ദില്ലി: ഇന്ത്യ മൂന്നാം തരംഗത്തെ പേടിച്ച് ഇരിക്കുകയാണ്. കാരണം അത്രയ്ക്ക് ശക്തമായിരുന്നു രണ്ടാം തരംഗത്തില്‍ ഉണ്ടായ കേസുകള്‍ സെപ്റ്റംബറില്‍ മൂന്നാം തരംഗം രാജ്യത്തെത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ രണ്ടാം തരംഗത്തിന്റെ അത്ര ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാവില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മൂന്നാം തരംഗത്തെ രാജ്യം ഭയപ്പെടേണ്ടെന്നാണ് വിദഗ്ധര്‍ ഇപ്പോള്‍ പറയുന്നത്. ഇന്ത്യയില്‍ മൂന്നാം തരംഗം ആഞ്ഞടിക്കാനുള്ള സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. വളരെ നേര്‍ത്ത സാധ്യത മാത്രമാണ് ഇപ്പോഴുള്ളതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഡെല്‍റ്റ കേസുകള്‍ ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതുണ്ടെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയവും പറഞ്ഞിരുന്നു.
കൊവിഡ് മൂന്നാം തരംഗത്തെ പേടിക്കേണ്ടതില്ല, ഉണ്ടാവാന്‍ സാധ്യതയില്ല, വിദ്ഗധര്‍ പറയുന്നത് ഇങ്ങനെ
തരംഗമുണ്ടായാല്‍ തീര്‍ച്ചയായും കേസുകള്‍ വര്‍ധിക്കും. പക്ഷേ ഇന്ത്യയിലെ ആദ്യ രണ്ട് തരംഗവും വന്‍ തോതിലാണഅ കേസുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. പുതിയ വകഭേദം പ്രതീക്ഷിച്ചതിലും അപ്പുറത്തേക്കുള്ള വ്യാപനത്തിന് കാരണമായാല്‍ മാത്രമേ മൂന്നാം തരംഗത്തിന് സാധ്യതയുള്ളൂ. ഇന്ത്യയില്‍ വലിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത രോഗികള്‍ ധാരാളമുണ്ടെന്ന് കാണ്‍പൂര്‍ ഐഐടിയിലെ പ്രൊഫസര്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. രോഗവ്യാപനം ഇന്ത്യയില്‍ ബഹുഭൂരിപക്ഷം പേരിലേക്കും എത്തിയിട്ടുണ്ട്. അതുകൊണ്ട് വ്യാപകമായ കേസുകള്‍ ഇനിയും ഉണ്ടാവില്ല. മൂന്നാം തരംഗത്തിന് അതുകൊണ്ട് സാധ്യത കുറവാണെന്നും അഗര്‍വാള്‍ പറഞ്ഞു.
ഇന്ത്യക്ക് ഇത് ആശ്വാസ വാക്ക് കൂടിയാണ്. മുമ്പ് രണ്ട് തവണയും തരംഗങ്ങള്‍ വന്നപ്പോള്‍ അത് എങ്ങനെയാണ് ഇന്ത്യയെ ബാധിച്ചിരുന്നതെന്നും അതിന്റെ വ്യാപനം എങ്ങനെയായിരുന്നു എന്നതുമാണ് പരിശോധിക്കുന്നത്. അതേസമയം കൂടുതല്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗികള്‍ വൈകാതെ തന്നെ കൊവിഡ് പട്ടികയിലേക്ക് വരും. അതിലൂടെ എത്രത്തോളം വൈറസിന്റെ വ്യാപനം ഇന്ത്യയില്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കാം. കൂടുതല്‍ പേര്‍ക്ക് രോഗം വന്ന് പോയിരിക്കാനാണ് സാധ്യത. മൂന്നാം തരംഗത്തിനുള്ള സാധ്യത കുറയ്ക്കുന്നത് ഈ കാരണം. അതേസമയം കേരളത്തിലെ കേസുകള്‍ ഇനിയും കൂടുമെന്നാണ് മനീന്ദ്ര അഗര്‍വാള്‍ പറയുന്നത്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് കേസുകള്‍ കേരളത്തില്‍ വളരെ കുറവാണ്. അതുകൊണ്ട് തന്നെ രണ്ടാം തരംഗത്തിന്റെ തീവ്രത നേരത്തെ അത്രത്തോളമില്ലായിരുന്നു. എന്നാല്‍ എല്ലായിടത്തും കുറഞ്ഞപ്പോഴാണ് കേരളത്തിലേക്ക് ശരിക്കും പറഞ്ഞാല്‍ രണ്ടാം തരംഗം വരുന്നത്. വൈറസ് ബാധിക്കാത്ത നിരവധി പേര്‍ ഉള്ളത് കൊണ്ടാണ് രോഗവ്യാപനം വര്‍ധിക്കുന്നത്. കേരളത്തില്‍ പല നിയന്ത്രണങ്ങളിലും ഇളവ് കൊണ്ടുവന്നതും മറ്റൊരു കാരണമായി. ഈദിനും ഓണത്തിനുമെല്ലാം നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നിരുന്നു. വലിയ തോതില്‍ ജനങ്ങള്‍ വിപണിയിലേക്ക് ഇറങ്ങുന്നതിനും ഇത് കാരണമായി അതാണ് രണ്ടാം തരംഗം കേരളത്തില്‍ ശക്തമായി ഇപ്പോഴെത്താന്‍ കാരണം .
ഇന്ത്യയിലെ ടെസ്റ്റ് പോസിറ്റിവിറ്റി അഥവാ ടിപിആര്‍ പരിശോധന എത്ര പേര്‍ക്ക് രോഗം വന്നു എന്നത് കണ്ടെത്താനുള്ള സാധ്യതയാണ്. എത്രത്തോളം വ്യാപനമുണ്ടായെന്നാണ് ഇത് പരിശോധനിച്ചാല്‍ അറിയാന്‍ സാധിക്കാം. ഏപ്രില്‍-മെയ് മാസങ്ങളില്‍ 20 ശതമാനത്തിന് മുകളിലാണ് ടിപിആര്‍ കുതിച്ചത്. എന്നാല്‍ പിന്നീട് ഇത് കുറഞ്ഞു. 2.5 ശതമാനത്തിലേക്ക് എത്തുകയും ചെയ്തു. അഞ്ച് ശതമാനത്തില്‍ താഴെ ടിപിആര്‍ തുടരുകയാണെങ്കില്‍ വ്യാപനത്തിന്റെ തോത് വളരെ മെല്ലെയാണെന്ന് ഉറപ്പിക്കാം. ഇത് ലോകാരോഗ്യ സംഘടനയുടെ മാര്‍നിര്‍ദേശങ്ങള്‍ പ്രകാരമുള്ളതാണ്. രണ്ടാഴ്ച്ചയായി രണ്ടര ശതമാനം തന്നെയാണ് ഇന്ത്യയിലെ ടിപിആര്‍. രണ്ടാം തരംഗത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് ഇന്ത്യയിലെ മരണനിരക്ക് എത്തിയിരിക്കുകയാണ്.
ഒരു ശതമാനത്തില്‍ താഴെയാണ് ഇന്ത്യയിലെ ഇപ്പോഴത്തെ മരണനിരക്ക്. ഒരാഴ്ച്ചത്തെ കേസുകളുടെയും മരണത്തിന്റെയും നിരക്കുകള്‍ പരിശോധിക്കുമ്പോള്‍ തീര്‍ത്തും കുറവാണ് ഇന്ത്യയിലെ ഇപ്പോഴത്തെ കൊവിഡ് കണക്കുകള്‍. അതേസമയം ഇന്ത്യയിലെ വാക്‌സിനേഷന്‍ അതിവേഗത്തില്‍ മുന്നോട്ട് പോകുന്നത് ഗുണകരമാണ്. ജനിതകമാറ്റമുള്ള വൈറസ് വന്നാലും വാക്‌സിനേഷന്‍ കുറെയൊക്കെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. വാക്‌സിനേഷന്‍ ചെയ്തവരില്‍ പ്രതിരോധ ശേഷി ഉണ്ടെന്ന് തന്നെയാണ് കണ്ടെത്തല്‍. ഇതുവരെ 70 കോടി ഡോസുകളാണ് ഇന്ത്യ നല്‍കി കഴിഞ്ഞത്. ജനസംഖ്യയുടെ 56 ശതമാനത്തിനും ഒരു ഡോസെങ്കിലും നല്‍കി കഴിഞ്ഞുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയത്.