'പലപ്പോഴും അഭിമുഖങ്ങളിൽ ഉൾപ്പെടെ അക്കാര്യം പറഞ്ഞിട്ടുണ്ട്'; ആ സംശയത്തിന് അഭയയുടെ മറുപടി
മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. വൻ വൈറലാണ് ഈ ഗാനം. പ്രശാന്ത് പിള്ള ഈണം നൽകിയ പാട്ട് ശ്രീകുമാർ വാക്കിയും അഭയ ഹിരൺമയിയും ആണ് ആലപിച്ചത്.
പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ അഭയയെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. പാട്ട് വൻ ഹിറ്റായ സന്തോഷം അഭയയും പങ്കുവെയ്ക്കുന്നുണ്ട്. നിരവധി ഹിറ്റ് പാട്ടുകൾ കുറഞ്ഞ സമയം കൊണ്ട് തന്നെ അഭയ പാടിയിട്ടുണ്ട്. ഇപ്പോൾ ഹിറ്റിനെക്കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയാണ് അഭയ. മനോരമ ഓൺലൈനോടാണ് അഭയ മനസ്സുതുറന്നത്.

ഖൽബിൽ തേനൊഴുകണ കോയിക്കോട് എന്ന പാട്ടിലൂടെയാണ് ആളുകൾ തന്നെ തിരിച്ചരിഞ്ഞതെന്നും അതിന് ശേഷം പാടിയ പാട്ടുകൾ എല്ലാം ഹിറ്റാണെന്നും അഭയ പറയുന്നു. കണിമലരേ മുല്ലേ, മഴയെ മഴയെ, എല്ലാ ഹിറ്റ് പാട്ടുകളാണ്. പക്ഷേ അത് ഞാനാണ് പാടിയതെന്ന് അധികമാർക്കും അറിയില്ല. ഇക്കാര്യം പറയുമ്പോൾ അയ്യോ നിങ്ങളാണോ അത് പാടിയത് എന്നാണ് പലരും ചോദിക്കുന്നതെന്നും അവർ പറഞ്ഞു.
തന്റെ ശബ്ദം വളരെ വ്യത്യസ്തതയുള്ളതാണ് എന്ന കമന്റാണ് താൻ കൂടുതൽ കേൾക്കാറുള്ളതെന്നും പുന്നാര കാട്ടിലെ എന്ന പാട്ട് ഇറങ്ങിയപ്പോൾ അത് പാടിയത് താനാണെന്ന് എല്ലാവർക്കും മനസ്സിലായെന്നും വളരെ നല്ല പ്രതികരണങ്ങൾ തന്നെയാണ് കിട്ടുന്നതെന്നും അഭയ പറഞ്ഞു. താൻ ഷോ മാത്രമെ ചെയ്യൂ എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഒരു ഗായിക എന്ന നിലയിൽ തന്നെ ആര് വിളിച്ചാലും പോയി പാടാറുണ്ടെന്നും അവർ പറയുന്നു.
താൻ തന്റേതായ രീതിയിൽ പാട്ടുകൾ പാടിക്കൊണ്ടിരിക്കുകയാണെന്നും ഗോപി സുന്ദറിന് വേണ്ടി പാടിക്കഴിഞ്ഞ് താൻ പാടിയത് ഒമർ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു, അതിന് ശേഷമാണ് പ്രശാന്ത് പിള്ള തന്നെ പാടാൻ വിളിച്ചതെന്നും അഭയ പറയന്നു.
താൻ ഒരു മ്യൂസിക് കമ്പോസറിന്റെ കൂടെയായിരുന്നല്ലോ ജീവിച്ച് കൊണ്ടിരുന്നത്, ചിലപ്പോൾ ഞാൻ അദ്ദേഹത്തിന് വേണ്ടി മാത്രമേ പാടൂ എന്നൊരു ചിന്ത ആളുകൾക്ക് ഉണ്ടായിക്കാണും, അഭയ പറഞ്ഞു. തന്നെ ആര് വിളിച്ചാലും താൻ പാടുമെന്ന് പലപ്പോഴും അഭിമുഖങ്ങളിൽ ഉൾപ്പെടെ പറഞ്ഞിട്ടുണ്ടെന്നും അഭയ പറയുന്നു.












Click it and Unblock the Notifications