സ്വയപര്യാപ്തത അത്യാവശ്യം: ഉമ്മന്‍ചാണ്ടി

കാര്‍ഷിക മേഖലയില്‍ റബ്ബര്‍കൃഷിയൊഴികെയുള്ളവയില്‍ സംസ്ഥാനത്തിന് അഭിമാനിക്കാനായൊരു നേട്ടവുമില്ല. മറ്റൊരു കൃഷി മേഖലയിലും സംസ്ഥാനത്തിന് അവകാശവാദമുയര്‍ത്താനാകാത്ത അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സ്വന്തമെന്നഭിമാനിച്ചിരുന്ന നാളീകേരം, നെല്ല് എന്നിവയുടെ കാര്യത്തില്‍ പോലും വന്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണ് ഈ അവസ്ഥ. പച്ചക്കറി പോലെയുള്ള മേഖലയില്‍ മനസു വച്ചാല്‍ നിഷ്പ്രയാസം കേരളത്തിന് നേട്ടം കൊയ്യാനാകും. എന്നാല്‍ ഇക്കാര്യത്തില്‍ പോലും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചു കഴിയുകയാണ് കേരളീയര്‍.ഇക്കാര്യത്തില്‍ മാറ്റം ഉണ്ടായേ മതിയാകുകയുള്ളൂ.
പാല്‍, മുട്ട, ഇറച്ചി എന്നിവയുടെ കാര്യത്തിലും സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമം കേരളം ആരംഭിക്കേണ്ടിയിരിക്കുന്നു. കേരളത്തിനു പുറത്ത് മലയാളി ഒരു അത്ഭുതമാണ്. എന്നാല്‍ കേരളത്തിനകത്ത് ഒന്നുമല്ല. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിന് ഏവരും തയാറാകണം. കാര്‍ഷിക മേഖലയില്‍ അധ്വാനിക്കുന്നവരുടെ പ്രവര്‍ത്തനങ്ങളെയും ജനം അറിയണം. അതിനുള്ള അവസരം മാധ്യമങ്ങള്‍ സൃഷ്ടിക്കണണം.
സ്‌കൂള്‍തല ഫാര്‍മേഴ്‌സ് ക്‌ളബ്ബിന് ഏറെ പ്രാധാന്യം നല്‍കണം.കുട്ടികള്‍ക്ക് മണ്ണിനോടും പ്രകൃതിയോടും കൃഷിയോടും ആഭിമുഖ്യം വളര്‍ത്തണം. സംസ്ഥാനതലത്തില്‍ ഒന്നാമതെത്തുന്ന സ്‌കൂള്‍തല ഫാമേഴ്‌സ് ക്‌ളബ്ബിലെ മുഴുവന്‍ അംഗങ്ങളെയും സംസ്ഥാനത്തിന് പുറത്തുള്ള ഏതെങ്കിലും കാര്‍ഷിക മേഖല സന്ദര്‍ശിക്കുന്നതിനും പഠിക്കുന്നതിനും അവസരമൊരുക്കണം. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് കേരളത്തിനുള്ളിലെ ഏതെങ്കിലും കാര്‍ഷിക മേഖല സന്ദര്‍ശിക്കുന്നതിനും പഠിക്കുന്നതിനും അവസരം നല്‍കണം.
കൃഷി വകുപ്പിന് എല്ലാ പഞ്ചായത്തിലും അടിസ്ഥാന സൗകര്യങ്ങളുണ്ട്.കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പ്രയോജനപ്പെടുത്തി കാര്‍ഷിക രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ സംസ്ഥാനത്തിന് ഈ മേഖലയില്‍ ഏറെ നേട്ടമുണ്ടാക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കുമുള്ള ആനുകൂല്യങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ അത്തരക്കാരിലെത്തുന്നില്ലെന്നതാണ് പ്രശ്‌നമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കൃഷി മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു.
കാര്‍ഷിക മേഖല സംബന്ധിച്ചുള്ള രണ്ടു പുസ്തകങ്ങള്‍ മന്ത്രി കെ.പി മോഹനന്‍, കെ.മുരളീധരന്‍ എംഎല്‍എ എന്നിവര്‍ക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.കെ.മുരളീധരന്‍ എംഎല്‍എ, കൃഷി വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, പ്രിന്‍സിപ്പല്‍ ഫാം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ എം സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications