുന്ന ആ കൊച്ചു സുന്ദരി ഉറക്കത്തിന്റെ ആലസ്യം വിട്ട് കളിയില്‍ സജീവമായിരിക്കുന്നു. സീറ്റില്‍ ഇരിക്കാന്‍ പറ്റില്ല, ഇറങ്ങി നടക്കണം. ഉമ്മ പലപ്പോഴായി പിടിച്ച് വെക്കുന്നു. ഇതോടെ സുന്ദരി കരച്ചിലായി. കരച്ചില്‍ നിർത്താനെന്ന ശ്രമമോണം ഞാന്‍ അവളുടെ ഫോട്ടോ ഫോണിലെടുത്ത് കാണിച്ചു കൊടുക്കുകയാണ്. ഇടയ്ക്ക് കരച്ചിലിന് അല്‍പം ശമനം.. വീണ്ടും തുടങ്ങും. അതിങ്ങനെ തുടർന്ന് കൊണ്ടിരിക്കെ ട്രെയിന്‍ പാമ്പന്‍ പാലത്തിലേക്ക് പ്രവേശിച്ചു. വളരെ പതുക്കേയാണ് ട്രെയിന്‍ മുന്നോട്ട് പോവുന്നത്.

1914 ല്‍ ആണ് ബ്രിട്ടീഷുകാര്‍ രാമനാഥപുരവുമായി പാമ്പനെ ബന്ധിപ്പിക്കുന്ന റെയില്‍പ്പാലം നിര്‍മ്മിക്കുന്നത്. കപ്പലുകള്‍ വരുമ്പോള്‍ പാലത്തിനെ രണ്ടായി പകുത്ത് മാറ്റാന്‍ കഴിയുന്ന ലിഫ്റ്റ് സൗകര്യത്തോടെയാണ് ബ്രീട്ടീഷുകാര്‍ പാലം നിര്‍മ്മിച്ചത്. പാക് കടലിലൂടെ പാമ്പന്‍ പാലത്തെ പകുത്ത് മാറ്റി കൊണ്ട് മാസത്തില്‍ പത്ത് കപ്പലുകള്‍ ഇപ്പോഴും ഇതുവഴി കടന്നു പോകുന്നുണ്ട്. നിലവിലെ പാലത്തിന് പകരമായി നിർമ്മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തോട് അടുക്കുകയാണ്..
1964 ലെ ചുഴലിക്കാറ്റില്‍ പാലത്തിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു. പാലത്തിന്റെ കേടുപറ്റാതിരുന്ന ഭാഗങ്ങള്‍ നിലനിര്‍ത്തി ഈ ശ്രീധരന്റെ നേതൃത്വത്തിലാണ് ഇപ്പോഴുള്ള പാലം പുതുക്കിപണിതത്. മീറ്റര്‍ ഗേജായിരുന്ന പാമ്പന്‍പാലം ബ്രോഡ്‌ഗേജ് ആവുന്നത് 2007 ല്‍ ആണ്. റെയിലേ ട്രാക്കിന് സമാന്തരമയി 1988 ല്‍ റോഡ് പാലം പണിയും പൂർത്തിയാക്കി. ഈ പാലത്തില്‍ നിന്ന് ട്രെയിനിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നവരെ കാണാം. അത് മനോഹരമായ ഒരു ദൃശ്യമായിരിക്കും. പാലത്തില്‍ നിന്ന് വളരെ ഉയരത്തിലാണ് റോഡ് പാലം. പാമ്പനും കഴിഞ്ഞ് വണ്ടി രാമേശ്വരത്ത് എത്തുമ്പോള്‍ സമയം 4.30 കഴിഞ്ഞിരുന്നു.












Click it and Unblock the Notifications