Get Updates
Get notified of breaking news, exclusive insights, and must-see stories!

താലിബാനിനുള്ളിൽ അവർക്കും വഴങ്ങാത്ത ഹഖാനി ശൃംഖല? ബിൻ ലാദനെ സൃഷ്ടിച്ചവർ... കൊടും ഭീകരർ

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതുമുതൽ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട് ഹഖാനി ശൃംഖല എന്ന പേര്. താലിബാനും ഹഖാനി ശൃംഖലയും ഒന്നാണോ അതോ രണ്ടാണോ എന്ന് ചോദിച്ചാൽ അതിന്റെ ഉത്തരം അൽപം കുഴപ്പം പിടിച്ചത് തന്നെയാകും. രണ്ടും ഒന്നായിരിക്കുമ്പോൾ തന്നെ രണ്ടും രണ്ടായിരിക്കുന്നു എന്ന് പറയേണ്ട സാഹചര്യമാണ്.

താലിബാനിലെ തന്നെ തീവ്ര ഭീകരവാദ ഗ്രൂപ്പാണ് ഹഖാനി ഗ്രൂപ്പ് എന്ന് ചുരുക്കത്തിൽ വിലയിരുത്താം. എന്നാൽ ഇവരുടെ ചരിത്രം താലിബാനിൽ നിന്ന് അത്ര വിഭിന്നവും അല്ല. അമേരിക്കൻ ചാരസംഘടനയായ സിഐഎയും പാക് ചാരസംഘടനയായ ഐഎസ്‌ഐയും പാൽകൊടുത്ത് വളർത്തിയവർ എന്നും ഹഖാനി ശൃംഖലയെ വിശേഷിപ്പിക്കാം.

1

ജലാലുദ്ദീൻ ഹഖാനിയാണ് ഹഖാനി ശൃംഖലയുടെ സ്ഥാപകൻ. 2018 ൽ മരിക്കും വരേക്കും ജലാലുദ്ദീൻ തന്നെയാണ് ഈ അതിതീവ്ര സംഘത്തെ നയിച്ചിരുന്നത്. ഇപ്പോൾ മകൻ സിറാജുദ്ദീൻ ഹഖാനിയാണ് നേതൃത്വത്തിലുള്ളത്. 2010 കളോടെ തന്നെ സിറാജുദ്ദീൻ ഹഖാനി ശൃംഖലയുടെ സായുധ സംഘത്തിന്റെ തലവനായി മാറിയിരുന്നു. പുതിയ അഫ്ഗാനിസ്ഥാൻ സർക്കാരിൽ ആഭ്യന്തര മന്ത്രിപദവും സിറാജുദ്ദീൻ ഹഖാനിയ്ക്കാണ്.

2

തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ സദ്രാൻ പഷ്തൂൺ ഗോത്രത്തിലെ മെസി വിഭാഗമാണ് ഹഖാനി കുടുംബം. ജലാലുദ്ദീൻ ഹഖാനി പഠിച്ച പാകിസ്താനിലെ ദാരുൾ ഉലൂം ഹഖാനിയ എന്ന മദ്രസയിൽ നിന്നാണ് ഹഖാനി എന്ന പേര് വന്നത്. 1980 കളിൽ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ യുദ്ധം ചെയ്തുകൊണ്ടായിരുന്നു ജലാലുദ്ദീൻ ഹഖാനിയുടെ തുടക്കം. അതിനെ വെറുമൊരു തുടക്കം എന്ന് വിശേഷിപ്പിച്ച് അവസാനിപ്പിക്കാൻ ആവില്ല.

3

അഫ്ഗാൻ മുജാഹിദ്ദീനുകൾക്കൊപ്പം ചേർന്നായിരുന്നു ജലാലുദ്ദീൻ ഹഖാനിയുടേയും പോരാട്ടം. അക്കാലത്ത് റൊണാൾഡ് റീഗൻ ആണ് അമേരിക്കയുടെ പ്രസിഡന്റ്. റീഗന്റെ കൂടി ആശീർവാദത്തോടെ, സിഐഎ ഏറെ താത്പര്യത്തോടെ വളർത്തിക്കൊണ്ടുവന്ന സംഘമാണ് ഹഖാനി ശൃംഖല. സോവിയറ്റ് യൂണിയനെതിരെയുള്ള യുദ്ധം മാത്രമായിരുന്നു അന്ന് അമേരിക്കയുടെ ലക്ഷ്യം. പാക് ചാരസംഘടനയായ ഐഎസ്‌ഐയും ഹഖാനി ശൃംഘലയെ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് അമേരിക്കയ്ക്കും പാകിസ്താനും ഏറെ വെല്ലുവിളികൾ സൃഷ്ടിച്ചതും ഇതേ ഹഖാനി ശൃംഖല തന്നെ ആയിരുന്നു.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

4

1995 വരെ ഒരു സ്വതന്ത്ര സംഘമായിട്ടായിരുന്നു ഹഖാനി ശൃംഖല നിലനിന്നിരുന്നത്. എന്നാൽ താലിബാൻ ആദ്യമായി അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തതോടെ അവർ സർക്കാരിൽ പങ്കാളികളായി. ഒടുവിൽ താലിബാന്റെ ഭാഗമാവുകയും ചെയ്തു. ഹഖാനി ശൃംഖല എന്നൊരു സംവിധാനമേ ഇപ്പോഴില്ല എന്നാണ് ഹഖാനി നേതാക്കളും താലിബാനും വ്യക്തമാക്കിയിരുന്നത്. എല്ലാം താലിബാൻ മാത്രം എന്നായിരുന്നു വിശദീകരണം. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ എന്നത് സുവ്യക്തമാണ്.

5

നേരത്തേ പറഞ്ഞുവല്ലോ, അമേരിക്കയും പാകിസ്താനും ആണ് ഹഖാനി ശൃംഖലയെ വളർത്തി വലുതാക്കിയത് എന്ന്. എന്നാൽ അമേരിക്കയുടെ 2001 ലെ അഫ്ഗാൻ അധിനിവേശത്തോടെ ഹഖാനി ശൃംഖല ശത്രുപക്ഷത്തായി. അധിനിവേശത്തെ തുടർന്ന് പാക് അതിർത്തിയിലേക്ക് ഓടിപ്പോയ ഹഖാനി ശൃംഖല പിന്നീട് അമേരിക്കയ്‌ക്കെതിരെ യുദ്ധം നയിക്കാനും തുടങ്ങി. അങ്ങനെ 2012 ൽ ഹഖാനി ശൃംഖലയെ അമേരി ഭീകരവാദ സംഘടനകളുടെ പട്ടികയിൽ പെടുത്തി. 2015 ൽ പാകിസ്താൻ ഹഖാനി ശൃംഖലയെ നിരോധിക്കുകയും ചെയ്തു.

6

ഒസാമ ബിൻ ലാദനുമായും അത്രയേറെ അടുത്ത ബന്ധമാണ് ഹഖാനി ശൃംഖലയ്ക്കുള്ളത്. സോവിയറ്റ് അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിൽ വിദേശത്ത് നിന്നുള്ളവരെ കൂടി റിക്രൂട്ട് ചെയ്തായിരുന്നു ഹഖാനിയുടെ നീക്കങ്ങൾ. അങ്ങനെ ഹഖാനി ശൃംഖലയിൽ എത്തപ്പെട്ട് തീവ്രവാദ പ്രവർത്തനങ്ങൾ തുടങ്ങിയവരാണ് ഒസാമ ബിൻ ലാദനും അബ്ദുള്ള അസ്സമും എല്ലാം. അൽ ഖ്വായ്ദ സ്ഥാപിക്കപ്പെടുന്നതിലും ഹഖാനി ശൃംഖലയ്ക്ക് നിർണായക പങ്കുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും അൽ ഖ്വായ്ദയ്ക്കും ബിൻ ലാദനും സുരക്ഷിത താവളങ്ങൾ ഒരുക്കി നൽകിയതും ഹഖാനി ശൃംഖല തന്നെ ആയിരുന്നു.

7

ജലാലുദ്ദീൻ ഹഖാനിയുടെ മകൻ സിറാജുദ്ദീൻ ഹഖാനിയാണ് ഇപ്പോൾ ഹഖാനി ശൃംഖലയുടെ നായകൻ. ഈ സിറാജുദ്ദീൻ ഹഖാനിയെ പിടികൂടാൻ ആവശ്യമായ വിവരം നൽകുന്നവർക്ക് അമേരിക്ക പ്രഖ്യാപിച്ചത് അമ്പത് ലക്ഷം ഡോളറിന്റെ സമ്മാനത്തുക ആയിരുന്നു. ഏതാണ്ട് 36 കോടി രൂപ. അതേ സിറാജുദ്ദീൻ ഹഖാനിയാണ് ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിലെ ആഭ്യന്തരമന്ത്രി. അമേരിക്കൻ സൈന്യത്തിന്റെ പിൻമാറ്റമാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിന് വഴിവച്ചത് എന്നത് കൂടി ഇതോടൊപ്പം ചേർത്തുവായിക്കണം.

8

താലിബാന്റെ ഭാഗമായി നിൽക്കുമ്പോഴും സ്വതന്ത്രമായ സൈനിത പരിശീലന ക്യാമ്പുകൾ ഹഖാനി ശൃംഖലയ്ക്കുണ്ടായിരുന്നു. വിദേശത്ത് നിന്നുള്ള ജിഹാദികളെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്തുപോന്നിരുന്നു അവർ. ലഭ്യമായ കണക്കുകൾ പ്രകാരം ഹഖാനി ശൃംഖലയിൽ പതിനയ്യായിരത്തോളം പരിശീലനം നേടിയ തീവ്രവാദികൾ ഇപ്പോഴുണ്ട്. അഫ്ഗാനിസ്ഥാനിൽ വിദേശത്തുള്ള നിന്നുള്ള ജിഹാദികളെ ഉപയോഗിച്ച് സൂയിസൈഡ് ബോംബ് ആക്രമണങ്ങൾ ആദ്യം നടത്തിയത് ഹഖാനി ശൃംഖലയായിരുന്നു. എന്നാൽ താലിബാൻ ഒരിക്കലും മറ്റുരാജ്യങ്ങളിൽ നിന്നുള്ളവരെ ഇതിനായി ഉപയോഗിച്ചിരുന്നില്ല.

9

കിഴക്കൻ പാകിസ്താനിലെ ഗോത്രമേഖലകൾ കേന്ദ്രീകരിച്ചാണ് ഹഖാനി ശൃംഖലയുടെ പ്രധാന പ്രവർത്തനങ്ങൾ. മിറം ഷായിൽ ആണ് ഇവരുടെ ആസ്ഥാനം എന്നാണ് കരുതപ്പെടുന്നത്. ജലാലുദ്ദീൻ ഹഖാനി ക്വെറ്റ ശൂറയിലെ ഒരു അംഗമാണ് എന്നായിരുന്നു ഒബാമ ഭരണകൂടത്തിന് 2012 ൽ താലിബാൻ നൽകിയ മറുപടി. ഹഖാനി ശൃംഖല എന്നൊന്നില്ലെന്നും അവർ അന്ന് പ്രഖ്യാപിച്ചിരുന്നു. അൽ ഖ്വായ്ദയെ കൂടാതെ പാക് താലിബാൻ, ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ ത്വൊയ്ബ തുടങ്ങിയ ഭീകര സംഘടനകൾക്കും പാകിസ്താനിലെ തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ ഇവർ അഭയം നൽകുന്നുണ്ട്. പാകിസ്താൻ ആണ് ഹഖാനി ശൃംഖലയ്ക്ക് അഭയം നൽകുന്നത് എന്ന ​ഗുരുതര ആരോപണം കാലങ്ങളായി ഉയരുന്നുണ്ട്. എന്നാൽ ഇത് പാകിസ്താൻ നിഷേധിക്കുകയാണ് പതിവ്. എന്തായാലും പാകിസ്താനിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ലഭിച്ചിരുന്ന ഫണ്ടിങ്ങിൽ വലിയ കുറവ് സംഭവിച്ചിരുന്നു എന്നാണ് റിപ്പോ‍ട്ടുകൾ. ഇതേ തുട‍‍ർന്ന് ഹഖാനി ശൃംഖലയ്ക്ക് ഇറാൻ സഹായങ്ങൾ നൽകാൻ തുടങ്ങി എന്നും വാ‍ർത്തകൾ പുറത്ത് വന്നിരുന്നു. അഫ്​ഗാനിൽ അമേരിക്കൻ സൈന്യത്തെ ആക്രമിക്കാൻ ഹഖാനി ശൃംഖലയ്ക്ക് ഇറാൻ പാരിതോഷികം വാ​ഗ്ദാനം ചെയ്തിരുന്നു എന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. ഇത്തരം ഒരു ആരോപണം ഇറാൻ നിഷേധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+