റെയില്‍വെ റിസര്‍വേഷന്‍ ചാര്‍ട്ട് 8 മണിക്കൂര്‍ മുമ്പ്; തത്കാല്‍ ടിക്കറ്റിലും മാറ്റം, 2000 ട്രെയിനുകളും
ന്യൂഡല്‍ഹി: റെയില്‍വെ ടിക്കറ്റ് ബുക്കിങില്‍ മൂന്ന് പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരാന്‍ പോകുന്നു. യാത്രാക്കാരുടെ സൗകര്യത്തിന് കൂടുതല്‍ പരിഗണന നല്‍കിയാണ് പരിഷ്‌കാരം. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ മാറ്റങ്ങള്‍ നടപ്പാക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് റിസര്‍വേഷന്‍ ചാര്‍ട്ട് നേരത്തെ തയ്യാറാക്കും എന്നതാണ്.
നിലവില്‍ ട്രെയിന്‍ പുറപ്പെടുന്നതിന്റെ നാല് മണിക്കൂര്‍ മുമ്പാണ് റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നത്. ഇനി മുതല്‍ എട്ട് മണിക്കൂര്‍ മുമ്പ് തയ്യാറാക്കും. ഇതോടെ സീറ്റ് ഉറപ്പാണോ അല്ലയോ വെയ്റ്റ് ലിസ്റ്റാണോ എന്നൊക്കെ യാത്രക്കാര്‍ക്ക് നേരത്തെ അറിയാന്‍ സാധിക്കും. റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ക്ക് മറ്റു സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും കഴിയും.

ഉച്ചയ്ക്ക് രണ്ട് മണിക്ക് പുറപ്പെടുന്ന ട്രെയിനിന്റെ റിസര്‍വേഷന്‍ ചാര്‍ട്ട് തലേ ദിവസം രാത്രി ഒമ്പത് മണിയോടെ തയ്യാറാക്കും. ഇത് എന്ന് മുതലാണ് നടപ്പാക്കുക എന്ന് വ്യക്തമല്ല. എങ്കിലും വൈകാതെ നടപ്പാക്കാന്‍ റെയില്‍വെ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊടുന്നനെ മാറ്റുമ്പോള്‍ ആശയക്കുഴപ്പത്തിന് സാധ്യതയുണ്ട്. അതുകൊണ്ടാണ് അല്‍പ്പം സമയം അനുവദിച്ചിരിക്കുന്നത്.
തത്കാല്‍ ടിക്കറ്റ് ബുക്കിങ് വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് മാത്രമായി മാറുന്നു എന്നതാണ് മറ്റൊരു പ്രധാന മാറ്റം. ജൂലൈ ഒന്ന് മുതല്‍ ഈ തീരുമാനം നടപ്പാകും. വെരിഫൈഡ് യൂസേഴ്‌സിന് മാത്രമാകും ഐആര്‍സിടിസി വെബ്‌സൈറ്റും മൊബൈല്‍ ആപ്പും വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. ഒടിപി അടിസ്ഥാനമാക്കിയുള്ള തത്കാല്‍ ബുക്കിങ് ജൂലൈ അവസാനം മുതല്‍ നടപ്പാക്കും.
ആധാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഡിജി ലോക്കര്‍ അക്കൗണ്ട് വെരിഫൈ ചെയ്യാവുന്നതാണ്. വളരെ വേഗത്തില്‍ റിസര്‍വേഷന്‍ ചെയ്യാന്‍ സാധിക്കുന്ന മാറ്റമാണ് വരാന്‍ പോകുന്ന മൂന്നാമത്ത പരിഷ്‌കാരം. ഒരു മിനുട്ടില്‍ 32000 ടിക്കറ്റ് ബുക്ക് ചെയ്യാനാണ് നിലവില്‍ സാധിക്കുക. ഇത് ഒന്നര ലക്ഷമാക്കി ഉയര്‍ത്തും. നാല് ലക്ഷം അന്വേഷണങ്ങള്‍ നടത്താനാണ് നിലവില്‍ സാധിക്കുക. അത് 40 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്യും.
2000 ട്രെയിനുകള്‍ കൂടി എത്തുന്നു
പ്രതിദിന ട്രെയിന്‍ സര്‍വീസില്‍ 2000 അധിക ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ ആലോചന. അടുത്ത നാല് വര്‍ഷത്തിനകമായിരിക്കും ഈ മാറ്റം വരിക. ഇതോടെ ദിവസവുമുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം 13000 ആയി ഉയരും. ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി വരുന്നത്. പ്രതിവര്‍ഷമുള്ള യാത്രക്കാരുടെ എണ്ണം 800 കോടിയില്‍ നിന്ന് 1000 കോടിയായി ഉയര്‍ത്താന്‍ ഇതുവഴി സാധിക്കും.
മാത്രമല്ല, നിലവിലുള്ള അഞ്ച് കോടി യാത്രക്കാരുടെ വെയ്റ്റ്‌ലിസ്റ്റ് കുറയ്ക്കാനും കഴിയും. 450 വന്ദേഭാരത് എക്‌സ്പ്രസുകള്‍, 200 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ എന്നിവയെല്ലാം പുതിയ പദ്ധതിയുടെ ഭാഗമായി അധികമായി എത്തും. ലെവല്‍ ക്രോസ് കാരണമായുള്ള വൈകല്‍ ഒഴിവാക്കാനും പദ്ധതിയുണ്ട്. 1000 പാലങ്ങളും അണ്ടര്‍ പാസുകളും ഈ സാമ്പത്തിക വര്‍ഷം നിര്‍മിക്കുന്നുണ്ട്.












Click it and Unblock the Notifications