സ്ത്രീകള്‍ക്ക് ഡ്രൈവിങ് നിരോധിച്ചിരുന്ന സൗദിയുടെ മാറ്റം അവിശ്വസനീയം; ചരിത്രം സൃഷ്ടിച്ച് ഇന്ദിര
കൈനിറയെ ശമ്പളം എന്നത് മാത്രമല്ല പ്രത്യേകത, ഈ ജോലി ചെയ്യാന്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലെത്തുക എന്നതും ചെറിയ കാര്യമല്ല

റിയാദ്: അടുത്ത കാലം വരെ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിയിരുന്നില്ല സൗദി അറേബ്യ. അതിന്റെ ഗുണം പരോക്ഷമായി പ്രവാസികള്‍ക്ക് ലഭിച്ചിരുന്നു. ഒട്ടേറെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സൗദിയില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതോടെ ഹൗസ് ഡ്രൈവര്‍മാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു.
വിദഗ്ധരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരം കൂടുകയും ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള വനിതകള്‍ സൗദിയിലെ പുതിയ അവസരങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുകയാണ്. അതിലൊരാളാണ് ഇന്ദിര ഈഗലപാട്ടി. ആന്ധ്രയില്‍ നിന്നുള്ള അവരുടെ കഥ സംഭവ ബഹുലമാണ്. അറിയാം വിശദാംശങ്ങള്‍...

പരിഷ്‌കാരങ്ങളുടെ ലോകം
സൗദിയുടെ സ്വപ്‌ന പദ്ധതിയാണ് വിഷന്‍ 2030. ഏഴ് വര്‍ഷം കൂടി കഴിയുമ്പോള്‍ സൗദിയെ പൂര്‍ണമായും മാറ്റിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സമൂലമായ പരിഷ്‌കാരങ്ങളാണ് ഇതിന്റെ ഭാഗമായി സൗദിയില്‍ നടപ്പാക്കുന്നത്. അദ്ദേഹം മുന്‍കൈയ്യെടുത്താണ് വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചത്.

കൈ നിറയെ ശമ്പളം
സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അവസരം ലഭിച്ചതോടെയാണ് ഇന്ദിര ഈഗലപാട്ടി റിയാദിലെത്തിയത്. റിയാദ് മെട്രോ ട്രൈനിലെ ലോക്കോ പൈലറ്റാണ് ഇന്ദിര. ആന്ധ്രയിലെ ഗുണ്ടുര്‍ സ്വദേശിയാണവര്‍. ഹൈദരാബാദിലാണ് കുടുംബം താമസിക്കുന്നത്. സൗദിയില്‍ ജോലിക്ക് പോകാന്‍ ഒരുങ്ങുമ്പോള്‍ കുടുംബം നിരുല്‍സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് കൈനിറയെ ആണ് ഇവരുടെ ശമ്പളം.

ദോഹയിലും ജോലി ചെയ്തു
ഹൈദരാബാദ് മെട്രോ റെയിലില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു ഇന്ദിര. ഈ പരിചയമാണ് വിദേശത്ത് ലോക്കോ പൈലറ്റായി സേവനം ചെയ്യാന്‍ അവര്‍ക്ക് ധൈര്യം നല്‍കിയത്. റിയാദ് മെട്രോ ട്രെയിന്‍ ചീറി പായുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഇന്ന് ഇന്ദിരയുമുണ്ട്. ഇടക്കാലത്ത് അവര്‍ ഖത്തറിലും ട്രെയിന്‍ ഓടിച്ചിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടന്ന വേളയില്‍ സൗദിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ദിര ദോഹയിലെത്തിയിരുന്നത്.

ഐടി എഞ്ചിനിയര്‍
ഐടി എഞ്ചിനിയറാണ് ഇന്ദിര. സുഹൃത്തുക്കളെല്ലാം സോഫ്റ്റ് വെയര്‍ മേഖല തിരഞ്ഞെടുത്തപ്പോള്‍ വ്യത്യസ്ത വഴിയിലായിരുന്നു ഇന്ദിരയുടെ യാത്ര. സ്വദേശത്തും വിദേശത്തും ലോക്കോ പൈലറ്റായി സേവനം ചെയ്യാന്‍ അപൂര്‍വം ചിലര്‍ക്കേ അവസരം ലഭിക്കു. സ്ത്രീകള്‍ക്ക് പ്രത്യേകിച്ച്. ഇതൊരു ഭാഗ്യമായി ഇന്ദിര കരുതുന്നു. എല്ലാം പഠിക്കുന്നതിന് അവസരം ഒരുക്കിയ പിതാവിനെ കുറിച്ച് പറയാനും ഇന്ദിരക്ക് ഏറെയുണ്ട്.

ചെറുപ്പത്തിലേ താല്‍പ്പര്യം
ഇന്ദിരയുടെ അച്ഛന്‍ മെക്കാനിക്കായിരുന്നു. കുട്ടിക്കാലത്ത് എപ്പോഴും അച്ഛനെ സഹായിക്കുമായിരുന്നു ഇന്ദിര. അന്നുമുതലേ വാഹനങ്ങളോട് കമ്പമാണ്. ഇതുതന്നെയാണ് ഇന്ദിരയെ ഡ്രൈവറാക്കിയതും. എന്നാല്‍ സാധാരണ വാഹനങ്ങള്‍ ഓടിച്ച് സമയം കളയാന്‍ ഇന്ദിരയില്ല. ലോകത്തെ പ്രധാന നഗരമായ സൗദി തലസ്ഥാനത്തെ മെട്രോ ട്രെയിനിന്റെ ലോക്കോ പൈലറ്റിന്റെ സീറ്റിലാണ് ഇന്ദിരയിപ്പോള്‍.

ഇന്ദിരയുടെ ഭര്‍ത്താവ് ഖത്തറില്‍ പൈലറ്റ്
ഇന്ദിര വിവാഹിതയാണ്. ഭര്‍ത്താവ് ഖത്തറില്‍ ലോക്കോ പൈലറ്റായി ജോലി ചെയ്യുകയാണ്. റിയാദ് മെട്രോയില്‍ സൗദിയിലെ വനിതകളും ഇന്ദിരയ്‌ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്. സൗദിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ സന്തോഷം നല്‍കുന്നതാണ് എന്ന് ഇന്ദിര പറയുന്നു. സൗദിയിലെ മെട്രോ ട്രെയിനുകളില്‍ കൂടുതലും വനിതാ പൈലറ്റുകളാണുള്ളത്.












Click it and Unblock the Notifications