16,79,46,13,70,00,000 രൂപ... എവിടെ പോയി അഫ്ഗാന് വേണ്ടി അമേരിക്ക ചെലവഴിച്ച ഈ പണം?
2001 മുതൽ 2021 വര, നീണ്ട 20 വര്‍ഷങ്ങള്‍... അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തിന്റെ മാത്രം വര്‍ഷക്കണക്കാണിത്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക പണമിറക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടിലേറെ ആയിട്ടുണ്ട്. എന്നാല്‍, അധിനിവേശത്തിന് മുമ്പ് ഒഴുക്കിയ പണത്തിന് ഔദ്യോഗിക കണക്കുകള്‍ ഒന്നുമില്ല.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ അഫ്ഗാനിസ്ഥാന്റെ പേരില്‍ അമേരിക്കയ്ക്ക് ചെലവഴിയ്‌ക്കേണ്ടി വന്നത് 2.26 ട്രില്യണ്‍ ഡോളര്‍ ആണെന്നാണ് കണക്കുകള്‍. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ 'കോസ്റ്റ് ഓഫ് വാര്‍' പ്രൊജക്ട്‌സ് ആണ് യുദ്ധച്ചെലവുകളുടെ ഏകദേശ കണക്ക് ഇത്രയായിരിക്കുമെന്ന് വിലയിരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ എണ്ണിത്തീരാന്‍ പോലും ബുദ്ധിമുട്ടുള്ള ഇത്രയും വലിയ തുക കൊണ്ട് അഫ്ഗാനിസ്ഥാനില്‍ എന്ത് മാറ്റമാണുണ്ടായത്? പരിശോധിക്കപ്പെടണം...
ഹോട്ട് ലുക്കില്‍ പാര്‍വ്വതി നായര്‍; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്

2.26 ട്രില്യണ്‍ ഡോളര്‍ എന്ന് പറഞ്ഞാല്‍ 16,79,46,13,70,00,000 ഇന്ത്യന്‍ രൂപയാണ്. ഇത്തിരി സമയമെടുത്ത് എണ്ണിയാല്‍ പോലും തെറ്റിപ്പോയേക്കാവുന്ന അത്രയും വലിയ തുക. ഇതാണ് കഴിഞ്ഞ 21 വര്‍ഷം കൊണ്ട് അഫ്ഗാനിസ്ഥാനില്‍ അമേരിക്ക ചെലവഴിച്ചത് എന്നാണ് കണക്കുകള്‍. ഇത്രയധികം തുക ചെലവഴിച്ചിട്ടും, ഒടുക്കം താലിബാന്റെ കൈപ്പിയിടിലേക്ക് അഫ്ഗാനിലെ ജനങ്ങളെ വലിച്ചെറിഞ്ഞുകൊണ്ടാണ് അമേരിക്ക പിന്‍വാങ്ങുന്നത്. ഈ പണം ചെലവഴിച്ചത് വഴി അഫ്ഗാനിസ്ഥാനിന്റെ പുരോഗതിയില്‍ എന്തെങ്കിലും നല്ലത് സംഭവിച്ചിട്ടുണ്ടോ?

ഇത്രയും വലിയ തുകയില്‍ വലിയൊരു പങ്കും ചെലവഴിച്ചിട്ടുള്ളത് യുദ്ധബജറ്റിന് വേണ്ടിയാണ്- 933 ബില്യണ്‍ ഡോളര്‍! ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 69,35,39,48,550 രൂപ. ചെലവില്‍ രണ്ടാം സ്ഥാനം യുദ്ധക്കടത്തിന്റെ പലിശയ്ക്കാണ്. 530 ബില്യണ്‍ ഡോളര്‍- 3,94,09,13,05,00,000 രൂപ. പ്രതിരോധ വകുപ്പിന്റെ അധിക ചെലവായി 443 ബില്യണ്‍ ഡോളറും യുദ്ധത്തില്‍ പരിക്കേറ്റവരുടേയും വിരമിച്ചവരുടേയും ആരോഗ്യ പരിപാലനത്ത് 296 ബില്യണ്‍ ഡോളറും ആഭ്യന്തര വകുപ്പിന്റെ യുദ്ധബജറ്റിലേക്ക് 59 ബില്യണ്‍ ഡോളറും ആണ് ചെലവഴിച്ചതായി കണക്കാക്കുന്നത്.

എണ്ണിയാല്‍ തീരാത്ത പണം അഫ്ഗാനിസ്ഥാന്റെ പേരില്‍ അമേരിക്ക ചെലവഴിച്ചിട്ടുണ്ട്. എന്നാലും ലോകത്തിലെ ഏറ്റവും മോശം സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇപ്പോഴും അഫ്ഗാനിസ്ഥാന്‍ എന്നോര്‍ക്കണം. രാജ്യത്തെ 90 ശതമാനം ജനങ്ങളുടേയും പ്രതിദിന വരുമാനം രണ്ട് ഡോളറില്‍ താഴെ ആണെന്ന് കഴിഞ്ഞ വര്‍ഷം മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി വെളിപ്പെടുത്തിയത്. അമേരിക്ക ചെലവിട്ട പണത്തിന്റെ പ്രതിഫലം ഒരു ഘട്ടത്തില്‍ പോലും അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക വ്യവസ്ഥയില്‍ എത്തിയിരുന്നില്ല എന്നതിന്റെ തെളിവാണിത്.

പണമില്ലാത്തതായിരുന്നോ അഫ്ഗാനിസ്ഥാനിലെ പ്രശ്‌നം എന്നതുകൂടി ഇതോടൊപ്പം ചോദിക്കണം. അഴിമതിയും കെടുകാര്യസ്ഥതയും അഫ്ഗാന്‍ സര്‍ക്കാരിന്റെ കൂടെപ്പിറപ്പായിരുന്നു. രാജ്യത്തിന്റെ സമ്പദ്ഘടന ഒരുഘട്ടത്തിലും ഉയിര്‍ത്തെഴുന്നാല്‍ക്കാതിരുന്നതിന്റെ കാരണങ്ങളില്‍ ഒന്ന് അത് തന്നെയാണ്. അതുപോലെ തന്നെ ആയിരുന്നു അനധികൃത സമ്പദ് വ്യവസ്ഥയുടെ ശക്തിപ്രാപിക്കല്‍. ഓരോ വര്‍ഷവും ഇത് കൂടുതല്‍ ശക്തി പ്രാപിക്കുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുകയും ചെയ്തുപോന്നു.

മയക്കുമരുന്നായിരുന്നു താലിബാന്റെ കാലത്ത് വലിയ വരുമാന മാര്‍ഗ്ഗം. അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട ഹമീദ് കര്‍സായിയുടെ പുതിയ സര്‍ക്കാരിനും വരുമാനമാര്‍ഗ്ഗം അത് തന്നെ ആയിരുന്നു. കറുപ്പിന്റേയും ഹെറോയിന്റേയും ഉത്പാദന- വിതരണത്തില്‍ ലോകത്തിലെ തന്നെ ഒന്നാംകിടക്കാര്‍ എന്ന സ്ഥാനം അഫ്ഗാനിസ്ഥാന്‍ അരക്കിട്ടുറപ്പിച്ചിരുന്നു. പക്ഷേ, അതൊന്നും രാജ്യത്തിന്റെ സമ്പദ്ഘടനയെ പിടിച്ചുയര്‍ത്താനോ സാധാരണക്കാരുടെ ജീവിതം സുഗമമാക്കാനോ സഹായിച്ചില്ല.

2001 മുതല്‍ കണക്കാക്കിയാല്‍ ഏതാണ്ട് 144 ബില്യണ്‍ ഡോളര്‍ ആണ് അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തിനായി അമേരിക്ക ചെലവഴിച്ചത്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 1,07,07,38,64,00,000 രൂപ- ഒരു കോടി കോടി രൂപ. ഈ പണം ചെലവഴിച്ചത് സ്വകാര്യ കോണ്‍ട്രാക്ടര്‍മാരും എന്‍ജിഒകളും ആയിരുന്നു. അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ സേനകളെ ഒരുക്കാനും ഭരണം മെച്ചപ്പെടുത്താനും സമ്പദ്ഘടയെ സഹായിക്കാനും സാമൂഹ്യ വികസനത്തിനും അനധികൃത മയക്കുമരുന്ന് വിപണിയെ നിയന്ത്രിക്കാനും എല്ലാം ആയിരുന്നു ഈ ഏജന്‍സികളേയും കോണ്‍ട്രാക്ടര്‍മാരേയും എല്ലാം അമേരിക്ക ഇത്രയും വലിയ തുക ഏല്‍പിച്ചത്.

ഇതില്‍ ഏറ്റവും ദയനീയമായ പരാജയം നേരിട്ടത് ഏറ്റവും അധികം പണം ചെലവഴിച്ച മേഖലയില്‍ ആയിരുന്നു. അഫ്ഗാനിസ്ഥാന്‍ സൈന്യത്തെ പരിശീലിപ്പിക്കാനും താലിബാനെതിരെ പോരാടാന്‍ പ്രാപ്തമാക്കാനും വേണ്ടി 19 വര്‍ഷം കൊണ്ട് ചെലവഴിച്ചത് 88.3 ബില്യണ്‍ ഡോളര്‍ ആയിരുന്നു- 65,67,74,07,55,000 രൂപ. അങ്ങനെ പരിശീലിപ്പിച്ച് വിതസിപ്പിച്ചെടുത്ത സൈന്യമാണ്, പാതിയോളം അംഗബലമോ ആയുധ ബലമോ ഇല്ലാത്ത താലിബാന്‍ സേനയോട് പരാജയപ്പെട്ട് മടങ്ങിയത്. താലിബാന് പുറമേ അല്‍ഖ്വാദയോടും ഐസിസിനോടും എല്ലാം പോരാടിക്കൊണ്ടിരുന്നവരായിരുന്നു അവര്‍ എന്ന് കൂടി ഓര്‍ക്കണം.

അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ ഓരോ ഇടപെടലുകളിലും അമേരിക്കയ്ക്ക് തെറ്റുപറ്റിയെന്ന് തന്നെ പറയേണ്ടി വരും. ഇതിനെ സാധൂകരിക്കുന്നതാണ് സിഗാര്‍ ( സ്‌പെഷ്യല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഫോര്‍ അഫ്ഗാനിസ്ഥാന്‍ റി കണ്‍സ്ട്രക്ഷന്‍) റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനിലെ പണച്ചെലവ് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തന്നെ ആയിരുന്നു ഇത്തരമൊരു സംവിധാനം 2008 ല്‍ സ്ഥാപിച്ചത്. അഫ്ഗാനിലെ തീവ്രവാദികളുടെ ശക്തി കുറച്ചുകണ്ടു എന്നതായിരുന്നു 2017 ല്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ആധുനിക സാങ്കേതിക വിദ്യകളുള്ള ആയുധങ്ങള്‍ അഫ്ഗാന്‍ സൈന്യത്തിന് മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അമേരിക്കന്‍ സൈന്യത്തെ ആശ്രയിച്ച് മാത്രം പോരാടുന്നവരായിത്തീര്‍ന്നു എന്നൊരു ആക്ഷേപവും സിഗാര്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ആത്യന്തികമായി അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് കൃത്യമായ നിരീക്ഷണമോ ഇടപെടലുകളോ ഉണ്ടായില്ലെന്ന് തന്നെയാണ് അവര്‍ തന്നെ നിരീക്ഷിക്കുന്നത്.

ഇപ്പറഞ്ഞതെല്ലാം കണക്കിലുള്ള പണം ചെലവഴിച്ചതും അത് ഫലം കാണാത്തതും ആണ്. എന്നാല്‍ 1978 മുതല്‍ അഫ്ഗാനിസ്ഥാനില്‍ അമേരിക്ക പണമൊഴുക്കുന്നുണ്ട്. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു ഇത്. അതിന് ശേഷം സോവിയറ്റ് അധിനിവേശകാലത്ത് കൂടുതല്‍ പണമൊഴുക്കുന്നത് തുടര്‍ന്നു എന്ന് മാത്രമല്ല, സര്‍ക്കാരിനെതിരെ പോരാടുന്നവര്‍ക്ക് പരിശീലനവും നല്‍കി. ഒടുവില്‍ നജീബുള്ള സര്‍ക്കാരിന്റെ വീഴ്ചയ്ക്കും മുജാഹിദ്ദീനുകളുടേയും തുടര്‍ന്ന് താലിബാന്റേയും സര്‍ക്കാര്‍ രൂപീകരണത്തില്‍ വരെ അമേരിക്കന്‍ പണമൊഴുക്ക് നിര്‍ണായകമായിരുന്നു












Click it and Unblock the Notifications