കാസർഗോഡിന്റെ 'ഊട്ടി', കോടയും മഴയും മൂടിയ റാണിപുരത്തേക്ക്; പ്രത്യേക പാക്കേജൊരുക്കി കെഎസ്ആർടിസി
മലബാറിന്റെ, അല്ലെങ്കിൽ കാസർഗോഡിന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് കാസർഗോഡ് ജില്ലയിലെ റാണിപുരം. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും റാണിപുരത്ത് ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കണം.
യാത്രാപ്രേമികളെ സംബന്ധിച്ച് ഇവിടെ എത്തിപ്പെടലാണ് പ്രധാന പ്രതിസന്ധി. എന്നാൽ റാണിപുരം നിങ്ങളുടെ ലിസ്റ്റിൽ ഉണ്ടെങ്കിൽ ഒട്ടും മടിക്കേണ്ട ബാഗ് പാക്ക് ചെയ്തോളൂ,കെഎസ്ആർടിസി ബസിൽ നല്ല സുഖമായി ഒരു ദിവസം കൊണ്ട് റാണിപുരം സന്ദർശിച്ച് വരാം. റാണിപുരം മാത്രമല്ല, ബേക്കൽ കോട്ടയും ബീച്ചും പാർക്കും എല്ലാം ആസ്വദിക്കാം. കണ്ണൂർ ബജറ്റ് ടൂറിസം സെല്ലാണ് ഈ മനോഹരമായ യാത്ര ഒരുക്കുന്നത്.

കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കടൽനിരപ്പിൽ നിന്നും 1048 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹിൽസ്റ്റേഷൻ മുൻപ് മാടത്തുമല എന്നാണത്രേ അറിയപ്പെട്ടിരുന്നത്. 1970-കളിൽ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി ഈ സ്ഥലം വാങ്ങുകയായിരുന്നു. പിന്നീടാണ് ഈ സ്ഥലം റാണിപുരം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
പനത്തടിയിൽ നിന്നും ഏകദേശം 9 കിമി ട്രക്കിംഗ് നടത്തി വേണം റാണിപുരത്ത് എത്താൻ. കാസർഗോഡിന്റെ ഊട്ടിയെന്ന് വെറുതയല്ല കേട്ടോ ഇവിടം അറിയപ്പെടുന്നത്, കോടയും തണുപ്പും തന്നെയാണ് ഇത്തരമൊരു പേരിന് കാരണം. കുത്തനെയുള്ള കയറ്റങ്ങൾ അല്ല ഇവിടേക്ക്. മരങ്ങൾ നിറഞ്ഞ പാതകളിലൂടെ ആസ്വദിച്ച് സഞ്ചാരികൾക്ക് മുകളിലേക്ക് കയറാം.
ചാറ്റൽ മഴയും ഇടയ്ക്ക് കോടയുമെല്ലാം കൂട്ടായി ഉണ്ടാകും. മുകളിലേക്ക് അടുക്കുന്തോറും കാടുകൾ മാറി പുൽമേടുകളും മൊട്ടക്കുന്നുകളും കാണാം. മുകളിലെത്തിയാലുള്ള കാഴ്ച അത് പറഞ്ഞ് അറിയിക്കാനാകാത്തതാണ്. ഇടയ്ക്ക് നല്ല കാറ്റ് കൂടി ആകുന്നതോടെ പിന്നെ പറയുകയേ വേണ്ട.
ആനകളുടെ വിഹാര കേന്ദ്രമാണ് ഇവിടം. ആനകൾ മാത്രമല്ല വിവിധ തരം ചിത്രശലഭങ്ങളേയും ശലഭങ്ങളേയുമൊക്കെ സഞ്ചാരികൾക്ക് ഇവിടെ കാണാൻ ആകും.
ഈ പാക്കേജിൽ വരുന്ന രണ്ടാമത്തെ സ്ഥലം ബേക്കൽ കോട്ടയാണ്. കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ് ബേക്കൽ. പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഈ കോട്ട 35 ഏക്കറിലാണ് പരന്ന് കിടക്കുന്നത്. കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും പുറത്ത് ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്. ഇത് ടിപ്പു സുൽത്താനാണ് നിർമ്മിച്ചത്. ബീച്ചും കൂടി വേണ്ടുവോളം ആസ്വദിച്ചാൽ യാത്ര പൂർണമായി. ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് വരുന്നത് 920 രൂപയാണ്. ഒക്ടോബർ ഒന്നിന് പോകുന്ന യാത്രയെ കുറിച്ച് കൂടുതൽ അറിയാൻ 8089463675, 9496131288 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.












Click it and Unblock the Notifications