Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരം പിടിച്ചു! പക്ഷേ, താലിബാന്‍ ഇനി എന്ത് ചെയ്യും? എളുപ്പമല്ല അഫ്ഗാനിസ്ഥാന്‍ ഭരണം... കാരണങ്ങള്‍

കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴ്‌പ്പെടുത്തി എന്നത് ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. പെട്ടെന്നൊന്നും അവിടെ ഒരു മാറ്റത്തിനുള്ള സാധ്യത നിലനില്‍ക്കുന്നില്ല. ലോകരാജ്യങ്ങള്‍ ഇപ്പോള്‍ അഫ്ഗാനിലെ താലിബാന്‍ ഭരണത്തെ അംഗീകരിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിറകെ വന്‍ അഭയാര്‍ത്ഥി പ്രവാഹം ആണ് അഫ്ഗാനിസ്ഥാനില്‍ നിന്ന്. അഫ്ഗാനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ പല രാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം തീര്‍ന്നാലും, അഫ്ഗാനിസ്ഥാനില്‍ സൈ്വര്യമായി ഭരണം നടത്താന്‍ താലിബാന് ആകുമോ എന്നാണ് ചോദ്യം. താലിബാന് മുന്നില്‍ സാധ്യതകളേക്കാള്‍ ഏറെ പ്രതിസന്ധികളാണ് ഉള്ളത്. പരിശോധിക്കാം...

പുത്തന്‍ മേക്കോവറില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

1


താലിബാന് അഫ്ഗാന്‍ ജനതയ്ക്കിടയില്‍ സ്വീകാര്യത ലഭിക്കുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. രണ്ട് പതിറ്റാണ്ട് മുമ്പ് നടത്തിയ കിരാത ഭരണത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും അഫ്ഗാനിസ്ഥാന്‍ ജനതയുടെ ജീവിതത്തില്‍ ശേഷിക്കുന്നുണ്ട്. താലിബാനെ ഭയന്ന് ജീവിക്കുക എന്നതല്ലാതെ, താലിബാനെ അംഗീകരിച്ച് ജീവിക്കുക എന്നത് ഒരു വിഭാഗം അഫ്ഗാന്‍ ജനതയെ സംബന്ധിച്ച് സാധ്യമാകാന്‍ ഇടയില്ലാത്ത ഒന്നാണ്. രാജ്യം വിട്ട് രക്ഷപ്പെടാന്‍ അവസരം ലഭിക്കാത്ത അനേകായിരങ്ങളോട് എങ്ങനെ ആയിരിക്കും താലിബാന്‍ ഭരണകൂടം പ്രതികരിക്കുക എന്നതും കണ്ടറിയേണ്ടി വരും.

അടിസ്ഥാന നിയമങ്ങളില്‍ നിന്ന് മാറില്ലെങ്കിലും തങ്ങള്‍ ചില കാര്യങ്ങളില്‍ മാറിയിട്ടുണ്ട് എന്ന സൂചന അന്താരാഷ്ട്ര തലത്തില്‍ താലിബാന്‍ പലതവണ നല്‍കിയിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ, അഫ്ഗാനില്‍ അവര്‍ ഇപ്പോഴും പഴയ പടി തന്നെയാണ്. അഷ്‌റഫ് ഗാനി സര്‍ക്കാരിന്റെ അഴിമതിയിലും കെടുകാര്യസ്ഥതയിലും ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ടെങ്കിലും, അത് താലിബാനുള്ള സ്വീകാര്യതയാണെന്ന് കരുതാന്‍ ആവില്ല. വരും ദിനങ്ങളില്‍ എങ്ങനെ ആയിരിക്കും താലിബാന്‍ ഈ വിഷയത്തെ അഭിമുഖീകരിക്കുക എന്നത് കണ്ടറിയേണ്ടിവരും.

2

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നേടിയ വിജയത്തെ ഇറാഖില്‍ ഐസിസ് നേടിയ മുന്നേറ്റവുമായി താരതമ്യം ചെയ്യുന്നവരുണ്ട്. അമേരിക്ക പരിശീലിപ്പിച്ച ഇറാഖ് സൈന്യകരെ ആയിരുന്നു 2014 ല്‍ ഐസിസ് ഭീകരര്‍ ഒരോ കേന്ദ്രങ്ങളില്‍ നിന്നും തുരത്തിയോടിക്കുകയും അധികാരം സ്ഥാപിക്കുകയും ചെയ്തത്. അതുമായി ചില താരതമ്യങ്ങള്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വിജയത്തിനും ഉണ്ട്.

ഒരുലക്ഷത്തില്‍ താഴെ ആയിരുന്നു താലിബാന്‍ സൈന്യത്തിന്റെ അംഗബലം. ഓരോ ജില്ലകളും പ്രവിശ്യകളും പിടിച്ചടക്കിക്കൊണ്ട് അവര്‍ മുന്നേറുകയായിരുന്നു. പലയിടങ്ങളിലും അഫ്ഗാന്‍ സൈന്യം ലോലമായ പ്രതിരോധം തീര്‍ത്തപ്പോള്‍ ചിലയിടങ്ങളില്‍ സമ്പൂര്‍ണ കീഴടങ്ങല്‍ ആയിരുന്നു ദൃശ്യമായത്. ഓരോ സ്ഥലവും കീഴടക്കി ഒടുക്കം രാജ്യതലസ്ഥാനം തന്നെ കീഴടക്കി. എന്നാല്‍, ഈ സൈനിക ബലം വച്ചുകൊണ്ട് താലിബാന് അഫ്ഗാനിസ്ഥാനെ എക്കാലവും നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ആകുമോ എന്നതാണ് ചോദ്യം.

ഇപ്പോള്‍ തന്നെ പലയിടങ്ങളിലും പ്രതിഷേധങ്ങളും യുദ്ധങ്ങളും തുടങ്ങിക്കഴിഞ്ഞു. ഒരേസമയം പലയിടങ്ങളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിനെ ഇപ്പോഴത്തെ സൈനിക ബലം കൊണ്ട് താലിബാന് ഒതുക്കി നിര്‍ത്താന്‍ ആവില്ല എന്നാണ് വിലയിരുത്തല്‍. ഈ പ്രശ്‌നം, എങ്ങനെ നേരിടും എന്നതും കണ്ടറിയേണ്ടിവരും.

3

യുദ്ധം ചെയ്ത് അധികാരം പിടിക്കുന്നതുപോലെ എളുപ്പമല്ല ഒരു രാജ്യം ഭരിച്ച് മുന്നോട്ട് പോവുക എന്നത്. താലിബാനെ സംബന്ധിച്ച് യുദ്ധം ചെയ്യാന്‍ മാത്രമേ കൃത്യമായി അറിയുകയും ഉള്ളു. അമേരിക്കയുടെ ശതകോടികളുടെ സഹായമെത്തിയിട്ടും ജനജീവിതത്തില്‍ ഒരു മാറ്റവും കൊണ്ടുവരാനാകാതെ ഒടുവില്‍ ഒളിച്ചോടിയ അഷ്‌റഫ് ഗാനിയുടെ സര്‍ക്കാര്‍ ബാക്കി നിര്‍ത്തിയിടത്ത് നിന്ന് വേണം താലിബാന് തുടങ്ങാന്‍.

അഫ്ഗാനിസ്ഥാനില്‍ അധികാരമുണ്ടായിരുന്ന കാലത്ത് ഒരു മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ താലിബാന് സാധിച്ചിട്ടില്ല. അതിന് ശേഷം, താലിബാന്‍ അധീനപ്പെടുത്തിയ ഇടങ്ങളിലും ഭരണ കാര്യങ്ങളില്‍ അവര്‍ പരാജയം ആയിരുന്നു.

1996 മുതല്‍ 2001 വരെ താലിബാന്‍ ഭരിക്കുമ്പോള്‍ ഉണ്ടായിരുന്ന ലോകവും അഫ്ഗാനിസ്ഥാനും അല്ല ഇന്നുള്ളത്. സാങ്കേതി വിദ്യയിലും ജീവിത സാഹചര്യങ്ങളിലും എല്ലാം വലിയ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു ഭരണ സംവിധാനം സൃഷ്ടിക്കാന്‍ താലിബാന് കഴിയുമോ എന്നത് വലിയ ചോദ്യമാണ്.

4

അധികാരം പിടിച്ചെടുത്തതിന് ശേഷം താലിബാന്‍ വക്താവ് പറഞ്ഞതും വാഗ്ദാനം ചെയ്തതും ആയ കാര്യങ്ങള്‍ ഒന്നും താഴേ തട്ടില്‍ നടപ്പിലായിരുന്നില്ല. നേതാക്കള്‍ പറയുന്നത് ഓരോ മേഖലയിലേയും താലിബാന്‍ കമാന്‍ഡര്‍മാര്‍ കേള്‍ക്കുമോ എന്നത് കൂടി ഇനി കണ്ടറിയണം.

പുതിയ സാഹചര്യത്തില്‍ താലിബാന്‍ നേതാക്കള്‍ തന്നെ ആയിരിക്കും ഗവര്‍ണര്‍മാരും മേയര്‍മാരും എല്ലാം. അധികാരത്തിനൊപ്പം പണവും കൂടി വരുമ്പോള്‍, ഇവര്‍ പഴയ സര്‍ക്കാരിലെ ഭരണാധികാരികളെ പോലെ തന്നെ ആവില്ലെന്ന് എന്തുറപ്പാണ് ഉള്ളത് എന്ന ചോദ്യവും ഉയരുന്നുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും ഇവര്‍കൂടി തുടരുമോ അതോ, എല്ലാം ശുദ്ധമാക്കുമോ എന്നതും കാത്തിരുന്നുകണ്ടേ മതിയാവൂ. എന്തായാലും അത്തരം ഒരു പ്രശ്‌നം മുന്നില്‍ കണ്ട് സംഘടനാപരമായ ഒരുപാട് പരിഷ്‌കാരങ്ങള്‍ താലിബാന്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ നടത്തിയിട്ടുണ്ട് എന്നൊക്കെ വാര്‍ത്തകള്‍ വരുന്നുണ്ട്.

5

ഭൂതകാലത്തില്‍ നിന്ന് താലിബാന് എന്നെങ്കിലും മോചനം നേടാന്‍ ആകുമോ എന്നതാണ് അവര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. രണ്ട് പതിറ്റാണ്ട് മുമ്പ്, അഞ്ച് വര്‍ഷം രാജ്യം ഭരിച്ചപ്പോള്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ അവരെ ഇപ്പോഴും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും അഫ്ഗാനിസ്ഥാന്‍ ജനതയ്ക്ക് മുന്നിലും വേട്ടയാടിക്കൊണ്ടിരിക്കും.

അന്ന് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളും ന്യൂനപക്ഷങ്ങള്‍ക്ക് നേര്‍ക്കുള്ള കൊടിയ ഭീകരതയും ഒക്കെ ആയിരുന്നു അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് താലിബാനെ അകറ്റി നിര്‍ത്തിയത്. ഇന്ന് ഇത്തരത്തിലുള്ള ചെറിയ പ്രശ്‌നങ്ങള്‍ പോലും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ വഴിവയ്ക്കുക ആ ഭൂതകാല ചെയ്തികള്‍ തന്നെ ആയിരിക്കും. വലിയ വാഗ്ദാനങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും, അതെല്ലാം എങ്ങനെ ആയിരിക്കും താലിബാന്‍ ഭരണകൂടം നടപ്പിലാക്കുക എന്ന് കൂടി ഉറ്റുനോക്കുകയാണ് ലോകം.

6

അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരുമായിട്ടായിരുന്നില്ല താലിബാന്‍ സമാധാന ചര്‍ച്ചകള്‍ നടത്തിയിരുന്നത്, അമേരിക്കയുമായിട്ടായിരുന്നു. അതിന്റെ ഫലമായിരുന്നു ഖത്തര്‍ ഉടമ്പടി. അല്‍ ഖ്വായ്ദയ്ക്കും ഐസിസിനും അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ ഇടം കൊടുക്കില്ല എന്നതായിരുന്നു അമേരിക്കന്‍ സൈനിക പിന്‍മാറ്റത്തിന് പകരമായി താലിബാന്‍ നല്‍കിയ വാഗ്ദാനം.

ഈ വാഗ്ദാനം ദീര്‍ഘകാലത്തേക്ക് പാലിക്കാന്‍ താലിബാന് സാധിക്കുമോ എന്നത് നിര്‍ണായക ചോദ്യമാണ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഒസാമ ബിന്‍ലാദനും അല്‍ ഖ്വായ്ദയ്ക്കും സുരക്ഷിത താവളം ഒരുക്കി നല്‍കിയത് ഇതേ താലിബാന്‍ ആയിരുന്നു. അങ്ങനെ ആണ് അമേരിക്ക് അഫ്ഗാനിസ്ഥാന്‍ സൈനിക അധിനിവേശം നടത്തുന്നതും താലിബാന്‍ ഭരണകൂടത്തെ താഴെയിറക്കുന്നതും. അല്‍ ഖ്വായ്ദയുമായും ഐസിസുമായും താലിബാന്‍ കൈകോര്‍ക്കുന്ന ഒരു സാഹചര്യം വന്നാല്‍ ഖത്തര്‍ ഉടമ്പടിയുടെ സാധുത തന്നെ ഇല്ലാതാകും. അത്തരമൊരു ഘട്ടം വന്നാല്‍ അമേരിക്ക വീണ്ടും സൈനിക നീക്കം നടത്തുമോ എന്നാണ് അറിയേണ്ട മറ്റൊരു കാര്യം.

7

ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രരാജ്യങ്ങളില്‍ ഒന്നാണ് അഫ്ഗാനിസ്ഥാന്‍. രാജ്യത്തിന്റെ മൊത്തവരുമാനത്തിന്റെ ഇരുപത് ശതമാനത്തോളം വിദേശ സഹായമായിരുന്നു ഇത്രയും നാള്‍. താലിബാന്‍ അധികാരത്തിലിരിക്കുമ്പോള്‍ അത്തരം വിദേശ സഹായങ്ങള്‍ അഫ്ഗാനിസ്ഥാന് ലഭിക്കുമോ എന്നതും പ്രസക്തമാണ്.

താലിബാന്‍ അധികാരം പിടിച്ചതിന് പിറകെ, അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്കിന്റെ 9.5 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ അമേരിക്ക മരവിപ്പിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനുള്ള ഫണ്ടുകള്‍ ഐഎംഎഫും റദ്ദാക്കിക്കഴിഞ്ഞു. പണമില്ലാതെ ഭരണം നടത്തുക എന്നത് ചുമരില്ലാതെ ചിത്രം വരയ്ക്കുന്നതിന് സമാനമായിരിക്കും.

എന്നാല്‍ ഇക്കാര്യത്തില്‍ താലിബാന്റേത് ബാലിശമായ വാദങ്ങളാണ്. വെറും റൊട്ടിയും വെള്ളവും കൊണ്ടാണ് തങ്ങളുടെ പോരാളികള്‍ യുദ്ധം ചെയ്തതും പിടിച്ചുനിന്നതും എന്നാണ് അവര്‍ പറയുന്നത്. ഒരുപക്ഷേ, താലിബാന്‍ പോരാളികള്‍ക്ക് റൊട്ടിയും വെള്ളവും മാത്രം മതിയായേക്കും. എന്നാല്‍ അഫ്ഗാന്‍ ജനതയുടെ അതിജീവനത്തിന് അത് മാത്രം മതിയാവില്ല. ആ പ്രശ്‌നം താലിബാന്‍ എങ്ങനെ പരിഹരിക്കും എന്നും അറിയണം. വിദേശ സഹായങ്ങളോട് മുഖം തിരിച്ച് നില്‍ക്കുകയാണ് അവര്‍ ഇപ്പോഴും. ഇനി താത്പര്യം പ്രകടിപ്പിച്ചാല്‍ പോലും ഇപ്പോഴത്തെ നിലയില്‍ താലിബാന്‍ ഭരണകൂടത്തിന് ലോകരാഷ്ട്രങ്ങള്‍ അത്തരം സഹായങ്ങള്‍ നല്‍കുകയും ഇല്ല.

Recommended Video

cmsvideo
    Malayali return home from Afghanistan reveals the situation
    8

    കറുപ്പ് കൃഷിയും വ്യാപാരവും ആയിരുന്നു താലിബാന്റെ പ്രധാന വരുമാനം. എന്നാല്‍ ഒരു രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ അതുകൊണ്ട് മാത്രം സാധ്യമാവില്ല. പിന്നെയുള്ളത് ഇപ്പോഴും പൂര്‍ണമായും ഉപയോഗപ്പെടുത്താത്ത അഫ്ഗാനിസ്ഥാനിലെ ധാതുനിക്ഷേപങ്ങളാണ്. ചെറിയ തോതിലുള്ള ഖനനങ്ങള്‍ പലയിടങ്ങളിലും നടക്കുന്നുണ്ടെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ അതിനെ ഉപയോഗപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

    റഷ്യയുടേയും ചൈനയുടേയും സഹായം ഇക്കാര്യത്തില്‍ താലിബാന്‍ പ്രതീക്ഷിക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധികള്‍ ഒരുപരിധിവരെ മറികടക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് അവര്‍ കരുതുന്നത്. തത്കാലത്തേക്ക് താലിബാനോട് അനുകൂല നിലപാടാണ് ചൈനയും റഷ്യയും പുലര്‍ത്തുന്നത്. എന്നാല്‍ നിക്ഷേപങ്ങളുടെ കാര്യത്തിലേക്ക് കടക്കുമ്പോള്‍ ഇരു രാജ്യങ്ങളും എന്ത് നിലപാട് എടുക്കും എന്നതും നിര്‍ണായകമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+