'ഞാന്‍ മരിച്ചിട്ടില്ല; സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്, അദ്ദേഹം നല്ല മനുഷ്യന്‍'- പിസി ജോര്‍ജ്
കോട്ടയം: പ്രമുഖ സംവിധായകന്‍ കെജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തവെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പിഴവ് സംഭവിച്ച പിന്നാലെ പിസി ജോര്‍ജ് രംഗത്ത്. ഞാന്‍ ജീവിച്ചിരിപ്പുണ്ടെന്നും സുധാകരനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും പിസി ജോര്‍ജ് വീഡിയോയില്‍ പറഞ്ഞു. അതേസമയം, സുധാകന്റെ പരാമര്‍ശം ന്യായീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത് മറ്റൊരു രീതിയിലാണ്.
കെജി ജോര്‍ജ് നല്ല പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു എന്നാണ് സുധാകരന്‍ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ട്. ഓര്‍ക്കാന്‍ ഒരുപാടുണ്ട് അദ്ദേഹത്തെ കുറിച്ച്. കഴിവും പ്രാപ്തിയുമുള്ള ഒരാളാണ്. ഞങ്ങള്‍ക്കാര്‍ക്കും അദ്ദേഹത്തെ കുറിച്ച് മോശം അഭിപ്രായമില്ല. ഞങ്ങള്‍ക്ക് സഹതാപമുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞു. പിന്നീടാണ് ആള് മാറിയെന്ന് സുധാകരന് മനസിലായത്.

അപ്പോഴേക്കും സുധാകരന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് കണ്ട ചിലരാണ് പിസി ജോര്‍ജിനെ വിവരം അറിയിച്ചത്. അദ്ദേഹം പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കുകയായിരുന്നു. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് പിസി ജോര്‍ജ് വീഡിയോയില്‍ എത്തിയത്. താന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞായിരുന്നു പിസി ജോര്‍ജിന്റെ പ്രതികരണം.
''ഞാന്‍ ജീവിച്ചിരിപ്പുണ്ട്. നമ്മുടെ സുധാകരന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ച് ഞാന്‍ മരിച്ചുവെന്ന് അറിയിച്ചു. സുധാകരന്റെ ദുഃഖത്തോടെയുള്ള സംസാരം കേള്‍ക്കാനിടയായി. ഞാന്‍ അരുവിത്തറ പള്ളിയില്‍ കുര്‍ബാന കണ്ടിരിക്കുകയായിരുന്നു. ആളുകള്‍ വന്ന് വിവരം പറഞ്ഞപ്പോഴാണ് ഞാന്‍ ഇറങ്ങി വന്നത്. സുധാകരനെ പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികള്‍ ചെയ്യുന്നത് ശരിയാണോ എന്നോര്‍ക്കണം. സുധാകരന്‍ നല്ല മനുഷ്യനാണ്. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കരുത് എന്നാണ് എന്റെ അപേക്ഷ എന്നും പിസി ജോര്‍ജ് പ്രതികരിച്ചു.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത് മറ്റൊരു കാര്യമാണ്. ജോര്‍ജ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇന്ന് മരണപ്പെട്ടുവെന്നും സുധാകരനുമായി അടുത്ത ബന്ധമുള്ള വ്യക്തിയായിരുന്നുവെന്നുമാണ് അവരുടെ വാദം. ആ പ്രവര്‍ത്തകനെ പറ്റിയാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത് എന്ന് കരുതിയാണ് സുധാകരന്‍ മറുപടി പറഞ്ഞതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ തെളിവ് ചോദിച്ചും പരലും പ്രതികരിക്കുന്നുണ്ട്.












Click it and Unblock the Notifications