അഭയാര്‍ത്ഥി അതിജീവനത്തിന്റെ പ്രതീകം; വിശ്വസിക്കണം.. ഇതാണ് തസ്മിദയുടെ കഥ
മ്യാന്മറില്‍ നിന്ന് ആദ്യം ബംഗ്ലാദേശിലേക്കും പിന്നീട് ഇന്ത്യയിലേക്കുമാണ് തസ്മിദ എത്തപ്പെട്ടത്. 11 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയുമായി ഏറെ ഇഴുകി ചേര്‍ന്ന് കഴിഞ്ഞു ഈ 26 കാരി

പഠനത്തിനായി നമ്മളില്‍ എത്ര പേര്‍ കഷ്ടപ്പെട്ടിട്ടുണ്ടാകും. തസ്മിദ ജോഹര്‍ എന്ന 26 കാരിയുടെ കഥ പഠിക്കാനായി സമാനതകളില്ലാത്ത പോരാട്ടം നടത്തിയ ഒരു പെണ്‍കുട്ടിയുടേതാണ്. 2022 ല്‍ രാജ്യത്തെ ആദ്യത്തെ റോഹിങ്ക്യന്‍ ബിരുദധാരിയായി മാറിയ തസ്മിദ ജോഹറിന് തന്റെ രാജ്യം മാത്രമല്ല മാറ്റേണ്ടി വന്നത്, പേരും കൂടിയാണ്.
മ്യാന്‍മറിലെ പീഡനം സഹിക്ക വയ്യാതെ തസ്മിദ ജോഹര്‍ ആദ്യമെത്തിയത് ലോകത്തിലെ തന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാംപെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബംഗ്ലാദേശിലെ കോക്‌സ് ബസാറിലാണ്. അവിടെ നിന്നാണ് എങ്ങനെയും വിദ്യാഭ്യാസം നേടണം എന്ന ചിന്ത തസ്മിദയില്‍ ഉടലെടുത്തത്.
മാതാപിതാക്കളുടെ ഏഴ് മക്കളില്‍ ഏക പെണ്‍കുട്ടിയയാണ് തസ്മിദയുടെ ജനനം. തസ്മിന്‍ ഫാത്തിമ എന്നായിരുന്നു ആദ്യ പേര്. എന്നാല്‍ മ്യാന്മറില്‍ പഠിക്കാന്‍ ബുദ്ധിസ്റ്റ് പേര് ആവശ്യമായി വന്നതോടെ പേര് മാറ്റി. തസ്മിദക്ക് ഏഴ് വയസ്സുള്ളപ്പോള്‍ കുടുംബം മ്യാന്മര്‍ വിട്ടു. പിന്നീട് ആറാം ക്ലാസ് വരെ തസ്മിദ ബംഗ്ലാദേശിലാണ് പഠിച്ചത്.

2012 ല്‍ തസ്മിദയും കുടുംബവും ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇതിന് ശേഷമാണ് പഠനം എന്ന തന്റെ ആഗ്രഹത്തിന് ചിറകുകള് വെച്ചത് എന്ന് തസ്മിദ ജോഹര്‍ പറയുന്നു. തസ്മിദയുടെ മൂത്ത സഹോദരന്‍ ബിരുദാനന്തര ബിരുദം നേടിയ ഇന്ത്യയിലെ ഏക റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയാണ്.
നിലവില്‍ അദ്ദേഹം ന്യൂദല്‍ഹിയില്‍ യു എന്‍ എച്ച് സി ആറില്‍ ആരോഗ്യ പ്രവര്‍ത്തകനായും ട്രാന്‍സ്ലേറ്ററായും പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തോട് പെട്ടെന്ന് ഇഴുകി ചേര്‍ന്ന തസ്മിദ ഇപ്പോള്‍ ഹിന്ദിയും ബംഗാളിയും ഉര്‍ദുവും ഇംഗ്ലീഷുമെല്ലാം നന്നായി സംസാരിക്കും.
അഭിഭാഷകയാവുക എന്നതാണ് തസ്മിദയുടെ സ്വപ്നം. ജാമിഅ മില്ലിയയില്‍ തസ്മിദ ബിരുദത്തിന് അപേക്ഷിച്ചെങ്കിലും റോഹിങ്ക്യ ആയതിനാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണം എന്നായിരുന്നു മറുപടി. ഇതിനായി പലതവണ ശ്രമിച്ചിട്ടും ലഭിച്ചില്ല. ഇതോടെ ഓപണ്‍ സ്‌കൂള്‍ വിദ്യാഭ്യാസം തെരഞ്ഞെടുത്തു.
2022 ല്‍ യു എന്‍ എച്ച് സി ആറിന്റെയും ഒരു പഠന ആപിന്റെയും സംയുക്ത പദ്ധതിയില്‍ വിദേശ പഠനത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ഉന്നത പഠനത്തിനായി കാനഡയിലെ ടൊറന്റോയിലുള്ള വില്‍ഫ്രിഡ് ലോറിയര്‍ സര്‍വകലാശാലയില്‍ പോകാന്‍ അനുമതി പത്രത്തിന് കാത്തിരിക്കുകയാണ് തസ്മിദയിപ്പോള്‍. നിരവധി റോഹിങ്ക്യന്‍ പെണ്‍കുട്ടികള്‍ക്ക് തസ്മിദ ജോഹര്‍ പരിശീലനം നല്‍കുന്നുണ്ട്.












Click it and Unblock the Notifications