അസംഘടിത മേഖലയിലെ തൊഴിലാളിയാണോ? നിങ്ങള്‍ക്ക് ലഭിക്കും വെറും 55 രൂപക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍
അസംഘടിത മേഖലയില്‍ നിരവധി പേര്‍ ജോലി ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. അതിനാല്‍ തന്നെ മറ്റ് മേഖലയിലേതിന് സമാനമായി തൊഴില്‍ സംരക്ഷണവും മറ്റും ഇവര്‍ക്ക് ലഭിക്കാറില്ല. ഇത് മുന്നില്‍ക്കണ്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ശ്രം യോഗി മാന്‍ ധന്‍ യോജന. അസംഘടിതരായ തൊഴിലാളികള്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ഈ പദ്ധതിക്ക് കീഴില്‍ ലഭ്യമാക്കുന്നത്.
കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ രീതിയിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതി വിഹിതത്തിന്റെ 50 ശതമാനം സര്‍ക്കാര്‍ ആണ് നല്‍കുക. അഞ്ച് വര്‍ഷം കൊണ്ട് അസംഘടിത മേഖലയിലെ 10 കോടി ആളുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുന്ന തരത്തിലാണ് ഇത് ആവിഷ്‌കരിച്ചിരിക്കുന്നത്. ആര്‍ക്കൊക്കെയാണ് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭിക്കുന്നത് എന്നും എങ്ങനെയാണ് അംഗമാകേണ്ടത് എന്നും നമുക്ക് നോക്കാം.

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് ഇത്. തൊഴിലാളികള്‍ക്ക് 60 വയസാകുമ്പോള്‍ പെന്‍ഷന്‍ ലഭ്യമാകുന്ന തരത്തിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. വരിക്കാരന്‍ മരണപ്പെട്ടാല്‍ ഭാര്യയ്ക്ക് പദ്ധതി തുടരാം. പ്രതിമാസം പരമാവധി 15,000 മോ അതില്‍ താഴെയോ വരുമാനമുള്ളവര്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.
18 വയസ് മുതല്‍ 40 വയസ് വരെയാണ് പ്രായപരിധി. എന്തെങ്കിലും കാരണത്താല്‍ പദ്ധതിയില്‍ തുടരാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്മാറാം. പത്ത് വര്‍ഷത്തിന് മുന്‍പാണ് പിന്മാറുകയെങ്കില്‍ അടച്ച തുക മാത്രമേ വരിക്കാരന് ലഭിക്കൂ. എന്‍പിഎസ്, ഇഎസ്‌ഐ, ഇപിഎഫ് എന്നിങ്ങനെയുള്ള പദ്ധതിയില്‍ അംഗമായവര്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല. ആദായ നികുതി അടക്കുന്നവരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ല.
18 വയസുള്ള ഒരു വ്യക്തി പദ്ധതിയില്‍ ചേരാന്‍ പ്രതിമാസം 55 രൂപയാണ് അടയ്ക്കേണ്ടത്. ഇതിന് സമാനമായ തുക സര്‍ക്കാരും നിക്ഷേപിക്കും. പ്രായം വ്യത്യാസപ്പെടുന്നതിനുസരിച്ച് അടക്കേണ്ട തുകയും മാറും. പദ്ധതിയില്‍ അംഗങ്ങളാവാന്‍ താല്‍പര്യമുള്ളവര്‍ അടുത്തുള്ള കോമണ്‍ സര്‍വ്വീസ് സെന്റര്‍ സന്ദര്‍ശിക്കുക. ആധാര്‍ കാര്‍ഡ്, ഐ എഫ് എസ് സി കോഡോട് കൂടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് നമ്പര്‍ അല്ലെങ്കില്‍ ജന്‍ധന്‍ അക്കൗണ്ട് നമ്പര്‍ എന്നിവയാണ് പദ്ധതിയില്‍ അംഗമാകാന്‍ ആവശ്യമായ രേഖകള്‍.
ചുമട്ടുതൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, ഉച്ചഭക്ഷണ ജീവനക്കാര്‍, ഇഷ്ടിക ചൂളകളില്‍ ജോലി ചെയ്യുന്നവര്‍, ചെരുപ്പ് കുത്തുന്നവര്‍, തുണി എടുക്കുന്നവര്‍, വീട്ടുജോലിക്കാര്‍, അലക്കുകാര്‍, കര്‍ഷക തൊഴിലാളികള്‍, നിര്‍മാണത്തൊഴിലാളികള്‍, റിക്ഷാ വലിക്കുന്നവര്‍, ബീഡി തൊഴിലാളികള്‍, കൈത്തറി തൊഴിലാളികള്‍, തുകല്‍ തൊഴിലാളികള്‍, ഓഡിയോ വിഷ്വല്‍ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് പദ്ധതിയില്‍ അപേക്ഷിക്കാം.












Click it and Unblock the Notifications