രണ്ട് സ്ലീപ്പർ കോച്ചുമായി വന്ദേഭാരത് ജനുവരിയിലിറങ്ങും..8 എണ്ണം മാർച്ച് അവസാനത്തോടെയെന്ന്
ഇന്ത്യൻ റെയിൽവേ തങ്ങളുടെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ജനുവരിയിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. മാർച്ച് അവസാനത്തോടെ സമാനമായ എട്ട് റേക്കുകൾ കൂടി നിർമിക്കാനാണ് റെയിൽവേയുടെ ലക്ഷ്യം വെയ്ക്കുന്നത്. ചെന്നൈ പെരമ്പൂരിലെ ഇൻ്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് ഈ കോച്ചുകൾ നിർമിക്കുന്നത്. ഇവിടെ പ്രതിവർഷം ഏകദേശം 4000 കോച്ചുകൾ നിർമ്മിക്കുന്നുണ്ട്.
നിലവിൽ രാജ്യത്തുടനീളമുള്ള 92 വന്ദേ ഭാരത് ട്രെയിനുകൾ ചെയർ-കാർ വകഭേദങ്ങളാണ്. ഇവ പകൽ സമയത്തെ യാത്രകൾക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ ബിഇഎംഎൽ പ്ലാൻ്റിലാണ് കഴിഞ്ഞ വർഷം സ്ലീപ്പർ വകഭേദങ്ങളുടെ നിർമാണം ആരംഭിച്ചത്. 16 കോച്ചുകളുള്ള പ്രോട്ടോടൈപ്പ് പിന്നീട് കൂടുതൽ പരിശോധനകൾക്കായി ഐസ്എഫിലേക്ക് മാറ്റുകയും ഡൽഹിയിലേക്ക് അയക്കുകയും ചെയ്തു.

'രണ്ട് സ്ലീപ്പർ കോച്ചുകളുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ ജനുവരിയിൽ പൊതുജനങ്ങൾക്കായി തീർച്ചയായും പുറത്തിറക്കും. രണ്ടാമത്തെ സ്ലീപ്പർ ട്രെയിൻ ഇതിനോടകം തന്നെ പണിപ്പുരയിലാണ്', മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഡിടി നെക്സ്റ്റ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.
'സ്ലീപ്പർ കോച്ചുകളുള്ള ഈ ട്രെയിനുകൾക്ക് വലിയ ഡിമാൻഡ് ഉണ്ടാകാൻ സാധ്യതയുള്ളതിനാ, മാർച്ച് അവസാനത്തോടെ എട്ട് അധിക വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനാണ് പദ്ധതി', ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്കുള്ള റൂട്ടിൽ ഒരു സ്ലീപ്പർ കോച്ചുള്ള വന്ദേ ഭാരത് സർവീസ് ആരംഭിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട് . ഈ സർവീസ് ചെന്നൈ വഴിയായിരിക്കും കടന്നുപോകുക.
ഗെയിം ചേഞ്ചറാകാൻ വന്ദേഭാരത് സ്ലീപ്പർ
മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാൻ ശേഷിയുള്ള ഈ സെമി-ഹൈ-സ്പീഡ് ട്രെയിനുകൾ, രാജ്യത്തെ പഴയ രാജധാനി എക്സ്പ്രസ് പോലുള്ള ട്രെയിനുകൾക്ക് ആധുനിക ബദലാണ്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തതും തദ്ദേശീയമായി നിർമ്മിച്ചതുമായ ഈ ട്രെയിനുകൾ യാത്രാക്ഷീണം കുറയ്ക്കുന്നതിനായി നിരവധി പ്രത്യേകതകളോടെയാണ് എത്തുന്നത്.
സുഗമമായ യാത്ര ഉറപ്പാക്കുന്ന വൈബ്രേഷൻ ഡാംപനിംഗ് സാങ്കേതികവിദ്യ, മികച്ച ബെർത്ത് കുഷ്യനിംഗ്, എർഗണോമിക് ലാഡറുകൾ, വിൻഡോ കർട്ടനുകൾ, ഹാൻഡിലുകൾ തുടങ്ങിയ ആധുനിക ഫിറ്റിംഗുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ബയോ-വാക്വം ടോയ്‌ലറ്റുകൾ, വൈഫൈ, മോഡുലാർ ഇന്റീരിയറുകൾ എന്നിവ ബിസിനസ്സ്, വിനോദസഞ്ചാരികളെ ഒരുപോലെ ആകർഷിക്കും. പഴയ ട്രെയിനുകളെ അപേക്ഷിച്ച് കുറഞ്ഞ പരിപാലനച്ചെലവും കുറഞ്ഞ മലിനീകരണവും ഉള്ളതിനാൽ 800 കിലോമീറ്ററിൽ താഴെയുള്ള ദൂരങ്ങളിൽ വിമാനയാത്രയ്ക്ക് മികച്ചൊരു ബദലാകും ഈ ട്രെയിനുകൾ.
ഈ വർഷം ഒക്ടോബറോടെ സർവ്വീസ് ആരംഭിച്ചേക്കുമെന്നായിരുന്നു നേരത്തേ അഭ്യൂഹങ്ങൾ. എന്നാൽ റെയിൽവേ സേഫ്റ്റി ചീഫ് കമ്മീഷണർ നടത്തിയ പരിശോധനയിൽ നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തിയതോടെയാണ് സ്ലീപ്പർ ട്രെയിനുകൾ വൈകുന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് സർട്ടിഫിക്കേഷൻ ലഭിക്കുന്നതുവരെ അംഗീകാരം നൽകേണ്ടെന്നാണ് റെയിൽവെ ബോർഡിന്റെ തീരമാനം. ആദ്യത്തെ പ്രോട്ടോടൈപ്പ് മാത്രമാണ് നിലവിൽ തയ്യാറായിട്ടുള്ളത്. രണ്ടാമത്തേത് ചെന്നൈയിലെ ICF-ൽ നിർമ്മാണത്തിലാണ്. വിതരണ ശൃംഖലയിലെ തടസ്സങ്ങളും വിതരണക്കാരുടെ കാലതാമസവും നിർമ്മാണത്തെ ബാധിച്ചിട്ടുണ്ട്. സുരക്ഷ, വേഗത, ലേ ഔട്ട് എന്നിവയിലെ മാറ്റങ്ങൾ സമയപരിധി വീണ്ടും നീട്ടിയിട്ടുണ്ട്.












Click it and Unblock the Notifications